
കണ്ണൂർ: ശ്രീകണ്ഠാപുരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ റാഗിംഗിൻ്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം. പ്ലസ് വൺ വിദ്യാർത്ഥിയായ മുഹമ്മദ് സഹലിന് ചെവിക്ക് പരിക്കേറ്റു. കേൾവി ശക്തി കുറഞ്ഞു. ഒരു കൂട്ടം പ്ലസ് ടു വിദ്യാർത്ഥികളാണ് സഹലിനെ വളഞ്ഞിട്ട് മർദ്ദിച്ചത്. സഹലിന്റെ മാതാപിതാക്കൾ ശ്രീകണ്ഠാപുരം പൊലീസിൽ പരാതി നൽകി. മുടി നീട്ടി വളർത്തിയതിനും ബട്ടൻസ് മുഴുവൻ ഇട്ടതിനുമായിരുന്നു മർദ്ദനമെന്നാണ് വിവരം. മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അതേസമയം വർക്കല എസ് എൻ കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥികളെ മൂന്നാം വർഷ വിദ്യാർത്ഥികൾ റാഗ് ചെയ്ത സംഭവത്തിൽ മാതൃകാപരമായ നടപടി സ്വീകരിച്ച് കോളേജ് അധികൃതർ. കോളേജിലെ ആൻ്റി റാഗിംഗ് സ്ക്വാഡിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി, കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് വിദ്യാർത്ഥികളെ കോളേജിൽ നിന്ന് പുറത്താക്കുകയും സംഭവത്തെ കുറിച്ച് വിശദമായ റിപ്പോർട്ട് തുടർ അന്വേഷണത്തിനും നടപടികൾക്കുമായി വർക്കല പൊലീസിന് കൈമാറുകയും ചെയ്തു. ബി ജൂബി, ആർ ജിതിൻ രാജ്, എസ് മാധവ് എന്നിവരെയാണ് കോളേജിൽ നിന്ന് പുറത്താക്കിയത്.
ഒക്ടോബർ പത്തിനായിരുന്നു സംഭവം. ഒന്നാം സെമസ്റ്റർ വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യം പ്രിൻസിപ്പലിന് ലഭിച്ചതോടെയാണ് അന്വേഷണം തുടങ്ങിയത്. അന്ന് തന്നെ മർദ്ദനത്തിന് ഇരയായ വിദ്യാർത്ഥികളോട് സംഭവത്തെ കുറിച്ച് അന്വേഷിച്ചു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോളേജിലെ ആന്റി റാഗിംഗ് സെൽ അന്വേഷണം നടത്തി. തൊട്ടടുത്ത ദിവസം കുറ്റക്കാരായ വിദ്യാർത്ഥികളുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി അന്വേഷണ റിപ്പോർട്ട് വായിച്ച് കേൾപ്പിച്ചു. പ്രതികളുടെ വിശദീകരണം കൂടി ഉൾപ്പെടുത്തിയുള്ള റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് മൂന്ന് പേരെയും പുറത്താക്കാൻ തീരുമാനിച്ചത്.