Asianet News MalayalamAsianet News Malayalam

മണിവാസകത്തെ വെടിവച്ച് കൊന്നതാണ്, പൊലീസ് വീഡിയോ വ്യാജമെന്ന് ആഞ്ഞടിച്ച് സിപിഐ

എൽഡിഎഫ് സർക്കാരിനെതിരെയും ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രിയെയും തീർത്തും പ്രതിരോധത്തിലാക്കുകയാണ് സിപിഐ. ഏറ്റുമുട്ടലിന്‍റെ വീഡിയോ വ്യാജമെന്നും സിപിഐ. 

cpi reiterates that the maoist encounter at palakkad was fake and videos are doctored
Author
Thiruvananthapuram, First Published Nov 2, 2019, 1:43 PM IST

തിരുവനന്തപുരം: പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആഭ്യന്തരവകുപ്പിനുമെതിരെ കടുത്ത വിമർശനങ്ങളുമായി സിപിഐ. മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്ന് പൊലീസ് അവകാശപ്പെടുന്ന സ്ഥലത്ത് വെള്ളിയാഴ്ച സന്ദർശനം നടത്തിയ സിപിഐ സംഘത്തിന് നേതൃത്വം നൽകി അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബു, പൊലീസ് പുറത്തുവിടുന്ന വീഡിയോകളുടെയെല്ലാം ആധികാരികത സംശയത്തിന്‍റെ നിഴലിലാണെന്ന് തുറന്നടിച്ചു. 

കൊല്ലപ്പെട്ട തമിഴ്‍നാട് സ്വദേശി മണിവാസകത്തിന്‍റെ ദേഹത്തെ പരിക്കുകളടക്കം പരിശോധിച്ചാൽ അടുത്ത് വച്ച് പിടിച്ചുകൊണ്ടുപോയി വെടിവച്ച് കൊന്നതാണെന്ന് വ്യക്തമാണെന്ന് പ്രകാശ് ബാബു പറയുന്നു. വെടിയുതിർക്കുന്ന സമയത്ത് പൊലീസുദ്യോഗസ്ഥർ ചരിഞ്ഞ് കിടന്ന് വീഡിയോ പകർത്തിയെന്ന കാര്യം തന്നെ വിചിത്രമാണ്. സാധാരണ ഏറ്റുമുട്ടലുകൾ നടക്കുമ്പോൾ പൊലീസിനും തണ്ടർ ബോൾട്ടിനും ഒരു സ്റ്റാൻഡേഡ് ഓപ്പറേറ്റിംഗ് ക്രമമുണ്ട്. അതനുസരിച്ച് നിലത്ത് കമിഴ്‍ന്ന് കിടന്ന് വെടിയൊച്ച ചെവി അടപ്പിക്കാതിരിക്കാൻ, ചെവിയടച്ച് പിടിക്കുകയാണ് പതിവ്. ഇവിടെ അങ്ങനെയല്ല. ഇവിടെ ഒരു പൊലീസുദ്യോഗസ്ഥൻ ചെരിഞ്ഞ് കിടക്കുകയാണ്. തല താഴ്ത്തണമെന്ന് തുടർച്ചയായി പശ്ചാത്തലത്തിൽ കേൾക്കാം. ദൃശ്യങ്ങളിൽ കേൾക്കുന്ന വെടിയൊച്ചകൾ മാവോയിസ്റ്റുകളുടേതാണോ, അതോ തണ്ടർ ബോൾട്ടിന്‍റെ തന്നെ എ കെ 47-ൽ നിന്നുള്ളതാണോ എന്ന് വിശദമായി പരിശോധിക്കണമെന്നും രമേശ് ബാബു പറഞ്ഞു.

