Asianet News MalayalamAsianet News Malayalam

'മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ആഹ്വാനം ചെയ്യും, എത്ര പേരെ അറസ്റ്റ് ചെയ്യും'? വെല്ലുവിളിച്ച് ഷാഫി

ശബരിനാഥിന്‍റെ അറസ്റ്റില്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചു.ഗൂഢാലോചനയ്ക്കും വ്യാജകേസിനും പൊലീസിന് എതിരെ കേസെടുക്കണം


 

youth congress challenge pinarayi on balck flag protest
Author
Thiruvananthapuram, First Published Jul 19, 2022, 4:00 PM IST

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ശബരിനാഥിന്‍റെ അറസ്ററില്‍ പ്രതിഷേധിച്ച് സര്‍ക്കാരിനും പോലീസിനുമെതിരെ വെല്ലുവിളിയുമായി  പ്രസിഡണ്ട് ഷാഫി പറമ്പില്‍ രംഗത്ത്. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം ആഹ്വാനം ചെയ്തതിന്‍റെ പേരില്‍ വധശ്രമത്തിനാണ് കേസെടുത്തത്. കരിങ്കൊടി കാണിക്കാൻ മാത്രമാണ് വാട്സ്ആപ്പ് ചാറ്റിൽ പറയുന്നത്..നാളെ മുഖ്യമന്ത്രിയെ കോണ്ഗ്രസ്സ്, യൂത്ത്‌ കോണ്ഗ്രസ്സ് പ്രവർത്തകർ കരിങ്കൊടി കാണിക്കും. കരിങ്കൊടി കാണിക്കാൻ ആഹ്വാനം ചെയ്തതിന്‍റെ  പേരിലാണ് അറസ്റ്റ് എങ്കിൽ എത്ര പേരെ അറസ്റ്റ് ചെയ്യും എന്ന് കാണട്ടെയെന്നും ഷാഫി പറഞ്ഞു.

 

'മുഖ്യമന്ത്രി ഭീരു', അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് കെ എസ് ശബരിനാഥന്‍, നിയമപരമായി നേരിടുമെന്ന് കോണ്‍ഗ്രസ്

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തില്‍ വധശ്രമത്തിന് ഗൂഡാലോചന നടത്തിയെന്ന കേസില്‍ അറസ്റ്റിലായ കെ എസ് ശബരിനാഥ്, പിണറായിക്കെതിരെ  കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് പോലീസ് എത്തിച്ചപ്പോഴാണ് ശബരിനാഥന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

താന്‍ തീവ്രവാദിയൊന്നുമല്ല. തന്‍റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണ്. മുഖ്യമന്ത്രി ഭീരുവാണെന്നും ശബരിനാഥന്‍ ആരോപിച്ചു.സ്വർണ്ണക്കടത്ത് ചർച്ച ആകാതിരിക്കാൻ ആണ് ശബരീനാഥനെ അറസ്റ്റ് ചെയ്യുന്നതെന്ന് യൂത്ത് കോൺഗ്രസ് ദേശിയ നേത്വത്വം ആരോപിച്ചു.മോദിയുടെ ബി ടീമായി സിപിഎം മാറിയെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

 

കേരളത്തിൽ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച പ്രതീതി-കെ സി വേണുഗോപാല്‍

കെ എസ് ശബരിനാഥിന്‍റെ അറസ്റ്റില്‍ കടുത്ത പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും രംഗത്തെത്തി.കേരളത്തിൽ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച പ്രതീതിയാണ്. അറസ്റ്റ്  നിയമ പരമായി നേരിടും .തനിക്ക് അറിയാവുന്ന ശബരിനാഥ് പക്വതയോടെ പെരുമാറുന്ന ആളാണ്.കേന്ദ്ര സർക്കാർ ചെയുന്നത് തന്നെയാണ് കേരളത്തിൽ പിണറായിയും ചെയ്യുന്നതെന്നും വേണുഗോപാല്‍ ആരോപിച്ചു.

 ശബരിനാഥന്‍റെ അറസ്റ്റ് ഉന്നതതല ഗൂഢാലോചനയുടെ ഭാഗം; വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍

മുഖ്യമന്ത്രിയ്ക്കെതിരായ വധശ്രമ' കേസില്‍  ശബരിനാഥനെ അറസ്റ്റ് ചെയ്തത് ഉന്നത തല ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ആരോപിച്ചു. സർക്കാര്‍ വൈര്യ നിര്യാതന ബുദ്ധിയോടെ പ്രവര്‍ത്തിക്കുകയാണ്. അധികാരവും പൊലീസും കൈയ്യിൽ ഉള്ളതിനാൽ എന്തും ചെയ്യുന്ന അവസ്ഥയാണ്. ഇപി ജയരാജനെതിരെ കേസില്ല എന്നത് സംഭവത്തില്‍ ഇരട്ട നീതിയാണെന്ന് വെളിവാക്കുന്നതായും സതീശന്‍ പറ‌ഞ്ഞു. 

ശബരിനാഥിന്‍റെ അറസ്റ്റ് മുഖ്യമന്ത്രിയും ഇ പി ജയരാജനും ചേര്‍ന്നുള്ള ഗൂഢാലോചനയെന്ന് ഹൈബി 

മുഖ്യമന്ത്രിയും മന്ത്രിമാരും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും ചേർന്നുള്ള ഗൂഢാലോചനയാണ് ശബരിനാഥിന്‍റെ അറസ്റ്റ് എന്ന്കോണ്‍ഗ്രസ് എംപി ഹൈബി ഈഡന്‍ ആരോപിച്ചു. വിമാന യാത്ര വിലക്കിന്‍റെ ജാള്യത മറയ്ക്കാനുള്ള നടപടിയാണിതെന്നും ഹൈബി പ്രതികരിച്ചു. സംസ്ഥാനഭരണത്തിന്‍റെ വീഴ്ചകളും സ്വർണ കടത്ത് മറച്ചു വെക്കാനുള്ള നടപടിയാണിത്. ഇ പി ജയരാജന്‍ മുഖ്യമന്ത്രിയുടെ ഗുണ്ടയാണ് എന്ന് തെളിഞ്ഞു എന്നും ഹൈബി അഭിപ്രായപ്പെട്ടു.

ഇ പി ജയരാജനെതിരായ നടപടിക്ക് പിന്നില്‍ ഹൈബി ഈഡന്‍റെ സ്വാധീനമാണെന്ന ഡിവൈഎഫ്ഐ നേതാവ് എ എ റഹീമിന്‍റെ ആരോപണത്തിനും മറുപടി ഉണ്ടായി. സംഭവത്തെക്കുറിച്ച് താന്‍ പരാതി നൽകി ട്വീറ്റ് ചെയ്തു എന്നത് സത്യമാണ്. നടപടി എടുപ്പിക്കാന്‍ അത്ര വലിയ സ്വാധീനം തനിക്കുണ്ടോ. ജയരാജന് എതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കണം എന്നും ഹൈബി ഈഡന്‍ പ്രതികരിച്ചു.

Read Also: മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെ എസ് ശബരിനാഥൻ അറസ്റ്റില്‍

Follow Us:
Download App:
  • android
  • ios