10 വർഷത്തിനിടെ വയനാട്ടിൽ ആത്മഹത്യ ചെയ്തത് 5 കോൺഗ്രസ് നേതാക്കൾ, തമ്മിലടി രൂക്ഷം; വിവാദങ്ങളെക്കുറിച്ച് വിവരം തേടി പ്രിയങ്ക ഗാന്ധി എംപി

Published : Sep 14, 2025, 10:49 AM IST
Priyanka Gandhi about wayand congress leader suicide

Synopsis

കഴിഞ്ഞ 10 വർഷത്തിനിടെ വയനാട്ടിൽ ആത്മഹത്യ ചെയ്തത് 5 കോൺഗ്രസ് നേതാക്കളാണ്. ജില്ലാ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുണ്ടായിട്ടും സംസ്ഥാന നേതൃത്വം യാതൊരു നടപടിയും സ്വീകരിച്ചില്ല.  വിവാദങ്ങളെക്കുറിച്ച് വിവരം തേടി പ്രിയങ്ക ഗാന്ധി.

വയനാട്: പാർട്ടിക്കുള്ളിലെ പോരിലും പ്രാദേശിക നേതാക്കളുടെ ആത്മഹത്യകളിലും കടുത്ത പ്രതിരോധത്തിലായി വയനാട് കോൺഗ്രസ്. കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങളെ തുടർന്ന് വയനാട്ടിൽ 10 വർഷത്തിനിടെ മരിച്ചത് 5 നേതാക്കളാണ്. ഡിസിസി നേതാക്കൾക്കെതിരെ ആരോപണമുന്നയിച്ചാണ് പലരും ജീവനൊടുക്കിയത്. എന്നാൽ തുടർ മരണങ്ങളും നേതാക്കൾ തമ്മിൽ തമ്മിലടിയും ഉണ്ടായിട്ടുംസംസ്ഥാന നേതൃത്വം കാര്യമായ ഇടപെടൽ നടത്തിയിട്ടില്ല. അതേ സമയം വിവാദങ്ങളെ കുറിച്ച് പ്രിയങ്ക ഗാന്ധി എംപി ജില്ലാ നേതൃത്വത്തോട് വിവരം തേടി.

ഡിസിസി ജനറൽ സെക്രട്ടറി പി.വി.ജോൺ , ഡിസിസി ട്രഷറർ എൻ.എം. വിജയൻ മകൻ ജിജേഷ്, പാർട്ടി അനുഭാവിയും നേതാക്കളുടെ വിശ്വസ്തനുമായ രാജേന്ദ്രൻ നായർ, വാർഡ് മെമ്പർ ജോസ് നല്ലേടം എന്നിവരാണ് അഞ്ച് വർഷത്തിടെ ജീവനൊടുക്കിയത്. 2015 നവംബറിൽ ആണ് മാനന്തവാടി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റും ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന പി.വി.ജോൺ പാർട്ടി ഓഫിസിനുള്ളിൽ തൂങ്ങിമരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിക്കാർ കാലുവാരിയതിന്റെ മനോവിഷമത്തിലാണ് ജോണിന്‍റെ ആത്മഹത്യ.

2023 മേയ് 29ന് ആണ് പുൽപള്ളി മേഖലയിലെ കോൺഗ്രസ് നേതാക്കളുടെ വിശ്വസ്തനായിരുന്ന രാജേന്ദ്രൻ നായർ ജീവനൊടുക്കുന്നത്. , കോൺഗ്രസ് നേതൃത്വം നൽകുന്ന പുൽപള്ളി ബാങ്ക് ഭരണസമിതിയുടെ വായ്പത്തട്ടിപ്പിന് ഇരയായാണ് രാജേന്ദ്രന്‍റെ ആത്മഹത്യ. 2024 ഡിസംബർ 24ന് ആണ് ഡിസിസി ട്രഷറർ എൻ.എം.വിജയനും മകൻ ജിജേഷും ആത്മഹത്യ ചെയ്യുന്നത്. ബത്തേരിയിലെ സഹകരണബാങ്കുകൾ കേന്ദ്രീകരിച്ചു നടന്ന കോടികളുടെ നിയമനക്കൊള്ളയുടെ ഇരയായാണ് ഇവർ ജീവനൊടുക്കുന്നത്. ബാങ്കുകളിൽ നിയമനം വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽനിന്ന് കോടികൾ ഡിസസി നേതാക്കൾ തട്ടിയെടുത്തിരുന്നു. ഒടുവിൽ ഈ ബാധ്യത എൻ.എം. വിജയന്റെ തലയിലായി. തുടർന്നാണ് ഭിന്നശേഷിക്കാരനായ മകൻ ജിജേഷിനു വിഷം കൊടുത്ത ശേഷം വിജയനും ജീവനൊടുക്കിയത്.

ഗ്രൂപ്പ് തർക്കത്തിന്‍റെ പേരിൽ നേതാവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ മനോവിഷമത്തിലാണ് കഴിഞ്ഞ ദിവസം മുള്ളൻകൊല്ലി മണ്ഡലം വൈസ് പ്രസിഡന്റും വാർഡ് അംഗവുമായ ജോസ് നെല്ലേടം ആത്മഹത്യ ചെയ്യുന്നത്. എതിർവിഭാഗത്തിലുള്ളവർ വാർഡ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചന്റെ വീട്ടിൽ സ്ഫോടക വസ്തുക്കളും കർണാടക മദ്യവും കൊണ്ടുവച്ച് കള്ളക്കേസിൽ കുടുക്കിയിരുന്നു. ഇതിന് പിന്നിൽ ജോസും ഉണ്ടെന്ന് ആരോപണുയർന്നതോടെയാണ് മനോ വിഷമത്തിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.

വീണ്ടും ആത്മഹത്യ ശ്രമം

അതിനിടെ 2024ൽ ആത്മഹത്യ ചെയ്ത മുൻ ട്രഷറർ എൻഎം വിജയന്‍റെ മരുമകള്‍ പത്മജ ഇന്നലെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കോണ്‍ഗ്രസ് നേതൃത്വം വഞ്ചിച്ചെന്നാരോപിച്ച് ആയിരുന്നു ആത്മഹത്യാ ശ്രമം. ഞരമ്പ് മുറിച്ച ഇവര്‍ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കോണ്‍ഗ്രസിനെ ഇനി വിശ്വസിക്കില്ലെന്ന് പത്മജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംഭവങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകും. നിരാഹാര സമരം നടത്താനും ആലോചിക്കുന്നുവെന്നും പത്മജ പറഞ്ഞു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണ സംഭവം: അടിയന്തിര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി
40 ശതമാനം കമ്മീഷൻ ഭരണം, കേന്ദ്ര ഫണ്ട് ദുരുപയോഗം, തിരുവനന്തപുരം കോർപ്പറേഷനെതിരെ കേന്ദ്ര അന്വേഷണം വരും: ബിജെപി