''അവിടെയൊരു എൻകൗണ്ടർ നടന്നെന്ന് ആർക്കും വിശ്വസിക്കാനാവില്ല. ഇതേ വിവരമാണ് സ്ഥലത്തെ ആദിവാസികളും ഞങ്ങളോട് പറഞ്ഞത്. ഏറ്റുമുട്ടൽ നടന്നതിന്‍റെ ഒരു ലക്ഷണവും അവിടെയില്ല. അവിടെയിരുന്ന് മാവോയിസ്റ്റുകൾ ഭക്ഷണം കഴിച്ചിരുന്നു. ഇത് തെളിയിക്കുന്ന തരത്തിൽ ഭക്ഷണപ്പൊതികൾ അവിടെയുണ്ടായിരുന്നതാണ്. ആഹാരം കഴിച്ചുകൊണ്ടിരുന്നവരെ വെടിവച്ച് കൊല്ലുകയായിരുന്നു. മണിവാസകത്തെ പിടിച്ചുകൊണ്ടുപോയി അടുത്ത് നിന്ന് വെടിവച്ച് കൊന്നതാണ്'', പ്രകാശ് ബാബുവിന്‍റെ ഗുരുതര ആരോപണം.

''നിയമസഭയിൽ പൊലീസ് കൊടുക്കുന്ന റിപ്പോർട്ടാണ് മുഖ്യമന്ത്രി വായിച്ചത്. അതേ ഏത് മുഖ്യമന്ത്രിക്കും കഴിയൂ. വസ്തുതകൾ പുറത്തുകൊണ്ടുവരാൻ മജിസ്റ്റീരിയൽ അന്വേഷണം വേണം. എൻകൗണ്ടർ ആണോ എന്നതിൽ കളക്ടർ അടക്കമുള്ള സിവിൽ അഡ്മിനിസ്ട്രേഷനെ പങ്കെടുപ്പിച്ച് കൊണ്ടുള്ള അന്വേഷണം വേണം'', പ്രകാശ് ബാബു ആവശ്യപ്പെട്ടു. 

കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ്

അട്ടപ്പാടിയിൽ മാവോയിസ്റ്റുകളെ കൊന്നത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന് ഭരണകക്ഷി കൂടിയായ സിപിഐയും പ്രതിപക്ഷമായ കോൺഗ്രസും ആരോപിച്ചതിന്‍റെ പശ്ചാത്തലത്തിൽ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ്. നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിന്‍റെ പിറ്റേന്ന് സ്ഥലത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കാൻ പോയ പൊലീസ് സംഘത്തിന് നേരെ വെടിവെപ്പുണ്ടായെന്നാണ് ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലീസ് സമർത്ഥിക്കുന്നത്. എന്നാൽ ദൃശ്യങ്ങളിൽ പൊലീസുദ്യോഗസ്ഥർ നിൽക്കുുമ്പോൾ വെടിയൊച്ച കേൾക്കുന്നതും എല്ലാവരും നിലത്ത് കിടക്കുന്നതും മാത്രമാണ് കാണാനാവുന്നത്. ആരാണ് വെടിവച്ചതെന്നൊന്നും ദൃശ്യങ്ങളിൽ വ്യക്തമല്ല. വെള്ളിയാഴ്ച പുറത്തുവിട്ടതിന് പിന്നാലെ ആരോപണങ്ങൾ കടുത്തതോടെയാണ് പൊലീസ് കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ടത്. 

യുഎപിഎ കരിനിയമം

കോഴിക്കോട് പന്തീരങ്കാവിൽ യുഎപിഎ ചുമത്തി രണ്ട് സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തത് കിരാതനടപടിയെന്നും സിപിഐ ആരോപിച്ചു. മാവോയിസ്റ്റുകളുടെ അഭിപ്രായം പങ്കുവച്ചു എന്നതിന്‍റെ അടിസ്ഥാനത്തിൽ മാത്രം, യുഎപിഎ പോലുള്ള കരിനിയമം ചുമത്തുന്നത് തെറ്റാണ്. യുഎപിഎ പിൻവലിക്കണമെന്നാണ് ഇടത് പക്ഷത്തിന്‍റെ പ്രഖ്യാപിത നിലപാടെന്നിരിക്കെ, ഇടത് സർക്കാരിന്‍റെ പൊലീസ് ഇതേ നിയമം ഉപയോഗിച്ച് ഇടത് പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നത് അപലപനീയമാണെന്നും സിപിഐ വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios