രാജിവെച്ചെത്തിയ സജി ചെറിയാനെ ചുംബിച്ച് മകൾ; സന്ദർശിച്ച് മാവേലിക്കര എംഎൽഎ

By Web TeamFirst Published Jul 6, 2022, 6:55 PM IST
Highlights

പ്രതിപക്ഷ ആവശ്യം അംഗീകരിച്ച് സജി ചെറിയാൻ രാജി വെച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു

തിരുവനന്തപുരം: ഭരണഘടനയ്ക്ക് എതിരായ പരാമർശത്തെ തുടർന്ന് മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാൻ തിരികെ വീട്ടിലെത്തിയപ്പോൾ കെട്ടിപ്പിടിച്ച് ചുംബിച്ച് മകൾ. തന്റെ ഔദ്യോഗിക വാഹനമായ കേരള സർക്കാരിന്റെ എട്ടാം നമ്പർ കാർ ഒഴിവാക്കിയാണ് സജി ചെറിയാൻ ഔദ്യോഗിക വസതിയായ കവടിയാർ ഹൗസിലേക്ക് മടങ്ങിയത്. തൊട്ടുപിന്നാലെ കവടിയാർ ഹൗസിൽ നേരിട്ടെന്ന് മാവേലിക്കര എംഎൽഎയും ഡിവൈഎഫ്ഐ നേതാവുമായ എൻ അരുൺ സന്ദർശിച്ചു.

മന്ത്രിയുടെ രാജിയെ ഇടത് നേതാക്കൾ അഭിനന്ദിക്കുമ്പോൾ പ്രതിപക്ഷ നേതാക്കൾ രാജി വെക്കാൻ വൈകിയെന്ന നിലപാടിലാണ്. കമ്മ്യൂണിസ്റ്റുകാരന്‍റെ ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള സജി ചെറിയാന്‍റെ രാജി ധീരമായ നടപടിയാണെന്നും ഇടതുപക്ഷ ബന്ധുക്കൾ ഇന്ത്യയിലെമ്പാടും അദ്ദേഹത്തെച്ചൊല്ലി അഭിമാനം കൊള്ളുന്നുവെന്നും പ്രിയ സഖാവിന് അഭിവാദ്യങ്ങളെന്നും ബിനോയ് വിശ്വം ട്വിറ്ററില്‍ കുറിച്ചു.

പ്രതിപക്ഷ ആവശ്യം അംഗീകരിച്ച് സജി ചെറിയാൻ രാജി വെച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. പ്രസംഗത്തെ സജി ചെറിയാൻ തള്ളിപറഞ്ഞിട്ടില്ല, അദ്ദേഹം പറഞ്ഞത് എല്ലാവരും കേട്ടതാണ്. രാജി സ്വതന്ത്ര തീരുമാനമെന്ന് അദ്ദേഹം പറയുമ്പോൾ മുഖ്യമന്ത്രിയും പാർട്ടിയും അദ്ദേഹത്തെ തള്ളിപ്പറഞ്ഞിട്ടില്ലെന്നാണ് വ്യക്തമാകുന്നതെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.

രാജി പ്രഖ്യാപിച്ച വാർത്ത സമ്മേളനത്തിലും വിവാദ പ്രസംഗത്തെ തള്ളിപ്പറയാൻ സജി ചെറിയാൻ തയ്യാറായില്ല. എംഎൽഎ സ്ഥാനത്ത് തുടരുമോയെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കും മറുപടിയുണ്ടായിട്ടില്ല. മല്ലപ്പള്ളിയിലെ തന്റെ പ്രസംഗത്തിലെ ഏതാനും വരികൾ മാത്രം അടർത്തിയെടുത്ത് വളച്ചൊടിച്ചു എന്നാണ് സജി ചെറിയാൻ രാജി പ്രഖ്യാപന വേളയിലും പറഞ്ഞത്. ഭരണഘടനയെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരിലാണ് മന്ത്രി സജി ചെറിയാന് രാജി വെക്കേണ്ടി വന്നത്.  വൈകിട്ട് അഞ്ച് മണിയോടെയാണ് സജി ചെറിയാൻ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്. സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിലനിര്‍ത്താൻ സിപിഎം സംസ്ഥാന നേതൃത്വം പരമാവധി ശ്രമിച്ചെങ്കിലും ഗുരുതര പരാമ‍ര്‍ശം നടത്തിയ മന്ത്രിക്കെതിരെ കര്‍ശന നടപടി വേണമെന്ന് സിപിഎം കേന്ദ്ര നേതൃത്വം നിലപാട് എടുത്തു. ഇതോടെ സംസ്ഥാന നേതൃത്വത്തിന് മുന്നിൽ മറ്റു വഴികളില്ലാതായി.  

click me!