
തിരുവനന്തപുരം:തലസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് ടിപ്പര്‍ അപകടം. കഴക്കൂട്ടത്ത് വെട്ടുറോഡിൽ ടിപ്പര്‍ ലോറി കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു. പെരുമാതുറ സ്വദേശി റുക്സാനയാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് മൂന്നരയോടെ വെട്ടുറോഡിലാണ് നാടിനെ നടുക്കിയ അപകടം നടന്നത്. കഴക്കൂട്ടം ഭാഗത്ത് നിന്ന് ബന്ധുവിനൊപ്പം കണിയാപുരത്തേക്ക് പോകുകയായിരുന്നു പെരുമാതുറ സ്വദേശി റുക്സാന.
പുറകെ എത്തിയ ലോറി അമിത വേഗത്തിൽ സ്കൂട്ടറിനെ മറികടന്ന് ഇടതുവശം ചേര്‍ന്നൊതുക്കി. ലോറി തട്ടിയതോടെ സ്കൂട്ടറിന് പുറകിലിരുന്ന റുക്സാന വീണു. ലോറിക്കടിയിൽ പെട്ടു. ലോറിയുടെ പിന്‍ ടയറുകള്‍ റുസ്കാനയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു.
കണ്ടുനിന്ന നാട്ടുകാര്‍ നിലവിളി കൂട്ടിയപ്പോഴാണ് ഡ്രൈവര്‍ അപകട വിവരം അറിയുന്നത്. ലോറി പുറകോട്ടെടുത്താണ് റുക്സാനയെ പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അശ്രദ്ധമായി ലോറിയോടിച്ച ഡ്രൈവര്‍ നഗരൂര്‍ സ്വദേശി ജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മംഗലപുരം പൊലീസ് കേസെടുത്തു. തുടര്‍ച്ചയായ അപകടങ്ങൾ നാടിനെ നടുക്കിയിട്ടും നിയന്ത്രിക്കാൻ നിബന്ധനകൾ പലത് വച്ചിട്ടും നിരത്തിന് ഭീഷണിയായി ടിപ്പറോട്ടങ്ങൾ തുടരുകയാണ്.
വിഴിഞ്ഞം തുറമുഖത്തേക്കുള്ള കല്ലുകളുമായി പോവുകയായിരുന്ന ടിപ്പറില്‍ നിന്ന് കല്ല് തെറിച്ച് വീണ് സ്കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ച ദാരുണ സംഭവത്തിന് പിന്നാലെയാണിപ്പോള്‍ ടിപ്പറിന്‍റെ അമിത വേഗം മറ്റൊരു ജീവൻ കൂടി കവര്‍ന്നെടുത്ത സംഭവമുണ്ടായത്.
ഓവർലോഡ് കയറ്റിയ ടിപ്പർ ലോറിയിൽ നിന്ന് കരിങ്കല്ല് തെറിച്ചുവീണു; നേരത്തെ 'വാണിംഗ്' കിട്ടിയ അതേ ലോറി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam