'ഒരു ദിനം അച്ഛൻ മുറിയിൽ പൂട്ടിയിട്ടു, വയറ് കത്തിക്കാളുമ്പോൾ ജനലരികിൽ ഒരു വളകിലുക്കം'; അമ്മയെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി രമേഷ് ചെന്നിത്തല

Published : Oct 24, 2025, 08:31 AM IST
ramesh chennithala mother

Synopsis

അമ്മയുടെ വിയോഗത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തന്റെ ജീവിതത്തിലെ ഉയർച്ചതാഴ്ചകളിൽ കരുത്തായിരുന്ന അമ്മ, വിദ്യാർത്ഥി രാഷ്ട്രീയ കാലത്ത് അച്ഛന്റെ എതിർപ്പുകൾക്കിടയിലും നൽകിയ പിന്തുണയെ അദ്ദേഹം ഓർത്തെടുക്കുന്നു.

ആലപ്പുഴ: അമ്മയുടെ വിയോഗത്തിൽ ഹൃദയം നൊന്തുള്ള കുറിപ്പുമായി കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. തന്‍റെ ജീവിതത്തില്‍ സ്നേഹം നിറച്ച ഉയര്‍ച്ചതാഴ്ചകളിലെല്ലാം കരുത്തോടെ ഒപ്പം നടന്നൊരാൾ എന്നാണ് അമ്മയെ കുറിച്ച് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ആകാശത്തോളം ഓര്‍മ്മകളാണ്. സ്‌നേഹസമുദ്രമായിരുന്നു അമ്മയെന്നും അദ്ദേഹം കുറിച്ചു. വിദ്യാർത്ഥി രാഷ്ട്രീയകാലത്ത് അച്ഛന്‍റെ എതിർപ്പിനിടെയും തന്‍റെയൊപ്പം നിന്ന അമ്മയെയും രമേശ് ചെന്നിത്തല ഓര്‍ക്കുന്നു.

രമേശ് ചെന്നിത്തലയുടെ കുറിപ്പ് വായിക്കാം

അമ്മയില്ലാത്ത ഭൂമിയിലേക്ക് ഞാന്‍ ഉണരാന്‍ തുടങ്ങിയിട്ട് മൂന്നു ദിവസങ്ങളാകുന്നു.

91 വര്‍ഷം നീണ്ട ഒരായുസിന്റെ സന്തോഷങ്ങളും അനുഭവങ്ങളുമാര്‍ജിച്ച്, സ്‌നേഹം വിളമ്പി, എന്റെ മാത്രമല്ല, ഒരുപാടു പേരുടെ അമ്മയായി ആണ് മടക്കമെന്നത് ആശ്വാസം തരുന്നുവെങ്കിലും ഭുമിയിലെ എന്റെ പൊക്കിള്‍ക്കൊടിയാണ് വേര്‍പെട്ടു പോയത് എന്ന വേദന ഇടയ്ക്കിടെ ഇരച്ചു കയറുന്നുണ്ട്.

ആകാശത്തോളം ഓര്‍മ്മകളാണ്. തിരയിരച്ചു വരുമ്പോലെ ഓര്‍മ്മകളുടെ കടല്‍. സ്‌നേഹസമുദ്രമായിരുന്നു അമ്മ. എന്റെ ഉയര്‍ച്ചതാഴ്ചകളിലെല്ലാം കരുത്തോടെ ഒപ്പം നടന്നൊരാള്‍. കപ്പല്‍ച്ചേതത്തില്‍ പെട്ട നാവികന്റെ അവസാനത്തെ തുരുത്തു പോലെ ഒടുവില്‍ വന്നണയാന്‍ ഒരിടം. ഓര്‍മ്മകളുടെ കുത്തൊഴുക്കാണ്. അതവസാനിക്കുന്നില്ല.

വിദ്യാര്‍ഥി രാഷ്ട്രീയ പ്രവര്‍ത്തന കാലഘട്ടത്തില്‍ അച്ഛന്റെ ഉഗ്രശാസനത്തിനും പുത്രസ്‌നേഹത്തിനുമിടയില്‍ പെട്ടുപോയ ഒരമ്മയുണ്ട്. സ്‌കൂളധ്യാപകനും മാനേജരുമായിരുന്ന വി. രാമകൃഷ്ണന്‍ നായരുടെ മകനെക്കുറിച്ചുള്ള സ്വപ്‌നങ്ങളും എന്റെ വഴിയും ഒത്തു ചേരാതെ പോയ ഒരു കാലഘട്ടമുണ്ടായിരുന്നു. അന്നതിന്റെ ഇടയില്‍ അകപ്പെട്ട ഒരാളാണ് എന്റെ ദേവകിയമ്മ. പഠിത്തത്തില്‍ മിടുക്കനായിരുന്ന എനിക്ക് പത്താം തരത്തില്‍ ഫസ്റ്റ് ക്‌ളാസ് കിട്ടുമെന്നായിരുന്നു അധ്യാപകരുടെയും സഹപാഠികളുടെയും പ്രതീക്ഷ. എന്നാല്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ കുത്തൊഴുക്കില്‍ പെട്ടുപോയ എനിക്ക് വെറും അഞ്ചു മാർക്ക് വ്യത്യാസത്തിൽ ആ സ്വപ്‌നം സഫലീകരിക്കാനായില്ല.

റിസള്‍ട്ട് വന്ന ദിവസം ഇന്നുമോര്‍ക്കുന്നു. അച്ഛനും ബന്ധുക്കളും അധ്യാപകരും കുറ്റപ്പെടുത്തുകയാണ്. നിഷ്പ്രയാസം വാങ്ങാമായിരുന്ന ഫസ്റ്റ് ക്‌ളാസ്, അതുകൊണ്ട് ഗംഭീരമായേക്കാവുന്ന ഭാവി. എല്ലാ കുറ്റപ്പെടുത്തലും കേട്ട് ഹതാശനായിരിക്കുന്ന എന്നെ ഇടയ്ക്കിടെ അമ്മ വന്ന് സാരമില്ല എന്ന മട്ടില്‍ ഒന്നു സ്പര്‍ശിക്കും. തലയിലൊന്നു തടവും. അത് മതിയായിരുന്നു. അതു മാത്രം മതിയായിരുന്നു എല്ലാ ഊര്‍ജവും തിരികെ കിട്ടാന്‍.

ഇതെല്ലാം കഴിഞ്ഞിട്ടും വിദ്യാര്‍ഥി രാഷ്ട്രീയം കളയാതെ കൊണ്ടുനടന്ന എന്നെയോര്‍ത്തു അച്ഛന്‍ വേദനിച്ചു. പലപ്പോഴും അതു കടുത്ത രോഷമായി. അതിനിടയിലെ സമ്മര്‍ദ്ദമെല്ലാം ഏറ്റുവാങ്ങിയത് അമ്മയാണ്. വീട്ടില്‍ കയറ്റരുതെന്ന അച്ഛന്റെ ശാസനയ്ക്കിടെ അടുക്കള വാതില്‍ വൈകിയെത്തുന്ന മകനു വേണ്ടി തുറന്നു വെക്കുമായിരുന്നു അമ്മ. അതില്‍ നാലഞ്ചു പേര്‍ക്കെങ്കിലും ഭക്ഷണം കരുതിയിരിക്കുമായിരുന്നു. കാരണം എന്റെ കൂടെ കൂട്ടുകാരുണ്ടാകുമെന്നും അവര്‍ ഭക്ഷണം കഴിച്ചിട്ടുണ്ടാവില്ലെന്നും അമ്മയ്ക്കറിയാം.

പതിറ്റാണ്ടുകള്‍ക്കു മുമ്പുള്ള ഒരു ദിനം ഓര്‍മ്മയിലിങ്ങനെ മങ്ങാതെ നില്‍ക്കുന്നു. അന്ന് ഞാന്‍ പ്രീഡിഗ്രിക്കാണ് എന്നാണ് ഓര്‍മ്മ. രാഷ്ട്രീയപ്രവര്‍ത്തനത്തിന് ഇറങ്ങുന്നതിനെതിരെ പലവട്ടം തന്ന ഉഗ്രശാസനങ്ങള്‍ കേള്‍ക്കാതെ ഞാന്‍ വിദ്യാര്‍ഥി രാഷ്ട്രീയം തുടര്‍ന്നുകൊണ്ടേയിരുന്നു. അങ്ങനെ ഒരു ദിനം രോഷം പൂണ്ട അച്ഛന്‍ എന്നെ മുറിയില്‍ പൂട്ടിയിട്ടു. ഒരു നുള്ളു വറ്റു പോലും കൊടുക്കരുതെന്ന ആജ്ഞയും. അടച്ചിട്ട മുറിക്കുള്ളില്‍ പെട്ടുപോയി. നേരം വൈകി. വിശപ്പു കൊണ്ട് വയറ് കത്തിക്കാളാന്‍ തുടങ്ങി. അച്ഛനാണെങ്കില്‍ വീട്ടിലുണ്ട്. രാത്രിയായി. പച്ചവെള്ളം കൊണ്ട് വിശപ്പടക്കാന്‍ നോക്കുമ്പോള്‍ ജനാലയ്ക്കരികില്‍ ഒരു വളകിലുക്കം കേട്ടു.

അമ്മയാണ്. പാത്രം നിറയെ ചോറും കറികളുമായി അമ്മ ജനാലയ്ക്കപ്പുറമുണ്ട്. അവിടെ നിന്ന് അമ്മ പാത്രത്തില്‍ ചോറു കുഴച്ച് ഉരുളകളാക്കി ജനാലയഴികളിലൂടെ വായിലേക്കു വെച്ചു തന്നു. ചവയ്ക്കാന്‍ പോലും നില്‍ക്കാതെ അതു വിഴുങ്ങി. അമ്മ പിന്നെയും പിന്നെയും തന്നുകൊണ്ടേയിരുന്നു. അത് കഴിക്കുമ്പോള്‍ ഇരുട്ടത്ത് എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

ഓർക്കുമ്പോൾ ഇപ്പോഴും എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ട്. അമ്മയറിയുന്നുണ്ടാകും......

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പൾസർ സുനിയെ കുറിച്ച് കടുത്ത ഭാഷയിൽ കോടതി; 'പള്‍സര്‍ സുനി മറ്റുള്ളവരെ പോലെയല്ല, ഒരു ദയയും അർഹിക്കുന്നില്ല'
കോടതിക്ക് മുന്നിൽ ഭാവ വ്യത്യാസമൊന്നുമില്ലാതെ അവസാനമായി പൾസര്‍ സുനി പറഞ്ഞത് ഒരൊറ്റ കാര്യം, 'തനിക്ക് അമ്മ മാത്രമാണ് ഉള്ളത്'