കോൺഗ്രസിനെ വിമർശിച്ചിട്ടില്ല, ജാഗ്രക്കുറവുണ്ടായി, സിപിഎം നിലപാട് ന്യൂനപക്ഷ പ്രീണനം: പിവി അബ്ദുൾ വഹാബ്

By Web TeamFirst Published Dec 10, 2022, 11:25 AM IST
Highlights

താൻ കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ചിട്ടില്ല. സ്വകാര്യ ബില്ല് ചർച്ചയ്ക്ക് എടുത്ത സമയത്തെ സാഹചര്യം വ്യക്തമാക്കിയതായിരുന്നുവെന്ന് അബ്ദുൾ വഹാബ്

ദില്ലി: ഏകീകൃത സിവിൽ കോഡ് സ്വകാര്യ ബില്ലിന് അവതരാണാനുമതി തേടിക്കൊണ്ട് ഇന്നലെ രാജ്യസഭയിൽ നടന്ന ചർച്ചയ്ക്കിടെ താൻ കോൺഗ്രസിനെ വിമർശിച്ചിട്ടില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പിവി അബ്ദുൾ വഹാബ്. താൻ കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ചിട്ടില്ല. സ്വകാര്യ ബില്ല് ചർച്ചയ്ക്ക് എടുത്ത സമയത്തെ സാഹചര്യം വ്യക്തമാക്കിയതായിരുന്നു. സിപിഎം അംഗങ്ങൾ സഭയിലുണ്ടായിരുന്നു. എന്നാൽ അവരുടെ നിലപാട് ആത്മാർത്ഥതയുള്ളതാണെന്ന് തോന്നിയിട്ടില്ല. കേരളത്തിൽ ഭരണം ഇല്ലാത്തത് കൊണ്ട് മുസ്ലിം ലീഗ് മുന്നണി വിടേണ്ട സാഹചര്യമില്ലെന്നും അബ്ദുൾ വഹാബ് വ്യക്തമാക്കി.

'ഞാൻ ഉന്നയിച്ചത് ഒരു പരസ്യവിമർശനമായിരുന്നില്ല. ഭരണപക്ഷത്ത് മുഴുവൻ അംഗങ്ങളുമുണ്ടായിരുന്നു. പ്രതിപക്ഷത്ത് ഞങ്ങൾ കുറച്ച് പേർ മാത്രമായിരുന്നു. ആ സമയത്ത് പല കക്ഷികളും ചർച്ചയിൽ നിന്ന് ഒളിച്ചോടുന്ന നിലപാട് സ്വീകരിച്ചു. കോൺഗ്രസിന്റെ ഭാഗത്ത് ഒരാളെ പോലും കണ്ടില്ല. ബില്ലിന് അവതരാണാനുമതി തേടിയപ്പോഴും വോട്ടെടുപ്പ് നടക്കുമ്പോഴും ആരുമില്ലായിരുന്നു. ഞാൻ പറഞ്ഞതിന് ശേഷം, പറഞ്ഞത് കൊണ്ടാണോയെന്നറിയില്ല, ജെബി മേത്തറടക്കമുള്ള രണ്ടോ മൂന്നോ കോൺഗ്രസ് എംപിമാർ ഓടിവന്നു. അവർക്കും സംസാരിക്കാൻ അവസരം കിട്ടി.'

'താനത് പറഞ്ഞത് ആ വിഷയം ശ്രദ്ധയിൽ കൊണ്ടുവരാൻ ഉദ്ദേശിച്ച് തന്നെയാണ്. എന്നാലത് പരസ്യ വിമർശനമായിരുന്നില്ല. മറിച്ചൊരു തീരുമാനം ഉണ്ടായിരുന്നു ഇക്കാര്യത്തിലെങ്കിൽ മുന്നണി സംവിധാനത്തിൽ അത് അറിയിക്കുമായിരുന്നു. എല്ലാ മതസാമുദായിക വിഭാഗങ്ങളുടെയും സുഹൃത്താണ് കോൺഗ്രസ് എന്നാണ് നമ്മൾ കരുതുന്നതും അവകാശപ്പെടുന്നതും. കോൺഗ്രസിനെ എതിർക്കുന്നവരാണ് മൃദുഹിന്ദുത്വമെന്ന ആരോപണം ഉന്നയിക്കുന്നത്.'

'കോൺഗ്രസിന്റെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം എല്ലാ സ്വകാര്യ ബില്ലുകളും ചർച്ചയ്ക്ക് വരും. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള വിമാനത്തിലാണ് എല്ലാവരും നാട്ടിലേക്ക് പോകാറുള്ളത്. ഈ ബില്ല് വരുന്നത് ആരും ശ്രദ്ധിച്ചുകാണില്ല. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇന്നത്തെ ശൈലി ന്യൂനപക്ഷ പ്രീണനം. ഈ സമയത്ത് അവർ മുസ്ലിങ്ങളുടെയും മറ്റ് വിഭാഗങ്ങളുടെയും കാര്യം അവർ വല്ലാതെ ശ്രദ്ധിക്കും. രാജാവിനെക്കാൾ വലിയ രാജഭക്തി അവർ കാണിക്കും. അടിസ്ഥാനപരമായി അവരുടെ നിലപാടിൽ യാതൊരു മാറ്റവും ഉണ്ടാവില്ല.'

'ഇവിടെ മുന്നണി മാറേണ്ടതായ സാഹചര്യമില്ല. അങ്ങനെ പ്രശ്നങ്ങളില്ല. ആകെ പറഞ്ഞത് ലീഗ് വർഗീയ പാർട്ടിയല്ലെന്നാണ്. തേങ്ങയാണെന്ന് ഉരുട്ടിക്കാണിക്കേണ്ട കാര്യമുണ്ടോ? ലീഗ് വർഗീയപാർട്ടിയല്ലല്ലോ. 1967-69 കാലത്ത് ലീഗ് സിപിഎമ്മിനൊപ്പം ഭരിച്ചിരുന്നു. അന്നത്തെ സാഹചര്യമാണ് അതിലേക്ക് നയിച്ചത്.' അത്തരമൊരു സാഹചര്യം ഉണ്ടായിട്ടില്ലെന്നും പിവി അബ്ദുൾ വഹാബ് എംപി പറഞ്ഞു.

click me!