
തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പാത്രം കാണാതായ സംഭവത്തിൽ പ്രതികരണവുമായി അന്വേഷണ സംഘം. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ളവർക്ക് മോഷ്ടിക്കാനുള്ള ഉദ്ദേശമുണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ക്ഷേത്ര ദർശനത്തിനിടെ തട്ടത്തിലുണ്ടായിരുന്ന പൂജാ സാധനങ്ങൾ നിലത്തു വീണതായും മറ്റാരാളുടെ സഹായത്തോടെ ഇതെല്ലാം എടുത്തു തന്നപ്പോൾ, നിലത്തിരുന്ന പാത്രത്തിൽ വച്ചാണ് നൽകിയതെന്നും ഓസ്ട്രേലിയൻ പൗരൻ ഗണേഷ് ജാ പൊലീസിനോട് പറഞ്ഞു. പുറത്തേക്ക് പോയപ്പോഴും ആരും തടയാത്തതിനാൽ പാത്രം കൊണ്ടു പോയെന്നും ഗണേഷ് ജാ മൊഴി നൽകി.
ക്ഷേത്ര ജീവനക്കാർ പണം വാങ്ങി സഹായിച്ചിട്ടില്ലെന്നും രാമേശ്വരത്ത് ദർശനത്തിനായി പണം വാങ്ങി കബളിപ്പിക്കപ്പെട്ടുവെന്നും ഗണേഷ് ജാ പറഞ്ഞു. അതേസമയം, കസ്റ്റഡിയിലുള്ളവർക്കെതിരെ മോഷണത്തിന് കേസെടുക്കില്ലെന്നാണ് വിവരം. 13 ന് നടന്ന മോഷണം,15 നാണ് ക്ഷേത്രം അധികൃതർ പൊലീസിനെ അറിയിച്ചത്. സിസിടിവി പരിശോധിച്ചാണ് മോഷ്ടാവിനെ കണ്ടെത്തിയത്. താമസിച്ച ഹോട്ടലിൽ പാസ്പോർട്ട് വിവരങ്ങൾ നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മോഷ്ടാവിനെ കണ്ടെത്തിയത്. അതീവ സുരക്ഷ മേഖലയായ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിനകത്ത് കടന്നാണ് വ്യാഴാഴ്ച സംഘം മോഷണം നടത്തിയത്.
അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള ശ്രീപദ്മാനാഭസ്വാമി ക്ഷേത്രത്തിൽ ഒരു എസ്പി, ഡിവൈഎസ്പി, നാല് സിഐമാരടക്കമുള്ള ഉന്നത പൊലീസുദ്യോഗസ്ഥരേയും 200 ഓളം പൊലീസ് ഉദ്യോഗസ്ഥരേയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. ഇവരുടെയെല്ലാം കണ്ണ് വെട്ടിച്ചാണ് മെറ്റൽ ഡിറ്റക്ടർ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളെയും കബളിപ്പിച്ചാണ് സംഘം ഉരുളി ക്ഷേത്രത്തിന് പുറത്തെത്തിച്ചത്. മൂന്നംഗ സംഘം പൂജയ്ക്കുള്ള ഉരുളി മോഷ്ടിക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ വ്യാഴാഴ്ച തന്നെ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് പഴുതടച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഹരിയാനയിൽ നിന്നും പ്രതികളെ പിടികൂടുന്നത്. അതേസമയം അതീവ സുരക്ഷയുള്ള മേഖലിയിൽ നിന്നും മോഷണം പോയത് പൊലീസിന് വലിയ നാണക്കേടും ഞെട്ടലുമുണ്ടാക്കിയിരിക്കുകയാണ്. സുരക്ഷാ വീഴ്ചയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയും നടപടി ഉണ്ടാകുമെന്നാണ് വിവരം.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam