കുര്‍ബാന ഏകീകരിക്കാനുള്ള നീക്കത്തില്‍ ചര്‍ച്ചകള്‍ തുടര്‍ന്ന് സീറോ മലബാർ സഭ സിനഡ്

By Web TeamFirst Published Aug 20, 2021, 1:55 PM IST
Highlights

ഭൂമി വിൽപ്പന സംബന്ധിച്ച ക്രമക്കേട് സിനഡ് ചർച്ച ചെയ്യണമെന്നും കുർബ്ബാനയുടെ ഏകീകരണം സംബന്ധിച്ച് ചർച്ച നടത്തുന്നത് കണ്ണിൽ പൊടിയിടാനാണെന്നും എറണാകുളം അങ്കമാലി രൂപതയുടെ മുഖപത്രം സത്യദീപം വിമര്‍ശിച്ചിരുന്നു. സിനഡ് വേദിക്ക് സമീപം വിശ്വാസികളും ഇതേ ആവശ്യവുമായി പ്രതിഷേധം ചെയ്തിരുന്നു. 

സീറോ മലബാർ സഭയുടെ വിശുദ്ധ കുര്‍ബാന ആചരണ രീതികള്‍ ഏകീകരിക്കാനുള്ള ശ്രമം സൂനഹദോസില്‍ ചര്‍ച്ചയാവുന്നു. റാസ കുര്‍ബാന രീതി നടപ്പാക്കാനുള്ള രീതിക്കെതിരെ ഒരു വിഭാഗം പുരോഹിതര്‍ എത്തിയതോടെയാണ് ചര്‍ച്ച നീളുന്നത്. സീറോമലബാര്‍ സഭയിലെ കുര്‍ബാന ആചരണത്തില്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ വിവിധ രീതികളാണ് പിന്തുടരുന്നത്. വിശ്വാസികളെ അഭിമുഖീകരിച്ചും ബലിപീഠത്തെ അഭിമുഖീകരിച്ചും കുര്‍ബാനയിലെ ചില ഭാഗങ്ങള്‍ ആചരിക്കുന്നതിലാണ് വ്യത്യാസമുള്ളത്.

ജനാഭിമുഖ കുര്‍ബാന തുടരാന്‍ അനുവദിക്കണം; മാര്‍പാപ്പയ്ക്ക് വൈദികരുടെ നിവേദനം

നിലവിൽ എറണാകുളം അങ്കമാലി അതിരൂപതയടക്കം  6 അതിരൂപതകളിൽ കുർബാന ജനാഭിമുഖമായാണ് നടക്കുന്നത്. എന്നാൽ കുർബാനയുടെ ആദ്യ ഭാഗം ജനങ്ങൾക്ക് അഭിമുഖമായും പ്രധാന ഭാഗം അൾത്താരയ്ക്ക് അഭിമുഖമായും നടത്തണമെന്നാണ് പുതിയ തീരുമാനം. കുർബാന എകീകരണം സംബന്ധിച്ച് മാർപാപ്പയുടെ  നിർദേശം നടപ്പിലാക്കണമെന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ലിയോ പോൾ ദോ ജിറേല്ലി  നേരത്തെ  ആവശ്യപ്പെട്ടിരുന്നു. അമ്പത്  വർഷമായി എറണാകുളം അങ്കമാലി അതിരൂപതയിലടക്കം  തുടരുന്ന ജനാഭിമുഖ കുർബാന തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വൈദികര്‍ മാര്‍പ്പാപ്പയ്ക്ക് കത്ത് അയക്കുകയും ചെയ്തിരുന്നു.

കുർബാന എകീകരണം: മാർപാപ്പയുടെ നിർദേശം നടപ്പിലാക്കണമെന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി

ഏതാനു ദിവസങ്ങളായി നടക്കുന്ന സിനഡിലെ പ്രധാന ചര്‍ച്ചാ വിഷയവും ഇതുതന്നെയായി മാറുന്നുവെന്നാണ് വിവരം. ഭിന്നതകള്‍ക്കിടെ ഐക്യമുണ്ടാക്കാനാണ് ഒരേ രീതിയെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമെന്നാണ് മറുവിഭാഗം കുറ്റപ്പെടുത്തുന്നത്. ഏകീകൃത രീതി നിർബന്ധിതമായി നടപ്പിലാക്കാൻ ശ്രമിച്ചാൽ അത് സഭയുടെ ഐക്യത്തെ തന്നെ ചോദ്യം ചെയ്യപ്പെടുന്ന ഒന്നാവുമെന്നാണ് എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍ വിലയിരുത്തുന്നത്.

നിലവിലെ രീതി തുടരണം; ആരാധന രീതി ഏകീകരിക്കാനുള്ള നീക്കത്തിനെതിരെ സത്യദീപം

സിനഡിന്‍റെ മൂന്നാം ദിവസമായിരുന്ന ബുധനാഴ്ചയും ഈ വിഷയം തന്നെയായിരുന്നു ചര്‍ച്ചയായത്. വൈദികരോട് ആവശ്യമായ ചര്‍ച്ചകളില്ലാതെ കുര്‍ബാന ഏകീകരിക്കാനുള്ള ശ്രമത്തെ നഖശിഖാന്തം എതിര്‍ക്കുന്നത് വിശ്വാസി സമൂഹത്തിലും ചര്‍ച്ച ചെയ്യപ്പെടുകയാണ്.അതേസമയം സിനഡ് ഇപ്പോൾ ചർച്ച ചെയ്യേണ്ടത് കുർബാനയുടെ ഏകീകരണമല്ലെന്നും വിവാദ ഭൂമി ഇടപാടിലെ അഴിമതിയാണെന്നും വിശ്വാസികളടക്കം ആവശ്യപ്പെടുന്നു.

'ചര്‍ച്ച ചെയ്യേണ്ടത് വിവാദ ഭൂമി ഇടപാടിലെ അഴിമതി'; സിറോ മലബാര്‍ സഭക്കെതിരെ സത്യദീപം

ഭൂമി വിൽപ്പന സംബന്ധിച്ച ക്രമക്കേട് സിനഡ് ചർച്ച ചെയ്യണമെന്നും കുർബ്ബാനയുടെ ഏകീകരണം സംബന്ധിച്ച് ചർച്ച നടത്തുന്നത് കണ്ണിൽ പൊടിയിടാനാണെന്നും എറണാകുളം അങ്കമാലി രൂപതയുടെ മുഖപത്രം സത്യദീപം വിമര്‍ശിച്ചിരുന്നു. സിനഡ് വേദിക്ക് സമീപം വിശ്വാസികളും ഇതേ ആവശ്യവുമായി പ്രതിഷേധം ചെയ്തിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!