
കോഴിക്കോട് : സ്വകാര്യ ബസിന്റെ അമിതവേഗതക്ക് ഒരു ഇര കൂടി. പേരാമ്പ്രയിൽ സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മരുതോങ്കര സ്വദേശി അബ്ദുൾ ജബാദാണ് (19) മരിച്ചത്. ബൈക്കിനെ മറികടക്കുന്നതിനിടെ, ബസ് ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. തെറിച്ചു വീണ യുവാവിന്റെ മുകളിലൂടെ ബസിന്റെ ടയർ കയറിയിറങ്ങി. കുറ്റ്യാടി- കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ഒമേഗ ബസാണ് അപകടമുണ്ടാക്കിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
നാളെ ബസ് തടയും
പേരാമ്പ്രയിൽ അമിത വേഗതയിലെത്തുന്ന സ്വകാര്യ ബസുകളുകൾ നിരന്തരം അപകടങ്ങളുണ്ടാക്കുന്നതായി നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ നാളെ കുറ്റ്യാടി-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ തടയും. സ്വകാര്യ ബസുകളുടെ അമിത വേഗത നിയന്ത്രിക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. ഇക്കാര്യമാവശ്യപ്പെട്ട് നേരത്തെയും നാട്ടുകര്‍ പ്രതിഷേധിച്ചിരുന്നു.
കുറ്റ്യാടി-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന പല ബസുകളും അമിത വേഗതയിലും അശ്രദ്ധമായും ഡ്രൈവിംഗ് നടത്തുന്നതായി വ്യാപകമായ പരാതിയുണ്ട്. ഈ സാഹചര്യത്തിലാണ്, സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന് അറുതിവരുത്താൻ അധികാരികൾ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാർ നേരിട്ട് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam