
തിരുവനന്തപുരം: ഈ നിയമസഭയിൽ സ്പീക്കറിന്‍റെ ചുമതല ഏറെ ഉത്തരവാദിത്തം ഉള്ളതാണെന്ന് മുതിര്‍ന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. അനുഭവപരിചയമുള്ള ആൾ വേണമെന്ന് പാര്‍ട്ടി തീരുമാനിച്ചാൽ അത് അംഗീകരിച്ച് കൊണ്ട് മുന്നോട്ട് പോകും. പ്രോട്ടോക്കോൾ സിസ്റ്റം അനുസരിച്ച് സ്പീക്കര്‍ വളരെ മുകളിലാണ്. അതുകൊണ്ട് ഈ തീരുമാനത്തെ എതിര്‍ക്കുകയുമില്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യം പാര്‍ട്ടി എടുക്കുന്ന തീരുമാനമാണ്. അത് വളരെ അച്ചടക്കത്തോടെ അംഗീകരിക്കുമെന്നും തിരുവഞ്ചൂര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മന്ത്രിസഭയിൽ നിന്ന് തഴഞ്ഞതല്ല. ഇത് തന്‍റെ മുൻഗണനയാണ്. സ്പീക്കര്‍ വേണോ മറ്റ് പലതും വേണമോയെന്ന് ചോദിച്ചു. തനിക്ക് സ്പീക്കര്‍ഷിപ്പിനോടാണ് താത്പര്യം. എല്ലാവരോടുമായും സ്നേഹത്തിൽ പോകാൻ പറ്റും. തഴയപ്പെട്ടു എന്നൊരു വാക്കേ ഉപയോഗിക്കരുത്. സ്പീക്കര്‍ എന്ന നിലയിൽ അച്ചടക്കത്തിനാണ് പ്രാധാന്യം കൊടുക്കുക. സഭ ഭംഗിയായി നടത്തിക്കൊണ്ട് പോകാൻ ആളെന്ന നിലയിലാണ് ഈ ഉത്തരവാദിത്തം ഏൽപ്പിച്ചിട്ടുള്ളതെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.
അതേസമയം, യുഡിഎഫ് മന്ത്രിസഭയിൽ വൈദ്യുതി വകുപ്പ് ലഭിച്ച കെ മുരളീധരൻ കടുത്ത അതൃപ്തിയിലാണ്. വകുപ്പിൽ എതിർപ്പ് അറിയിച്ച മുരളീധരൻ വൈദ്യുതിയെങ്കിൽ ചുമതല ഏൽക്കാനില്ലെന്ന് വ്യക്തമാക്കിയതായാണ് വിവരം. നേരത്തെ ആരോഗ്യ വകുപ്പാണ് മുരളീധരൻ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വി ഡി സതീശൻ മന്ത്രിസഭയിൽ വകുപ്പുകൾ കെ സി വേണുഗോപാൽ വിഭാഗം കയ്യടക്കിയതോടെയാണ് മുരളീധരന് വകുപ്പ് നഷ്ടപ്പെട്ടത്. കെസി വേണുഗോപാൽ വിഭാഗത്തിന്റെ ഭാഗമായ എ.പി. അനിൽകുമാറിനാണ് ആരോഗ്യം ലഭിച്ചിരിക്കുന്നത്. 2004-ൽ എ.കെ. ആന്റണി മന്ത്രിസഭയിലും മുരളീധരൻ മൂന്ന് മാസത്തോളം വൈദ്യുതി മന്ത്രിയായിരുന്നു. വീണ്ടും അതേ വകുപ്പ് തന്നെ നൽകിയതിലാണ് അദ്ദേഹം തന്റെ ശക്തമായ വിയോജിപ്പ് നേതൃത്വത്തെ അറിയിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam