
തൃശൂര്‍: കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന യുവതി ഉൾപ്പെടെ രണ്ട് പേർ പിടിയിൽ. സുൽത്താൻ ബത്തേരി സ്വദേശി പ്രഷീന (43), കോഴിക്കോട് കുരുവട്ടൂർ സ്വദേശി ഷാജിൽ എന്നിവരാണ് പിടിയിലായത്. ഇരുവരും ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന കാരിയർമാരാണെന്ന് പൊലീസ് പറഞ്ഞു. എംഡിഎംഎയുമായി പിടിയിലായ പ്രതിയിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കുന്ദമംഗലം പൊലീസാണ് ഇരുവരെയും പിടികൂടിയത്.
ഏപ്രിൽ 24 ന് കുന്ദമംഗലം പൊലീസ് പടനിലം സ്വദേശി കീക്കാൽ ഹൗസിൽ റിൻഷാദ് (24)നെ ആരാമ്പ്രം പുള്ളിക്കോത്ത് ഭാഗത്ത് നിന്ന് സ്കൂട്ടറിൽ വിൽപനക്കായി കൊണ്ടു വന്ന 59.7 ഗ്രാം എംഡിഎംഎയുമായി പിടികൂടിയിരുന്നു. ഈ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്നും പ്രതിയുടെ ബാങ്ക് അക്കൗണ്ട് ഇടപാടുകൾ പരിശോധിച്ച് സൈബർ സെല്ലുമായി ചേർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ നിന്നും കൂട്ടുപ്രതികളെ പറ്റി മനസിലാക്കുകയായിരുന്നു.
തുടർന്ന് അന്വേഷണ സംഘം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ലഹരി എത്തിക്കുന്ന മൊത്ത വിൽപ്പനക്കാരായ കൊടുവള്ളി സ്വദേശി തെക്കേപ്പൊയിൽ വീട്ടിൽ അബ്‍ദുൾ കബീർ (36), പരപ്പൻപൊയിൽ സ്വദേശി നങ്ങിച്ചിതൊടുകയിൽ വീട്ടിൽ നിഷാദ് (38) എന്നീ പ്രതികളെ ബംഗളൂരുവിൽ നിന്ന് 24ന് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ബംഗളൂരുവിൽ നിന്നും എംഡിഎംഎ കേരളത്തിലേക്ക് എത്തിച്ചുകൊടുക്കുന്ന കരിയർമാരെപ്പറ്റി മനസിലാക്കിയത്.
അറസ്റ്റിലായ കബീറും നിഷാദും ബംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നൈജീരിയൻ സ്വദേശികളിൽ നിന്ന് മയക്കുമരുന്ന് മൊത്തമായി വാങ്ങി സൂക്ഷിക്കുകയും, ആവശ്യപ്രകാരം വിതരണക്കാർക്ക് നേരിട്ടും, കാരിയർ മുഖേനയും നൽകുകയുമാണ് ചെയ്തിരുന്നത്. കേരളത്തിലെ വിവിധ ജില്ലകളിലേക്ക് എംഡിഎംഎ എത്തിക്കുന്ന മുഖ്യ കാരിയർമാരാണ് പിടിയിലായ പ്രഷീനയും മുഹമ്മദ് ഷാജിലും. പിടിയിലായ പ്രതികൾ ലഹരി ഉപയോഗിക്കുന്നവരാണെന്നും ഇവർ ആർക്കെല്ലാമാണ് മയക്കുമരുന്ന് വിതരണം ചെയ്യുന്നതെന്നും ആരൊക്കെയാണ് ഇവരുടെ ലഹരി മാഫിയ സംഘത്തിലെ കൂട്ടാളികളെന്നും വിശദമായി പരിശോധിച്ച് അന്വേഷണം ഊർജിതമാക്കുമെന്ന് നാർക്കോടിക്ക് സെൽ അസിസ്റ്റന്‍റ് കമ്മീഷണർ കെ എ ബോസ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam