വയനാട് തരുവണയിലെ സ്ത്രീയുടെ ആത്മഹത്യ, ഭര്‍ത്താവിന്‍റെ ആദ്യഭാര്യയിലെ മകന്‍ അറസ്റ്റില്‍

By Web TeamFirst Published Sep 17, 2022, 10:46 AM IST
Highlights

മുഫീദയുടെ ഭർത്താവ് ഹമീദിൻ്റെ മകൻ ജാബിറിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുൻപാണ് ആത്മഹത്യ ശ്രമത്തിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മുഫീദ മരിച്ചത്. 

വയനാട്:  തരുവണയിലെ മുഫീദയുടെ മരണത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മുഫീദയുടെ രണ്ടാം ഭർത്താവ് ഹമീദിന്‍റെ മകൻ ജാബിറിനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. വിവാഹമോചനം ആവശ്യപ്പെട്ടുള്ള ഭീഷണിയാണ് മൂഫീദ ആത്മഹത്യക്ക് ശ്രമിക്കാൻ കാരണമെന്നായിരുന്നു പരാതി. രണ്ട് മാസം മുൻപാണ് വയനാട് തരുവണ സ്വദേശിയായ മുഫീദ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് മുഫീദയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഈ മാസം രണ്ടിന് ചികിത്സയിലിരിക്കെ മരിച്ചു. പിന്നാലെ മുഫീദയുടെ ആദ്യ ഭർത്താവിലെ മക്കൾ വെള്ളമുണ്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

രണ്ടാം ഭർത്താവിന്‍റെ ബന്ധുക്കളും മക്കളും വിവാഹമോചനം ആവശ്യപ്പെട്ട് നടത്തിയ ഭീഷണിയാണ്  മുഫീദയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു ഇവരുടെ പരാതി. ദുരൂഹത നിറഞ്ഞ കേസായതിനാൽ അന്വേഷണ ചുമതല ജില്ലാ പൊലീസ് മേഥാവി മാനന്തവാടി സി ഐയ്ക്ക് കൈമാറി. പതിനാല് ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് മുഫീദയുടെ രണ്ടാം ഭർത്താവ് ഹമീദിന്‍റെ മകൻ ജാബിറിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അയൽവാസിയായ ജാബിർ ഡി വൈ എഫ് ഐ പുലിക്കാട് യൂണിറ്റ് സെക്രട്ടറിയാണ്. കേസിൽ പ്രതിയായതോടെ ജാബിറിനെ സ്ഥാനത്ത് നിന്ന് താത്ക്കാലികമായി നീക്കിയതായി ഡി വൈ എഫ് ഐ അറിയിച്ചു. 

മുഫീദ തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്ന സമയത്ത് എടുത്ത വീഡിയോയിൽ പ്രതി ജാബിർ സംഭവത്തിന് സാക്ഷിയായി സമീപത്ത് നിൽക്കുന്നുണ്ട്. മുഫീദ തീകൊളുത്തുമ്പോള്‍ മൂന്ന് പേരടങ്ങിയ സംഘം തടയാൻ ശ്രമിക്കാതെ തീയാളുന്നത് കണ്ട് നിൽക്കുകയായിരുന്നുവെന്നായിരുന്നു മുഫീദയുടെ മകൻ പറഞ്ഞത്. പ്രതിക്കെതിരെ വീട്ടിൽ അതിക്രമിച്ച് കയറിയതിനും അത്മഹത്യാ പ്രേരണ കുറ്റത്തിനുമാണ് പൊലീസ് കേസ് എടുത്തത്.

 

click me!