രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി വല വിരിച്ച് തണ്ടർ ബോൾട്ട്: മഞ്ചിക്കണ്ടിയിൽ പരിശോധന തുടരുന്നു

By Web TeamFirst Published Nov 3, 2019, 6:51 AM IST
Highlights

വനമേഖലയിലേത് വ്യാജഏറ്റുമുട്ടലാണെന്ന പ്രചാരണം ശക്തമാവുമ്പോഴും പ്രദേശത്തും സമീപ കാടുകളിലും തണ്ടർ ബോൾട്ടിന്റെ പരിശോധന ശക്തം. ഏറ്റുമുട്ടലിൽ പരിക്കേറ്റവ‍ർ ഉൾവനത്തിൽ ഉണ്ടെന്ന് സംശയം.

പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടി വനമേഖലയിൽ തണ്ടർ ബോൾട്ടിന്റെ പരിശോധന തുടരുന്നു. പൊലീസ്- മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവർക്ക് പുറമെ പരിക്കേറ്റ മാവോയിസ്റ്റുകൾക്കായാണ് പരിശോധന. ഏറ്റുമുട്ടൽ സ്ഥലം സന്ദർശിച്ച സിഎംപി ജനറൽ സെക്രട്ടറി സി പി ജോൺ സംഭവം ജില്ലാ മജിസ്ട്രേറ്റ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു.

വനമേഖലയിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന പ്രചാരണം ശക്തമാവുമ്പോഴും പ്രദേശത്തും സമീപ കാടുകളിലും തണ്ടർ ബോൾട്ടിന്റെ പരിശോധന ശക്തമാണ്. ഏറ്റുമുട്ടലിൽ പരിക്കേറ്റ മാവോയിസ്റ്റുകൾ ഉൾവനത്തിൽ ഉണ്ടെന്ന സംശയത്തെ തുടർന്നാണ് പരിശോധന. ഇവർക്കായി ഡ്രോൺ ഉപയോഗിച്ച് അടക്കം തെരച്ചിൽ നടക്കുന്നുണ്ട്.

Read More: അട്ടപ്പാടിയില്‍ നടന്നത് പൊലീസ് ഭീകരത; കേരള പോലീസിലെ ഉത്തരേന്ത്യൻ ലോബി ആണ് പിന്നിലെന്നും സിപിഐ

രക്ഷപ്പെട്ടവർ കാടിന് പുറത്തേയ്ക്ക് കടക്കാതിരിക്കാൻ തമിഴ്നാട് - കർണാടക പൊലീസും പരിശോധന നടത്തുന്നുണ്ട്. അതിർത്തികൾക്ക് സമീപത്തെ ആശുപത്രികളിലൊന്നും പരിക്കേറ്റവർ ചികിത്സ തേടിയിട്ടില്ലെന്നാണ് പൊലീസ് നിഗമനം. ഇൻക്വസ്റ്റ് നടപടികൾ നടന്നയിടത്ത് വീണ്ടും ഫോറൻസിക് സംഘം പരിശോധന നടത്തി.

Read More: പിണറായിയും മോദിയും വ്യാജ ഏറ്റുമുട്ടലിന്‍റെ ആളുകള്‍; വാളയാര്‍ പീഡനത്തിന്‍റെ കേന്ദ്രബിന്ദു സിപിഎമ്മാണെന്നും മുല്ലപ്പള്ളി

അതേ സമയം കൊല്ലപ്പെട്ട വനിത ആരാണെന്ന് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. നേരത്തേ കൊല്ലപ്പെട്ടത് രമയോ, ശ്രീമതിയോ ആണെന്നാണ് പൊലീസ് അനൗദ്യോഗികമായി പറഞ്ഞതെങ്കിലും ഇവരുടെ ബന്ധുക്കളാരും എത്തി സ്ഥിരീകരണം നടത്തിയിട്ടില്ല. തൃശ്ശൂർ മെഡിക്കൽ കോളേജിലാണ് ഇവരുടെ മൃതദേഹം ഉള്ളത്.

Read More: മണിവാസകത്തെ വെടിവച്ച് കൊന്നതാണ്, പൊലീസ് വീഡിയോ വ്യാജമെന്ന് ആഞ്ഞടിച്ച് സിപിഐ

പ്രദേശത്ത് നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് പ്രതിപക്ഷവും സിപിഐയും. സിഎംപി ജനറൽ സെക്രട്ടറി സി പി ജോൺ ഇന്നലെ ഏറ്റുമുട്ടൽ നടന്ന സ്ഥലം സന്ദർശിച്ചിരുന്നു. സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണം വേണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.
 

click me!