'38 ലക്ഷം രൂപയുടെ സ്വർണം പണയം വെച്ചിട്ടുണ്ട്, അത് ടേക്ക് ഓവർ ചെയ്യണം'; ഷിബിൻ ലാല്‍ ഇസാഫിനെ അറിയിച്ചതിങ്ങനെ, കവര്‍ച്ചയ്ക്ക് പിന്നിൽ വൻ ആസൂത്രണം

Published : Jun 11, 2025, 04:56 PM ISTUpdated : Jun 11, 2025, 05:28 PM IST
robbery

Synopsis

കോഴിക്കോട് പന്തീരാങ്കാവിൽ‌ ഇസാഫ് ബാങ്കിലെ ജീവനക്കാരനിൽ നിന്ന് 40 ലക്ഷം രൂപ കവർന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിൽ‌ ഇസാഫ് ബാങ്കിലെ ജീവനക്കാരനിൽ നിന്ന് 40 ലക്ഷം രൂപ കവർന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവത്തിന് പിന്നിൽ വൻ ആസൂത്രണമാണ് നടന്നിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. അക്ഷയ ഫൈനാൻസിയേഴ്സ് എന്ന സ്വർണ പണയ സ്ഥാപനത്തിൽ സ്വർണം പണയം വെച്ചുവെന്ന് രാമനാട്ടുകര സ്വദേശിയായ ഷിബിൻ ലാൽ എന്നയാൾ ഇസാഫ് ബാങ്കിലെത്തി അറിയിക്കുന്നു. 38 ലക്ഷം രൂപയോളം വില വരുന്ന സ്വർണമാണ് ഇവിടെ പണയം വെച്ചിരിക്കുന്നതെന്നും ഇസാഫിൽ പണയം വെക്കാനാണ് തനിക്ക് താത്പര്യമെന്നും ഇയാൾ പറഞ്ഞു. ആ പണം ഇവിടെ അടച്ച് സ്വർണം ഇസാഫിലേക്ക് ടേക്ക് ഓവർ ചെയ്യണമെന്നാണ് ഷിബിൻ ലാൽ ആവശ്യപ്പെട്ടത്. രണ്ട് ദിവസം മുമ്പാണ് ഈ ആവശ്യവുമായി ഷിബിൻ ലാൽ എത്തുന്നത്.

ഇതിന്റെ അടിസ്ഥാനത്തിൽ ഇസാഫ് ബാങ്കിലെ ജീവനക്കാർ ഇയാൾക്കൊരു അക്കൗണ്ട് എടുത്തു നൽകുന്നു. സ്വർണം ടേക്ക് ഓവർ ചെയ്യുന്നതിനായി ഇസാഫിലൊരു ജീവനക്കാരൻ പണവുമായി ഷിബിൻ ലാലിനൊപ്പമെത്തുന്നു.ഷിബിൻ ലാലിനൊപ്പം ഇസാഫിലെ അരവിന്ദ് എന്ന ജീവനക്കാരനും മറ്റ് രണ്ട് പേരും 40 ലക്ഷം രൂപയുമായി അക്ഷയ ഫൈനാൻസിയേഴ്സിലെത്തുന്നു. പണവുമായി അരവിന്ദും ഷിബിൻലാലും സ്ഥാപനത്തിന് തൊട്ടുമുന്നിലെത്തിയപ്പോഴാണ് അരവിന്ദിന്റെ കൈവശമുണ്ടായിരുന്ന പണമടങ്ങിയ ബാങ്ക് തട്ടിപ്പറി‍ച്ച്, ഷിബിൻ ലാൽ തൊട്ടടുത്തുണ്ടായിരുന്ന സ്കൂട്ടറിൽ കയറി രക്ഷപ്പെടുന്നത്.

വൻ ആസൂത്രണമാണ് തട്ടിപ്പിന് പിന്നിലെന്ന് പന്തീരാങ്കാവ് പൊലീസ് വെളിപ്പെടുത്തുന്നു. ഇസാഫ് ജീവനക്കാരനായ അരവിന്ദിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇതേ ആവശ്യം പറഞ്ഞ് ഷിബിൻ ലാൽ മറ്റ് സ്വകാര്യ ബാങ്കുകളെയും സമീപിച്ചിരുന്നു. എന്നാൽ അവർ അന്വേഷണം നടത്തിയപ്പോൾ 40 ലക്ഷം രൂപയുടെ സ്വർണം പണയംവെക്കാനുള്ള ആസ്തി ഇയാൾക്കില്ലെന്ന് അറിഞ്ഞ് അവർ പിൻമാറുകയായിരുന്നു. തുടർന്നാണ് ഇസാഫിലെത്തുന്നത്. ശേഷമാണ് ഇപ്പോൾ തട്ടിപ്പ് നടന്നിരിക്കുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഷിബിൻ ലാൽ സ്വർണം പണയം വെച്ചിട്ടേയില്ലെന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തിന് പിന്നിൽ കൂടുതൽ ആളുകളുണ്ടോ എന്ന കാര്യവും പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

അതേ സമയം ഷിബിൻ ലാൽ മുമ്പ് സ്വർണം പണയം വെച്ചിരുന്നുവെന്നും അത് തിരിച്ചടുത്തുവെന്നും അക്ഷയ ഫൈനാൻസിയേഴ്സ് മാനേജർ പി ചന്ദ്രശേഖരൻ പറഞ്ഞു. പിന്നീട് ബന്ധമൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷിബിൻ ലാൽ വ്യാജ പണയ കാർഡ് നിർമിച്ച് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. രണ്ടു പ്രമുഖ സ്വകാര്യ ബാങ്കുകൾ ഷിബിൻ സ്വർണം പണയം വെച്ചിരുന്നോ എന്ന് അന്വേഷിച്ചിരുന്നു. ഇസാഫ് ബാങ്കുകാർക്ക് തെറ്റുപറ്റിയെന്നും അവർ അന്വേഷിച്ചില്ലെന്നും മാനേജർ ചൂണ്ടിക്കാട്ടി. ഇല്ലാത്ത പണയ സ്വർണം മാറ്റിവെക്കണമെന്നാണ് ഷിബിൻ ലാൽ ആവശ്യപ്പെട്ടതെന്നും അത് വിശ്വസിച്ചതാണ് ഇസാഫിന് സംഭവിച്ച പിഴവെന്നും പി ചന്ദ്രശേഖർ പ്രതികരിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം
ചാലിശ്ശേരി സെൻ്ററിലെ ആറ് കടകളിൽ വൻ തീപിടിത്തം; ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത്, തീയണക്കാനുള്ള ശ്രമം തുടരുന്നു