കോട്ടയം: പാലാ പോളിടെക്നിക് കോളേജില്‍ സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പൊലീസുദ്യോഗസ്ഥര്‍ക്ക് നേരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഭീഷണിയുയര്‍ത്തിയ സംഭവത്തെ ന്യായീകരിച്ച് സിപിഎം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍.  പൊലീസിനെ എസ്എഫ്ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് വാസവന്‍ പറഞ്ഞു.  സംഭവത്തിൽ പൊലീസിന് ഇരട്ടത്താപ്പാണ്. എബിവിപിയെ സഹായിക്കുന്ന നിലപാടാണ് പൊലീസിന്‍റേത്. പ്രതികളെ സിപിഎം സംരക്ഷിക്കുന്നില്ലെന്നും വാസവന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കോളേജില്‍ എസ്എഫ്ഐ-കെഎസ്‍യു സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പൊലീസുകാര്‍ക്ക് നേരെ എസ്എഫ്ഐക്കാര്‍ തട്ടിക്കയറുന്നതിന്‍റെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. മുമ്പ് കെഎസ്‍യു ഉണ്ടാക്കിയ സംഘര്‍ഷത്തില്‍ ഇടപെടാത്ത പൊലീസ് എസ്എഫ്ഐക്കാരെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ചായിരുന്നു ഇവര്‍ തട്ടിക്കയറിയത്. 

Read Also: 'താൻ പോടോ, പോയി പണി നോക്ക്', പൊലീസിനെ വിരട്ടി കുട്ടി'സഖാക്കൾ'

പാലാ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ അടക്കമുള്ള ഉദ്യോഗസ്ഥരോടാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ തട്ടിക്കയറിയത്. പ്രശ്നക്കാരായ വിദ്യാര്‍ത്ഥികളെ പിടികൂടാനുള്ള എഎസ്ഐ ഉള്‍പ്പടെയുള്ളവരുടെ ശ്രമം എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടയുകയും പൊലീസുകാരെ പിടിച്ചു തള്ളുകയുമായിരുന്നു. പൊലീസുകാരെ എടാ പോടാ എന്നൊക്കെ വിളിച്ച പ്രവര്‍ത്തകര്‍ സ്വന്തം പണിനോക്കി പൊയ്ക്കൊള്ളാനും പോയി വീടു പിടിക്കാനുമൊക്കെ ഭീഷണിപ്പെടുത്തുന്നതും പുറത്തുവന്ന വീഡിയോയിലെ ദൃശ്യങ്ങളിലുണ്ടായിരുന്നു. 

എസ്എഫ്ഐ പ്രവർത്തകർ കെഎസ്‍യു പ്രവർത്തകർക്ക് നേരെ തട്ടിക്കയറുന്നത് തടയുന്ന പൊലീസുദ്യോഗസ്ഥനോട് എസ്എഫ്ഐക്കാർ പറയുന്നതിങ്ങനെ:

''(എസ്എഫ്ഐ പ്രവർത്തകർ കെഎസ്‍യു പ്രവർത്തകരോട്) പോടാ പോടാ, ഇനി എസ്എഫ്ഐക്കാരുടെ ദേഹത്തെങ്ങാൻ നീ കേറിയാ...
(ഇതിനിടെ ഇടപെടാൻ നോക്കിയ പൊലീസുദ്യോഗസ്ഥനോട്)
''എന്നെപ്പിടിച്ചെങ്ങാൻ തള്ളിയാ... താൻ പോടോ... സാറേ, താൻ പോടോ അവിടന്ന്... താൻ പോയി തന്‍റെ പണി നോക്ക്..
താൻ എത്ര കാലം കാക്കിയിട്ട് ഇവിടെ ഇരിക്കുവെന്ന് നോക്കട്ട്...
താൻ പോടോ.. ഇവിടെ നേരത്തേ അടി നടന്നപ്പോ തന്നെയൊന്നും കണ്ടില്ലല്ലോ...
ഇപ്പോഴല്ലേ താൻ വന്നത്...''
(കോളറിൽ പിടിച്ച് തള്ളുന്നു)

Read Also: പൊലീസിനെ ഭീഷണിപ്പെടുത്തി എസ്‍എഫ്ഐ പ്രവര്‍ത്തകര്‍: ദൃശ്യങ്ങള്‍ പുറത്ത്