ദില്ലി: മരട് ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ ചീഫ് സെക്രട്ടറി ടോം ജോസ് സമർപ്പിച്ച സത്യവാങ്മൂലം ഇന്ന് സുപ്രീംകോടതി പരിശോധിക്കും. കേസിലെ സുപ്രീംകോടതിയുടെ നിരീക്ഷണങ്ങളും ഉത്തരവും സംസ്ഥാനസർക്കാരിന് തീർത്തും നിർണായകമാണ്. ഫ്ലാറ്റ് പൊളിയ്ക്കുമെന്നും തെറ്റ് പറ്റിയെങ്കിൽ ക്ഷമിക്കണമെന്നും അപേക്ഷിച്ചാണ് ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം. കോടതിയിൽ ഇന്ന് ചീഫ് സെക്രട്ടറിയ്ക്ക് വേണ്ടി ഹാജരാകുന്നത് പ്രമുഖ അഭിഭാഷകൻ ഹരീഷ് സാൽവെയാണ്. 

ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുന്നത്. സർക്കാരും ഫ്ലാറ്റ് നിർമാതാക്കളും ഫ്ലാറ്റുടമകളെ മനുഷ്യകവചമാക്കി ഒത്തുകളിയ്ക്കുകയാണെന്ന കത്തും ഇന്ന് സുപ്രീംകോടതിയ്ക്ക് മുന്നിലുണ്ട്. സുപ്രീംകോടതിയിൽ ഇന്ന് പുതുതായി സ്ഥാനമേറ്റെടുക്കുന്ന നാല് ജഡ്ജിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകളാണ്. അത് കഴിഞ്ഞാലുടൻ കോടതി മരട് കേസ് പരിഗണിക്കുമെന്നാണ് കരുതുന്നത്. 11 മണിയ്ക്ക് ശേഷമാകും കേസ് പരിഗണിക്കുക.

ഉത്തരവ് നടപ്പാക്കാൻ ബാധ്യസ്ഥമെന്ന് അറിയിച്ച സത്യവാങ്മൂലത്തിൽ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ചീഫ് സെക്രട്ടറി അഭ്യർത്ഥിച്ചിരുന്നു. എങ്കിലും ചീഫ് സെക്രട്ടറി നേരിട്ട് കോടതിയിൽ ഹാജരാകാൻ ദില്ലിയിൽ എത്തിയിട്ടുണ്ട്. എത്ര സമയത്തിനകം ഫ്ളാറ്റുകൾ പൊളിക്കും എന്ന് വ്യക്തമാക്കാതെയായിരുന്നു ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം . ഇതിലൊക്കെ കോടതിയുടെ പ്രതികരണം എന്താകും എന്നത് പ്രധാനമാണ്. 

കോടതി വിധി നടപ്പാക്കുന്നതിന്‍റെ ഭാഗമായി സര്‍ക്കാര്‍ എടുത്ത നടപടികൾ സത്യവാങ്മൂലത്തിൽ വിശദീകരിക്കുന്നുണ്ട്. ഫ്ലാറ്റുടമകൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് നൽകി, പൊളിച്ച് മാറ്റാൻ ടെൻഡര്‍ നൽകി. നേരിട്ട് സ്ഥലം സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തി തുടങ്ങിയ കാര്യങ്ങളാണ് ചീഫ് സെക്രട്ടറി വിശദീകരിക്കുന്നത്. കോടതി അനുവദിച്ച സമത്ത് ഉത്തരവ് നടപ്പാക്കിയെടുക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ മാപ്പ് നൽകണമെന്നും ചീഫ് സെക്രട്ടറി അപേക്ഷിക്കുന്നു.

ഫ്ലാറ്റ് പൊളിച്ച് മാറ്റണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന നിലപാട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചുകഴിഞ്ഞു. രാഷ്ട്രീയപരമായി മുഖ്യമന്ത്രിയും സിപിഎമ്മും ഫ്ലാറ്റ് പൊളിക്കുന്നത് ഒഴിവാക്കാൻ പരമാവധി നിയമപോരാട്ടം നടത്തുമെന്നാണ് വ്യക്തമാക്കിയത്. സർവകക്ഷിയോഗത്തിൽ ഉയർന്ന ആവശ്യവും അതായിരുന്നു.

എന്നാൽ, ചുരുങ്ങിയ സമയ പരിധിക്ക് അകത്ത് 343 ഫ്ളാറ്റുകൾ ഉള്ള അപ്പാർട്ടുമെന്‍റുകൾ പൊളിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്, വലിയ സാങ്കേതിക സംവിധാനങ്ങൾ ഫ്ളാറ്റുകൾ പൊളിക്കാൻ ആവശ്യമാണ്, കോടതി ഉത്തരവ് നടപ്പാക്കാൻ മദ്രാസ് ഐഐടിയുടെ വിദഗ്ദ ഉപദേശം കിട്ടിയിട്ടുണ്ടെന്നുമാണ് ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്.