പാലാ: പാലാ പോളിടെക്നിക്ക് കോളേജിൽ എസ്എഫ്ഐ- കെഎസ്‍യു സംഘർഷം നിയന്ത്രിക്കാനെത്തിയ പൊലീസുദ്യോഗസ്ഥർക്ക് നേരെ എസ്എഫ്ഐ പ്രവർത്തകരുടെ ഭീഷണി. സംഘർഷമുണ്ടായതിനിടെ പുറത്തു നിന്നെത്തിയ എസ്എഫ്ഐ പ്രവർത്തകരാണ് പാലാ സ്റ്റേഷനിലെ എഎസ്ഐയെയും കൂടെയുണ്ടായിരുന്ന മൂന്ന് പൊലീസുകാരെയും ഭീഷണിപ്പെടുത്തിയത്. മുമ്പ് കെഎസ്‍‍യു ഉണ്ടാക്കിയ സംഘർഷത്തിൽ ഇടപെടാത്ത പൊലീസ് ഇപ്പോൾ എസ്എഫ്ഐക്കാരെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്നാരോപിച്ചായിരുന്നു തട്ടിക്കയറൽ.

എസ്എഫ്ഐ പ്രവർത്തകർ കെഎസ്‍യു പ്രവർത്തകർക്ക് നേരെ തട്ടിക്കയറുന്നത് തടയുന്ന പൊലീസുദ്യോഗസ്ഥനോട് എസ്എഫ്ഐക്കാർ പറയുന്നതിങ്ങനെ:

''(എസ്എഫ്ഐ പ്രവർത്തകർ കെഎസ്‍യു പ്രവർത്തകരോട്) പോടാ പോടാ, ഇനി എസ്എഫ്ഐക്കാരുടെ ദേഹത്തെങ്ങാൻ നീ കേറിയാ...
(ഇതിനിടെ ഇടപെടാൻ നോക്കിയ പൊലീസുദ്യോഗസ്ഥനോട്)
''എന്നെപ്പിടിച്ചെങ്ങാൻ തള്ളിയാ... താൻ പോടോ... സാറേ, താൻ പോടോ അവിടന്ന്... താൻ പോയി തന്‍റെ പണി നോക്ക്..
താൻ എത്ര കാലം കാക്കിയിട്ട് ഇവിടെ ഇരിക്കുവെന്ന് നോക്കട്ട്...
താൻ പോടോ.. ഇവിടെ നേരത്തേ അടി നടന്നപ്പോ തന്നെയൊന്നും കണ്ടില്ലല്ലോ...
ഇപ്പോഴല്ലേ താൻ വന്നത്...''
(കോളറിൽ പിടിച്ച് തള്ളുന്നു)

പുറത്തു നിന്നെത്തിയ എസ്എഫ്ഐ പ്രവർത്തകരാണ് പാലാ സ്റ്റേഷനിലെ എഎസ്ഐയുടെ കോളറിൽ പിടിച്ച് തള്ളിയതെന്നാണ് വിവരം. എന്നാൽ പൊലീസ് അപ്പോൾ നടപടിയൊന്നുമെടുക്കാതെ ക്യാമ്പസിൽ നിന്ന് പോയി. ഇതിൽ കേസെടുത്തതുമില്ല. പ്രശ്നം ഇന്നലെ രാത്രി തന്നെ ഇത് പ്രാദേശിക നേതൃത്വം ഇടപെട്ട് ഒതുക്കിത്തീർക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് ആരോപണം.

എന്നാൽ ഈ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ മൂന്ന് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. പ്രശ്നത്തിൽ എസ്എഫ്ഐയുടെയോ സിപിഎമ്മിന്‍റെയോ ജില്ലാ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. 

കഴിഞ്ഞ കുറച്ചു ദിവസമായി ഇവിടെ എസ്എഫ്ഐ - കെഎസ്‍യു സംഘർഷം നടന്നുവരുന്നുണ്ട്. ഇതിന്‍റെ ഭാഗമായി ക്യാമ്പസിലെത്തിയ പൊലീസുകാരനെതിരെ ഉണ്ടായ അതിക്രമത്തിൽ പൊലീസിൽത്തന്നെ അമർഷവുമുണ്ട്.