
കൊച്ചി: സോമിൽ ഓണേഴ്സ് ആൻഡ് പ്ലൈവുഡ് മാനുഫാക്ചേഴ്സ് അസോസിയേഷൻ്റെ (സോ) നേതൃത്വത്തിൽ പെരുമ്പാവൂരിൽ പുതിയ തടി മാർക്കറ്റും അനുബന്ധ സംരംഭങ്ങളും ആരംഭിക്കുന്നു. ജില്ലയിലെ 650ഓളം വ്യവസായികളെ ഏകോപിപ്പിച്ചാണ് പുതിയ സംരംഭം. ‘പെരുമ്പാവൂർ ടിംബർ സോൺ ലിമിറ്റഡ്’ എന്ന പേരിലുള്ള ഈ പദ്ധതി ഏഷ്യയിലെ ആദ്യത്തേതാണെന്ന് ചെയർമാനും സോ പ്രസിഡന്റുമായ എം എം മുജീബ് റഹ്മാൻ അറിയിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടം വട്ടയാട്ടുപടിയിൽ എംസി റോഡിനോട് ചേർന്ന സ്ഥലത്താണ് നടപ്പാക്കുന്നത്. ഇന്ന് വൈകുന്നേരം നാല് മണിക്ക് പദ്ധതി ഉദ്ഘാടനം ചെയ്യും. ഏകദേശം 1.80 ഏക്കർ വിസ്തൃതിയുള്ള പ്രദേശം ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. പെരുമ്പാവൂർ നഗരസഭയും രായമംഗലം പഞ്ചായത്തും തമ്മിലുള്ള അതിർത്തിയിലാണ് പദ്ധതി സ്ഥിതി ചെയ്യുന്നത്.
ബൈപ്പാസുമായി സുഗമമായ ബന്ധം ഉറപ്പാക്കുന്ന രീതിയിലാണ് മാർക്കറ്റ് സജ്ജമാക്കിയിരിക്കുന്നത്. തടിവ്യാപാരത്തിനൊപ്പം ആവശ്യമായ അസംസ്കൃത വസ്തുക്കൾ ഒരിടത്ത് ലഭ്യമാക്കുന്ന സമഗ്ര കേന്ദ്രമാക്കുകയാണ് ലക്ഷ്യം. ആദ്യ ഘട്ടത്തിൽ ബി ടു ബി രീതിയിലുള്ള വ്യാപാര സംവിധാനമാണ് ആരംഭിക്കുന്നത്. കേരളത്തിനകത്തും സമീപ സംസ്ഥാനങ്ങളിലും നിന്നുള്ള വ്യാപാരികൾക്ക് ഇത് പ്രയോജനപ്പെടും. പെരുമ്പാവൂർ മേഖലയിലെ പ്ലൈവുഡ് അനുബന്ധ വ്യവസായങ്ങൾക്ക് പ്രതിദിനം ഏകദേശം 1500 ലോഡ് തടിയാണ് ആവശ്യമായുളളത്. എന്നാൽ നിലവിൽ 400 ലോഡുകൾ മാത്രമാണ് ഇവിടെ ലഭിക്കുന്നത്. ശേഷിക്കുന്നതിനെ സമീപ പ്രദേശങ്ങളിലെ മാർക്കറ്റുകളിൽ നിന്നാണ് എത്തിക്കുന്നത്. പുതിയ മാർക്കറ്റ് ആരംഭിക്കുന്നതോടെ തടിവ്യാപാരം കൂടുതൽ ശക്തമാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്ലൈവുഡ് നിർമാണത്തിൽ റബ്ബർ മരമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇതിന് പകരമായി ഉപയോഗിക്കാവുന്ന മലവേപ്പ് മരങ്ങളും ഇപ്പോൾ പ്രചാരത്തിലേക്ക് വന്നിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam