Latest Videos

എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നതിൽ നിലപാട് വ്യക്തമാക്കാതെ സജി ചെറിയാൻ, പകരം മന്ത്രിക്ക് സാധ്യതയില്ല

By Web TeamFirst Published Jul 6, 2022, 6:54 PM IST
Highlights

മന്ത്രിയുടെ വിവാദ പ്രസ്താവന വൈകാതെ കോടതിയുടെ പരിഗണനയിൽ വരും. ഈ വിഷയത്തിൽ സമീപകാലത്തൊന്നും ഒരു തീര്‍പ്പുണ്ടാകും എന്ന് കരുതാൻ വയ്യ എന്നതിനാൽ സജി ചെറിയാൻ്റെ മടങ്ങിവരവിലെ ചര്‍ച്ചയ്ക്ക് നിലവിൽ പ്രസക്തിയില്ല.

തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവച്ചെങ്കിലും എംഎൽഎ സ്ഥാനം രാജിവയ്ക്കുന്നതിൽ നിലപാട് വ്യക്തമാക്കാതെ സജി ചെറിയാൻ. ചെങ്ങന്നൂരിൽ നിന്നുള്ള എംഎൽഎയായ അദ്ദേഹം നിയമസഭയിൽ ചുമതലയേറ്റത്  ഭരണഘടനയ്ക്ക് വിധേയമായി പ്രവ‍ര്‍ത്തിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്തു കൊണ്ടാണ്. രാജി പ്രഖ്യാപനത്തിനായി മാധ്യമങ്ങളെ കണ്ട സജി ചെറിയാനോട് എംഎൽഎ സ്ഥാനം രാജിവയ്ക്കുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും അദ്ദേഹത്തിൽ നിന്നും മറുപടിയൊന്നുമുണ്ടായില്ല. 

സജി ചെറിയാൻ്റെ രാജിയിലൂടെ തത്കാലം സ‍ര്‍ക്കാരിന് മുന്നിലുണ്ടായ പ്രതിസന്ധി അവസാനിപ്പിച്ചെന്ന വിലയിരുത്തലിലാണ് സിപിഎം. ഫിഷറീസ്, സാംസ്കാരികം എന്നീ പ്രധാനപ്പെട്ട വകുപ്പുകളാണ് നിലവിൽ സജി ചെറിയാൻ കൈകാര്യം ചെയ്യുന്നത്. ഫിഷറീസുമായി ബന്ധപ്പെട്ട സുപ്രധാന പദ്ധതികൾ നിലവിൽ പുരോഗമിക്കുന്നതിനാൽ താത്കാലം മറ്റേതെങ്കിലും മന്ത്രിക്ക് വകുപ്പിൻ്റെ അധിക ചുമതല നൽകുകയോ അല്ലെങ്കിൽ മുഖ്യമന്ത്രി നേരിട്ട് വകുപ്പേറ്റെടുക്കുകയോ ചെയ്യാനാണ് സാധ്യത. സജി ചെറിയാൻ്റെ പകരക്കാരനെ കുറിച്ച് നിലവിൽ പാര്‍ട്ടി നേതൃത്വത്തിൽ ചര്‍ച്ചകളൊന്നുമില്ല. 

മന്ത്രിയുടെ വിവാദ പ്രസ്താവന വൈകാതെ കോടതിയുടെ പരിഗണനയിൽ വരും. ഈ വിഷയത്തിൽ സമീപകാലത്തൊന്നും ഒരു തീര്‍പ്പുണ്ടാകും എന്ന് കരുതാൻ വയ്യ എന്നതിനാൽ സജി ചെറിയാൻ്റെ മടങ്ങിവരവിലെ ചര്‍ച്ചയ്ക്ക് നിലവിൽ പ്രസക്തിയില്ല. അതേസമയം  ഹൈക്കോടതിയിൽ നിന്നും എന്തെങ്കിലും തരത്തിലുള്ള കടുത്ത പരാമര്‍ശമോ നിലപാടുകളോ ഉണ്ടായാൽ ഒരു പക്ഷേ സജി ചെറിയാൻ്റെ എംഎൽഎ സ്ഥാനം കൂടി തുലാസിലാവുകയും ചെയ്യും. 

അതേസമയം പ്രതിപക്ഷ ആവശ്യം അംഗീകരിച്ച് സജി ചെറിയാൻ രാജി വച്ചതിനെ സ്വാഗതം ചെയ്യുന്നതായി വിഡി സതീശൻ പറഞ്ഞു. എന്നാൽ സജി ചെറിയാൻ രാജിപ്രഖ്യാപനത്തിലും തൻ്റെ വിവാദ പ്രസംഗത്തെ തള്ളിപറഞ്ഞിട്ടില്ലഅദ്ദേഹം പറഞ്ഞത് എല്ലാവരും കേട്ടതാണ്. രാജി സ്വതന്ത്ര തീരുമാനം എന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പോൾ ഈ വിഷയത്തിൽ പാർട്ടിയുടെയും മുഖ്യമന്ത്രിയുടെയും നിലപാട് എന്താണ് എന്നും സതീശൻ ചോദിച്ചു. 

ഭരണഘടനയെ തള്ളി പറഞ്ഞയാൾ എംഎൽഎ സ്ഥാനവും രാജിവയ്ക്കുന്നതാണ് ഉചിതമെന്നും സജി ചെറിയാൻ ചെയ്തത് ചെയ്തത് ക്രിമിനൽ കുറ്റമാണെന്നും ഇക്കാര്യത്തിൽ പോലീസ് നടപടി എടുക്കണമെന്നും സതീശൻ പറഞ്ഞു. വിവാദത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. ഒരു പത്രക്കുറിപ്പ് പോലുമില്ല. സർക്കാർ കേസ് എടുത്തില്ലെങ്കിൽ പ്രതിപക്ഷം നിയമവഴി തേടുമെന്നും നാവുപിഴ എന്ന് പറയുന്നത് സാമാന്യ ബോധത്തിനോടുള്ള വെല്ലുവിളിയാണെന്നും സതീശൻ പറഞ്ഞു. 

click me!