
കൊച്ചി: ഹൈക്കോടതി അഭിഭാഷകൻ പി ജി മനു ആത്മഹത്യ ചെയ്ത കേസില്‍ ഒരാള്‍ പിടിയില്‍. എറണാകുളം മൂവൂറ്റുപുഴ സ്വദേശി ജോണ്‍സണ്‍ ജോയിയെയാണ് കൊല്ലം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതി ഉന്നയിച്ച ആരോപണത്തില്‍ പി ജി മനു മാപ്പ് പറയുന്ന ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് ഭര്‍ത്താവായ പ്രതിയാണ്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി ആരോപണം ഒത്തുതീര്‍പ്പാക്കാന്‍ പ്രതി ശ്രമിച്ചെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.
ഒരു കേസുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ക്ക് കൊല്ലത്ത് വാടക വീട് എടുത്ത് താമസിക്കവെയാണ് മുന്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍ കൂടിയായ പി ജി മനു ആത്മഹത്യ ചെയ്യുന്നത്. നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയാണ് മനു. ഈ കേസില്‍ ജാമ്യത്തില്‍ കഴിയവെയാണ് മറ്റൊരു യുവതി പി ജി മനുവിനെതിരെ ആരോപണവുമായി എത്തിയത്. ഈ സംഭവത്തില്‍ യുവതിയുടെ വീട്ടില്‍ എത്തി മനുവും ഭാര്യയും സഹോദരിയും മാപ്പ് ചോദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ അടക്കം വ്യാപകമായി പ്രചരിച്ചു. വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ച യുവതിയുടെ ഭര്‍ത്താവ് ജോണ്‍സണെയാണ് ഒളിവില്‍ കഴിയവെ പിറവത്ത് നിന്ന് കൊല്ലം വെസ്റ്റ് പൊലീസ് പിടികൂടിയത്. ഇയാളെ കൊല്ലത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.
2024 നവംബറില്‍ ആരോപണം ഒത്തുതീര്‍ക്കാമെന്ന് പറഞ്ഞാണ് ജോണ്‍സണ്‍ മനുവിനെയും കുടുംബത്തെയും വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. മനു മാപ്പ് പറയുന്ന വീഡിയോ അവര്‍ അറിയാതെ പകര്‍ത്തി. ഭാര്യക്കും സഹോദരിക്കും മുന്നില്‍വെച്ച് ജോണ്‍സണ്‍ മനുവിനെ ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും അപമാനിച്ചെന്നും പൊലീസ് പറയുന്നു. റെക്കോര്‍ഡ് ചെയ്ത വീഡിയോ ഉപയോഗിച്ച് പ്രതി നിരന്തരം ഭീഷണി തുടര്‍ന്നു. മനുവിനെ ജാതിപറഞ്ഞും അധിക്ഷേപിച്ചു. 2025 മാര്‍ച്ച് വരെ ഇത് തുടര്‍ന്നു. നഷ്ടപരിഹാരം തന്ന് സംഭവം ഒത്തുതീര്‍പ്പാക്കണമെന്ന ജോണ്‍സണിന്‍റെ ആവശ്യം മനു അംഗീകരിക്കാതെ വന്നതടെയാണ് വീഡിയോ പ്രചരിപ്പിച്ചതെന്നും പൊലീസ് കണ്ടെത്തി.
പലയിടങ്ങളില്‍ നിന്ന് നേരിട്ട അപമാനമാണ് പിജി മനുവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് പൊലീസിന്‍റെ നിഗമനം. ആത്മഹത്യ പ്രേരണയ്ക്ക് പുറമെ ഭീഷണിപ്പെടുത്തി പണം അപഹരിക്കല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, പട്ടിക പട്ടിക വര്‍ഗ അതിക്രമ നിരോധന നിയമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.