പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ വാക്കേറ്റത്തിലും കയ്യാങ്കളിയിലും പ്രതികരിച്ച് രമ്യ ഹരിദാസ് എംഎൽഎ. വീട്ടിലേക്ക് പോയത് ക്ഷണിച്ചത് കൊണ്ടെന്നും സംഘർഷത്തിന് കാരണം ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെന്നും രമ്യ ഹരിദാസ് പറഞ്ഞു.
തിരുവനന്തപുരം: ചിറയിൻകീഴിയിൽ പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ വാക്കേറ്റത്തിലും കയ്യാങ്കളിയിലും പ്രതികരണവുമായി രമ്യ ഹരിദാസ് എംഎൽഎ. ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സംഘർഷത്തിന് കാരണമെന്ന് എംഎൽഎ പറഞ്ഞു. തന്നെ ക്ഷണിച്ചത് കൊണ്ടാണ് സജാദ് എന്ന ആളുടെ വീട്ടിലേക്ക് പോയത്. വീട്ടിൽ വെച്ച് ജില്ലാ പഞ്ചായത്ത് അംഗം സജാദും സുഹൃത്തുക്കളും തന്നെ ആക്രമിച്ചു. കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്ന് എംഎൽഎ അറിയിച്ചു.
ബ്ലോക്ക് പഞ്ചായത്തിൽ നടന്നത് ഔദ്യോഗിക യോഗമായിരുന്നില്ലെന്നും പാളയം പ്രദീപ് തന്റെ സ്റ്റാഫ് അംഗമാണെന്നും രമ്യ ഹരിദാസ് പറഞ്ഞു. സജാദ് തനിക്കെതിരെ മോശമായി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരണം നടത്തുന്ന ആളാണെന്നും രമ്യ ഹരിദാസ് ആരോപിച്ചു. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രമ്യ ഹരിദാസിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.
അതേസമയം രമ്യ ഹരിദാസിനും പാളയം പ്രദീപിനും എതിരെ പരാതി കോൺഗ്രസ് നേതാവ് സജാദ് പരാതി നൽകി. വീട് കയറി ആക്രമിച്ചുവെന്നാണ് ആരോപണം. കൂന്തള്ളൂർ മണ്ഡലം വൈസ് പ്രസിഡൻ്റ് ആണ് പരാതി നൽകിയത്. പൊലീസ് സംരക്ഷണവും തേടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്ത് വിളിച്ചുചേർത്ത കരാറുകാരുടെയും ജനപ്രതിനിധികളുടെയും പ്രോജക്ട് ഇംപ്ലിമെൻ്റ് ഉദ്യോഗസ്ഥരുടെയും യോഗത്തിൽ പാളയം പ്രദീപ് സംസാരിച്ചത് ചോദ്യംചെയ്ത് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ ചോദ്യംചെയ്ത് പ്രാദേശിക കോൺഗ്രസ് നേതാവ് രംഗത്തെത്തി. ഇത് ചോദ്യംചെയ്ത് എംഎൽഎ ഉൾപ്പെടെ ഉള്ളവർ ഇദ്ദേഹത്തിൻ്റെ വീട്ടിൽ എത്തിയതിനിടെയാണ് വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. ഇരുവിഭാഗങ്ങളും ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു. 'എൻ്റെ കൈ വിടടാ' എന്ന് എംഎൽഎ പറയുന്നതും 'നീയാരാടാ' എന്ന് ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.


