അംഗീകരിക്കാൻ കഴിയാത്ത നടപടി, അങ്ങേയറ്റം പ്രതിഷേധാര്‍ഹം; ശബരിയുടെ അറസ്റ്റിൽ രൂക്ഷമായി പ്രതികരിച്ച് ചെന്നിത്തല

By Web TeamFirst Published Jul 19, 2022, 5:30 PM IST
Highlights

സര്‍ക്കാര്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുവാന്‍ വേണ്ടി ചെയ്തതാണ്. ശക്തമായ പ്രതിഷേധം ഉയര്‍ത്തും. നിയമപരമായും രാഷ്ട്രീമായും ഇതിനെ പ്രതിരോധിക്കുവാനുളള നടപടിയുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു

തിരുവനന്തപുരം: ശബരിനാഥിനെ അറസ്റ്റ് ചെയ്യുവാനുളള സര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത് രാഷ്ട്രീയപ്രേരിതമാണ്. ഇന്‍ഡിഗോ അന്വേഷണം നടത്തി കൂടുതല്‍ കുറ്റം ചെയ്തത് ഇ പി ജയരാജന്‍ ആണെന്ന് തെളിഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് ജയരാജന് മൂന്നാഴ്ച വിലക്ക് ഏര്‍പ്പെടുത്തിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ച മാത്രമേ വിലക്കുളളു. അപ്പോള്‍ കൂടുതല്‍ കുറ്റം ചെയ്ത്  അവരെ അക്രമിച്ചത് ജയരാജന്‍ ആണെന്നിരിക്കെ എന്തുകൊണ്ട് ജയരാജന് എതിരെ കേസ് എടുക്കുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എം എല്‍ എയുമായ ശബരിനാഥന്‍ മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടി കോടതിയെ സമീപിച്ച സാഹചര്യത്തില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത നടപടി ഒരിക്കലും അംഗീകരിക്കുവാന്‍ കഴിയില്ല. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്. സര്‍ക്കാര്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുവാന്‍ വേണ്ടി ചെയ്തതാണ്. ശക്തമായ പ്രതിഷേധം ഉയര്‍ത്തും. നിയമപരമായും രാഷ്ട്രീമായും ഇതിനെ പ്രതിരോധിക്കുവാനുളള നടപടിയുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു.

'മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ആഹ്വാനം ചെയ്യും, എത്ര പേരെ അറസ്റ്റ് ചെയ്യും'? വെല്ലുവിളിച്ച് ഷാഫി

സര്‍ക്കാര്‍ യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്ന് മുഖം രക്ഷിക്കുവാന്‍ വേണ്ടിയാണ് ഇത്തരം നടപടികളുമായി മുന്നോട്ടു പോകുന്നത്. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലോടുകൂടി മുഖ്യമന്ത്രിയുടെ മുഖം നഷ്ടപ്പെട്ടു. അത് വീണ്ടെടുക്കുവാന്‍ വേണ്ടിയാണ് ഈ നടപടികളുമായി മുന്നോട്ടുപോകുന്നത്. ഇതെല്ലാം കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. കെ പി സി സി പ്രസിഡന്റ് ഖേദം പ്രകടിപ്പിച്ചത് മാതൃകയാണ്. ആ  മര്യാദ പോലും എം എം മണി കാണിച്ചില്ല. എം എം മണി തന്റെ വാക്കുകള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി ഇതുവരെയും ആവശ്യപ്പെട്ടില്ല. അതാണ് ഞങ്ങളും അവരും തമ്മിലുളള വ്യത്യാസമെന്നും ചെന്നിത്തല പറഞ്ഞു.

ശബരീനാഥന്റെ അറസ്റ്റ് രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയുളളത്: കെ സുധാകരന്‍

അതേസമയം ശബരീനാഥനെ അറസ്റ്റ് ചെയ്ത നടപടി രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയെന്നായിരുന്നു കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍റെ പ്രതികരണം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനെ  അറസ്റ്റ് ചെയ്തത് നിയമവിധേയമല്ല. പൊലീസ് കളവ് പറഞ്ഞു കോടതിയെ തെറ്റിധരിപ്പിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കോടതിയെ തെറ്റിധരിപ്പിക്കാന്‍ കൂട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ അഭിഭാഷകനെതിരെയും കേസെടുക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. അറസ്റ്റിനെ ഒന്നും കോണ്‍ഗ്രസ് പേടിക്കുന്നില്ല. അധികാരം ദുര്‍വിനിയോഗം ചെയ്ത് പക്ഷപാതപരമായാണ് ശബരിയെ  അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് ഞങ്ങളെ തളര്‍ത്താമെന്നത് പടുവിഡ്ഢിത്തമാണ്. ശബരീനാഥനെതിരായ പ്രതികാര നടപടിയെ കോണ്‍ഗ്രസ് രാഷ്ട്രീയമായും നിയമപരമായും നേരിടും. ഇത്തരം ഉമ്മാക്കി കാട്ടിയാല്‍ പേടിച്ച് ഓടുന്നവരല്ല കോണ്‍ഗ്രസുകാരെന്ന് മുഖ്യമന്ത്രിയും അദ്ദേഹത്തിന് വേണ്ടി വിടുപണിയെടുക്കുന്ന പൊലീസ് ഏമാന്‍മാരും ഓര്‍ക്കുന്നത് നല്ലതാണെന്നും കെ പി സി സി പ്രസിഡന്‍റ്  പറഞ്ഞു.

'മുഖ്യമന്ത്രി ഭീരു', അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് കെ എസ് ശബരിനാഥന്‍, നിയമപരമായി നേരിടുമെന്ന് കോണ്‍ഗ്രസ്

click me!