
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ക്കായി കോണ്‍ഗ്രസിന്‍റെ പ്രധാന യോഗങ്ങള്‍ ഇന്ന് ചേരും. പ്രചാരണ സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സമിതിയുടെ ആദ്യയോഗമാണ് ചേരുന്നത്. കെ സി വേണുഗോപാൽ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും. എഐസിസി നിയോഗിച്ച സച്ചിൻ പൈലറ്റ് ഉള്‍പ്പെടെയുള്ള നിരീക്ഷകര്‍ കൂടി പങ്കെടുക്കുന്ന നേതൃയോഗവും ഉച്ചയ്ക്ക് കെപിസിസി ആസ്ഥാനത്ത് ചേരും. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തും.
പ്രതിപക്ഷ നേതാവ് പുതുയുഗ യാത്രയിൽ ആയതിനാൽ ഓണ്‍ലൈനായി ആകും യോഗത്തിൽ പങ്കെടുക്കുക. കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേര്‍ന്ന നേതാക്കളുടെ യോഗം ഈ മാസം അവസാനത്തോടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിൻ ഇറങ്ങാനാണ് കോൺഗ്രസ് നീക്കം. സിറ്റിങ് എംഎൽഎമാരെയും സംവരണ സീറ്റിലെ സ്ഥാനാർത്ഥികളെയും ആദ്യം പ്രഖ്യാപിക്കും. പാലക്കാട് ഷാഫി പറമ്പിലിന്റെ നിലപാട് കൂടി പരിഗണിക്കും. മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇന്നലെ കൊച്ചിയിൽ അനൗദ്യോഗിക യോഗം ചേർന്നിരുന്നു.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര അവസാനിക്കുന്നതിന് മുൻപ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് മുന്നിട്ടിറങ്ങുന്നത്. നിലവിൽ 21 സിറ്റിങ് എംഎൽഎമാരാണ് കോൺഗ്രസിന് ഉള്ളത്. സിറ്റിങ് എംഎൽഎമാരെയും സംവരണ സീറ്റിൽ മത്സരിക്കുന്നവരെയും ആദ്യം തന്നെ പ്രഖ്യാപിക്കും. ജയസാധ്യത കൂടി മുൻനിർത്തി ആയിരിക്കും തീരുമാനം. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിന് പകരം പുതിയ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിന് മുൻപ് ഷാഫി പറമ്പിൽ എംപിയുടെ അഭിപ്രായം കൂടി പാർട്ടി പരിഗണിക്കും. തൃപ്പൂണിത്തുറയിൽ കെ ബാബു മത്സരരംഗത്ത് നിന്ന് മാറി നിൽക്കുമ്പോൾ ഒന്നിലേറെ പേരുകളാണ് മുന്നോട്ടുവരുന്നത്. ബാബുവിന്റെ കൂടി അഭിപ്രായം പരിഗണിച്ചായിരിക്കും അന്തിമ സ്ഥാനാർത്ഥി പ്രഖ്യാപനം. കോൺഗ്രസിൽ ചില സീറ്റുകളിൽ തർക്കം ഉണ്ടെന്നും അത് ഉടൻ പരിഹരിക്കും എന്നും കെസി വേണുഗോപാൽ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam