റിപ്പോർട്ടർ ടിവി മാപ്പ് പറയണം, 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി രാജീവ് ചന്ദ്രശേഖർ; ആന്‍റോ അഗസ്റ്റിൻ അടക്കം 9 പേർക്ക് നോട്ടീസ്

Published : Oct 30, 2025, 10:24 AM IST
reporter tv rajeev chandrasekhar

Synopsis

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ റിപ്പോർട്ടർ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി. തനിക്ക് ബന്ധമില്ലാത്ത ബിപിഎൽ എന്ന സ്ഥാപനത്തിന്‍റെ ഭൂമിയിടപാടുമായി ബന്ധപ്പെടുത്തി വ്യാജവാർത്ത നൽകിയെന്നാണ് ആരോപണം. 

തിരുവന്തപുരം: റിപ്പോർട്ടർ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. റിപ്പോർട്ടർ ഉടമ ആന്‍റോ അഗസ്റ്റിൻ, കൺസൽട്ടിംഗ് എഡിറ്റർ അരുൺ കുമാർ, കോർഡിനേറ്റിംഗ് എഡിറ്റർ സ്മൃതി പരുത്തിക്കാട്, ന്യൂസ് കോർഡിനേറ്റർ ജിമ്മി ജയിംസ്, തിരുവനന്തപുരം ബ്യൂറോ ചീഫ് ടി വി പ്രസാദ് എന്നിവരടക്കം ഒമ്പത് പേർക്കെതിരെയാണ് കേസ്.

രാജീവ് ചന്ദ്രശേഖറിന് ബന്ധമില്ലാത്ത ബി പി എൽ എന്ന സ്ഥാപനത്തിന്‍റെ ഭൂമിയിടപാടുമായി ബന്ധപ്പെടുത്തി, ബിജെപി സംസ്ഥാന അധ്യക്ഷൻ കൂടിയായ അദ്ദേഹത്തിന്‍റെ പേര് ദുരുപയോഗം ചെയ്ത് വ്യാജവാർത്തകൾ തുടർച്ചയായി സംപ്രേക്ഷണം ചെയ്തതോടെയാണ് മുംബൈ ആസ്ഥാനമായ ആർ എച്ച് പി പാർട്ട്നേഴ്സ് എന്ന നിയമസ്ഥാപനം മുഖേന നൂറു കോടി രൂപയുടെ നോട്ടീസ് നൽകിയത്. ഏഴ് ദിവസത്തിനുള്ളിൽ വ്യാജവാർത്ത പിൻവലിച്ച് മാപ്പ് പറയണമെന്നും നോട്ടീസിലുണ്ട്.

ആരോപണം അടിസ്ഥാനരഹിതമെന്ന് ബിപിഎൽ

നേരത്തെ, ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖറിനെതിരെ ഒരു വിഭാഗം മാധ്യമങ്ങൾ ഉന്നയിച്ച വ്യവസായ ഭൂമി ക്രമക്കേട് ആരോപണം അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമെന്ന് ബിപിഎൽ വ്യക്തമാക്കിയിരുന്നു. 2003ൽ സുപ്രീം കോടതി തള്ളിയ ഭൂമി പതിച്ചുനൽകലിലെ ക്രമക്കേട് എന്ന ആരോപണമാണ് ഇപ്പോൾ ഉന്നയിക്കുന്നത്. ഈ ആരോപണങ്ങൾ അവാസ്തവവും നിയമപരമായി സാധുതയുമില്ലാത്തവയുമാണെന്ന് ബിപിഎൽ ലിമിറ്റഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

രാജീവ് ചന്ദ്രശേഖറിന് ബിപിഎൽ ലിമിറ്റഡുമായി സാമ്പത്തിക ഇടപാടോ ഓഹരി പങ്കാളിത്തമോ ഇല്ല. ഈ ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതവും ദുരുപദിഷ്ടവും തെറ്റിദ്ധാരണ ഉയർത്തുന്നതുമാണെന്ന് ബിപിഎൽ സിഇഒ ശൈലേഷ് മുദലർ പറഞ്ഞു. പതിച്ചു നൽകിയ ഭൂമിയിൽ 1996 നും 2004 നും ഇടക്ക് ബിപിഎൽ 450 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നതായും കമ്പനി അറിയിച്ചു.

അര്‍ജന്‍റീന ടീമിന്‍റെയും മെസിയുടെയും കേരള സന്ദര്‍ശവുമായി ബന്ധപ്പെട്ട തട്ടിപ്പ് മറയ്ക്കാൻ വേണ്ടി ഓരോ വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്നും ചില ക്രിമിനലുകളും മാധ്യമ മേഖലയിൽ വന്നിട്ടുണ്ടെന്നും അതിനെ നേരിടുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ മുമ്പ് പറഞ്ഞിരുന്നു. മെസി തട്ടിപ്പ് മറച്ചുവെക്കാനാണെന്ന് തനിക്കെതിരായ ഭൂമി വിൽപ്പന ആരോപണം ഉന്നയിക്കുന്നത്. തന്നെക്കുറിച്ച് പറയുന്നതിൽ ഒരു വസ്തുതയുമില്ലെന്നും ബിപിഎൽ കമ്പനി തന്നെ ഇതുസംബന്ധിച്ച് വ്യക്തമായ വാര്‍ത്താക്കുറിപ്പിറക്കിയിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

 

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി