
തിരുവനന്തപുരം: യുഡിഎഫിനെ പ്രതിരോധത്തിലാക്കി മുന്നണി കണ്‍വീനര്‍ കൂടിയായ അടൂര്‍ പ്രകാശിൻ്റെ ചോദ്യം ചെയ്യൽ. സ്വര്‍ണക്കൊള്ളക്കേസിൽ ഇന്ന് രാവിലെയാണ് അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്തത്. ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കൊപ്പമുള്ള ഫോട്ടോയുടെ പേരിലാണ് ചോദ്യം ചെയ്യൽ. അങ്ങനെയെങ്കിൽ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ടും രാഷ്ട്രീയക്കളി ആരോപിച്ചും പിണറായിക്കെതിരെ സ്വരം കടുപ്പിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.
പോറ്റിയെ കേറ്റിയത് 2004 എന്ന് പറഞ്ഞ് അന്ന് ദേവസ്വം മന്ത്രിയായ കെസി വേണു ഗോപാലിന് മുഖ്യമന്ത്രി ആരോപണമുനയിലാക്കുന്നു. തൊട്ടടുത്ത ദിവസം അടൂര്‍ പ്രകാശിനെ എസ്ഐടി ചോദ്യ മുറിയിൽ കയറ്റുന്നു. രണ്ടര മണിക്കൂര്‍ നീണ്ട ഈ ചോദ്യം ചെയ്യൽ പോറ്റിയെ കേറ്റിയേ എന്ന സിപിഎമ്മിനെതിരെ പാരഡിപ്പാട്ട് പാടിയ യുഡിഎഫിനെ പ്രതിരോധത്തിലാക്കുന്നു. മണ്ഡലത്തിലുള്ളയാളെന്ന പരിചയം മാത്രമെന്ന് പറഞ്ഞ പ്രകാശിന് അതിന് അപ്പുറമുള്ള അടുപ്പമുണ്ടെന്ന് പുറത്ത് വന്ന ഫോട്ടോകളിൽ നിന്ന് വ്യക്തമായി. എന്നാൽ അടുപ്പത്തിന് അപ്പുറമുള്ള ബന്ധം എംപിക്ക് പോറ്റിയുമായി ഉണ്ടെന്ന കണ്ടെത്തലുകള്‍ എസ്ഐടി നടത്തിയെന്ന വിവരം പുറമേയ്ക്കില്ല. എന്നാലും സ്വര്‍ണക്കൊള്ളയിൽ സിപിഎമ്മിനെതിരെ വാളോങ്ങുന്നതിനൊപ്പം സ്വയം പ്രതിരോധത്തിന് പരിചയെടുക്കാനും അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തത് യുഡിഎഫിനെ നിര്‍ബന്ധിതമാക്കുന്നു. യുഡിഎഫിനെതിരെ തിരിച്ച് കൊള്ളയിൽ പ്രതികളായി സിപിഎം നേതാക്കള്‍ ജയിലിൽ കിടക്കുന്നതിന്‍റെ രാഷ്ട്രീയ ആഘാതം കുറയ്ക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കം ഫലിക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ മറുപടി.
സോണിയാ ഗാന്ധിക്കൊപ്പമുള്ള പോറ്റി ഫോട്ടോ ഉയര്‍ത്തിയുള്ള പ്രചാരണം തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മുഖ്യമന്ത്രി ഏറ്റെടുത്തിരുന്നു. പ്രതിപക്ഷ നേതാവിന്‍റെ യാത്ര രണ്ടാം ദിവസത്തിലേയ്ക്ക് കടക്കുമ്പോഴാണ് യുഡിഎഫ് കണ്‍വീനറെ എസ്ഐടി ചോദ്യം ചെയ്തത്. സോണിയാ ഗാന്ധിയിൽ നിന്നും എസ്ഐടി വിവരങ്ങള്‍ തേടണമെന്നാണ് മന്ത്രി വി ശിവന്‍കുട്ടിയുടെ ആവശ്യം. ദേവസ്വം മന്ത്രിയുടെ രാജിയും മുന്‍ ദേവസ്വം മന്ത്രിയുടെ അറസ്റ്റും എന്ന ആവശ്യം യുഡിഎഫും ശക്തമാക്കും. രാഷ്ട്രീയ ഇടപെടൽ ആരോപിക്കുന്ന മുന്നണി എസ്ഐടിക്ക് നൽകിയിരുന്ന ആനുകൂല്യം തുടരാനും ഇടയുമില്ല. യുഡിഎഫ് കണ്‍വീനറെ ചോദ്യം ചെയ്തതോടെ ഇരു മുന്നണികള്‍ക്കുമെതിരെ ആരോപണം ബിജെപി ശക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam