തിരുവനന്തപുരത്തെ സിപിഎമ്മിൽ വിഭാഗീയതയുണ്ടെന്ന വാർത്തകൾ നിഷേധിച്ച് ജില്ലാ സെക്രട്ടറി വി ജോയി. പാർട്ടിയെ തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നതെന്നും വി ശിവൻകുട്ടിയും കടകംപള്ളി സുരേന്ദ്രനുമായി യോജിച്ചാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഎമ്മിൽ വിഭാ​ഗീയത ഉണ്ടെന്ന പ്രചാരണത്തോട് പ്രതികരിച്ച് ജില്ലാസെക്രട്ടറി വി ജോയി. തിരുവനന്തപുരത്തെ പാർട്ടിയിൽ വിഭാഗീയത നിലനിൽക്കുന്നു എന്ന് വാർത്ത നൽകുന്നുവെന്നും ആ വാർത്തയിൽ വസ്തുതയുണ്ടോ എന്ന് അന്വേഷണം നടത്തുന്നില്ലെന്നും വി ജോയി മാധ്യമങ്ങളോട് പറഞ്ഞു. വി ശിവൻകുട്ടിയും കടകംപള്ളി സുരേന്ദ്രനുമായി യോജിച്ച പ്രവർത്തനമാണ് നടത്തുന്നതെന്നും ജോയി പ്രതികരിച്ചു. കടകംപള്ളി സുരേന്ദ്രനൊപ്പമാണ് വി ജോയി മാധ്യമങ്ങളെ കണ്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിഴിഞ്ഞത്തെ പരിപാടിയിൽ വി ശിവൻകുട്ടിയെ പങ്കെടുപ്പിച്ചില്ല. ഇത് വിഭാഗീയതയാണ് എന്നാണ് വാർത്ത വന്നത്. കോവളം ഏരിയ കമ്മിറ്റിയാണ് പ്രാദേശികമായി പരിപാടി സംഘടിപ്പിച്ചത്. ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയിലാണ് സാധാരണ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുക്കുക. പാർട്ടിയിൽ പ്രശ്നങ്ങളുണ്ട് എന്ന് വരുത്തി തീർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടക്കുന്നത്. വിവിധ സമരപരിപാടികളുമായി മുന്നോട്ടു പോകുമ്പോൾ തകർക്കാൻ ശ്രമം നടക്കുന്നുവെന്നും വി ജോയി മാധ്യമങ്ങളോട് പറഞ്ഞു. വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ വൻ കൊള്ളയാണ് നടന്നതെന്ന് കടകംപള്ളി സുരേന്ദ്രൻ പ്രതികരിച്ചു. ഇ പി ജയരാജൻ എന്തു പറഞ്ഞെന്ന് അറിയില്ല. ദിവ്യ എസ് അയ്യരെ മാറ്റാൻ നേരത്തെയും ശ്രമം ഉണ്ടായെന്നും കടകംപള്ളി വ്യക്തമാക്കി.