തീരദേശ നിയമലംഘനങ്ങളുടെ മൊത്തം കണക്ക് നൽകണം: 'മരടി'ൽ സുപ്രീംകോടതി ഉത്തരവ്

By Web TeamFirst Published Sep 23, 2019, 8:55 PM IST
Highlights

കേരളത്തിൽ എത്ര തീരദ്ദേശ നിയമലംഘനങ്ങൾ നടന്നുവെന്നും നിയമം ലംഘിച്ചവർക്കെതിരെ എന്ത് നടപടി എടുത്തുവെന്നും വ്യക്തമാക്കുന്ന സത്യവാങ്മൂലം വെള്ളിയാഴ്ചക്കകം സർക്കാർ സമർപ്പിക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.  

ദില്ലി: മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിന്റെ വാദങ്ങൾ തള്ളി സുപ്രീംകോടതി. ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കാൻ സർക്കാരിന് കൃത്യമായ പദ്ധതിയില്ല. മരടിൽ നിയമലംഘനം നടത്തി ഫ്ലാറ്റുകൾ പണിത നിർമ്മാതാക്കൾക്കെതിരെ സർക്കാർ എന്ത് നടപടിയാണ് എടുത്തതെന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.

കേരളത്തിൽ എത്ര തീരദ്ദേശ നിയമലംഘനങ്ങൾ നടന്നുവെന്നും നിയമം ലംഘിച്ചവർക്കെതിരെ എന്ത് നടപടി എടുത്തു എന്നുംകൂടി സർക്കാർ അറിയിക്കണം. ഇക്കാര്യങ്ങളെല്ലാം ഉൾപ്പെടുത്തിയുള്ള സത്യവാങ്മൂലം വെള്ളിയാഴ്ചക്കകം സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുന്നത്.

അതേസമയം, മരട് കേസുമായി ബന്ധപ്പെട്ട് ഹാജരായ ചീഫ് സെക്രട്ടറി ടോം ജോസിനെ സുപ്രീംകോടതി രൂക്ഷവിമർശിച്ചു. നിയമലംഘനത്തിനെ സർക്കാർ പിന്തുണയ്ക്കുകയാണോ? എന്താണീ ഉദ്യോഗസ്ഥർ ചെയ്യുന്നത്? കേരളത്തിലുണ്ടായ പ്രളയത്തെക്കുറിച്ച് അറിയില്ലേ? ഇവിടെയുള്ള ആളുകളെ കൃത്യമായി പുനരധിവസിപ്പിക്കുക പോലും ചെയ്തിട്ടില്ലെന്നും കോടതി രൂക്ഷവിമർശനമുയർത്തി.

കൂടുതല്‍ അറിയാം:'നിലപാട് ഞെട്ടിപ്പിക്കുന്നു', മരട് കേസിൽ ചീഫ് സെക്രട്ടറിക്ക് സുപ്രീംകോടതിയുടെ ശകാരം

സർക്കാരിന് സുപ്രീംകോടതിയുടെ ഉത്തരവ് പാലിക്കാനുള്ള ഒരു മനസ്സുമില്ലെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാണെന്ന് ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കി. കേരളത്തിലുണ്ടായ പ്രളയത്തിൽ രാജ്യം മുഴുവൻ ഒറ്റക്കെട്ടായി കേരളത്തിനൊപ്പം നിന്നു. സുപ്രീംകോടതിയടക്കം കേരളത്തിനൊപ്പം നിൽക്കുകയും സഹായം നൽകുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും കേരളം പഠിക്കുന്നില്ല. കേരളം നിയമലംഘനം സംരക്ഷിക്കുകയാണോ, കേരളത്തിന്‍റെ നിലപാടിൽ ഞെട്ടൽ തോന്നുന്നുവെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. മരടിലെ എത്ര സമയം വേണം ഫ്ലാറ്റുകൾ പൊളിക്കാൻ എന്ന് കോടതി ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയിരുന്നു.

കൂടുതല്‍ അറിയാം: 'മരടി'ലെ ശകാരം സർക്കാരിനും ഇടത് മുന്നണിക്കും ഇരട്ടപ്രഹരം: മിണ്ടാതെ ചീഫ് സെക്രട്ടറി

സുപ്രീംകോടതിയുടെ രൂക്ഷവിമർശനത്തിൽ പ്രതികരിക്കാനില്ലെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ പ്രതികരണം. കോടതിയുടെ വിധി വരട്ടെ, അതിന് ശേഷമേ പ്രതികരിക്കൂകയുള്ളു. സുപ്രീംകോടതിയുടെ ഉത്തരവ് പാലിക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും ജോസ് ടോം വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും മുതിർന്ന ഏറ്റവും കൂടുതൽ ഫീസ് വാങ്ങുന്ന അഭിഭാഷകരിൽ ഒരാളായ ഹരീഷ് സാൽവെയാണ് സർക്കാരിന് വേണ്ടി ഹാജരായത്.

കൂടുതല്‍ വായിക്കാം; മരട് കേസിൽ സർക്കാരിന് വേണ്ടി അഡ്വ. ഹരീഷ് സാൽവേ: ചീഫ് സെക്രട്ടറി നേരിട്ട് കോടതിയിൽ

എന്നാൽ തെറ്റുതിരുത്തൽ ഹർജിയിലടക്കം പ്രതീക്ഷയുണ്ടെന്നാണ് ഫ്ലാറ്റുടമകളുടെ വിശദീകരണം. പല ഫ്ലാറ്റുടമകളായി സുപ്രീംകോടതിയിൽ തെറ്റുതിരുത്തൽ ഹർജികൾ നൽകിയിട്ടുണ്ട്. അത് സുപ്രീംകോടതി പരിഗണിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് ഫ്ലാറ്റുടമകൾ പറഞ്ഞു. 
 

click me!