
കണ്ണൂർ: ഭീഷണി ഫോൺ കോൾ ലഭിച്ച സംഭവത്തിൽ പ്രതികരണവുമായി തളിപ്പറമ്പ് എംഎൽഎ ടി കെ ഗോവിന്ദൻ. വധഭീഷണി ഗൗരവമായി കാണുന്നില്ലെന്ന് ടി കെ ഗോവിന്ദൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഭീഷണി സിപിഎമ്മിലെ അസഹിഷ്ണുതയുടെ ഭാഗമാണെന്നും ഈ ഫോൺ വിളി കൊണ്ടൊന്നും ഭയപ്പെടില്ലെന്നും ടി കെ ഗോവിന്ദൻ വ്യക്തമാക്കി. ഈ യാത്ര അധികം ഉണ്ടാകില്ലെന്നും പണി ജയിലിൽ ഉള്ളവർ നോക്കുമെന്നുമായിരുന്നു ടി കെ ഗോവിന്ദന് ലഭിച്ച ഫോൺ സന്ദേശം.
ഭീഷണി ഫോൺ കോൾ ഗൗരവത്തിൽ കാണുന്നില്ല. അത് അസഹിഷ്ണുതയുടെ ഭാഗമാണ്. സിപിഎമ്മിനകത്തെ അസഹിഷ്ണുത അവസാനിപ്പിച്ചാൽ മാത്രമേ ആ പാർട്ടി രക്ഷപ്പെടുകയുള്ളൂ. ഇത്തരം പരിപാടികളിൽ സിപിഎം നേതാക്കന്മാർക്ക് അറിവുണ്ടാകുമെന്ന് കരുതുന്നില്ല. പക്ഷേ, സിപിഎം നേതൃത്വത്തിൻ്റെ മനസ്സാ പിന്തുണയോടെ ഭീഷണികളും അക്രമങ്ങളും മറ്റും നടക്കാറുണ്ടെന്നും ടി കെ ഗോവിന്ദൻ പറഞ്ഞു.
ഭീഷണിക്ക് പുറമേ അസഭ്യവും വാക്കുകളും ഉണ്ടായിരുന്നു. തനിക്കെതിരെ മാത്രമല്ല, രമേശ് ചെന്നിത്തലയ്ക്കെതിരെയും അസഭ്യം പറഞ്ഞു. ബോധപൂർവം പ്രശ്നം സൃഷ്ടിക്കാനും സിപിഎമ്മിന്റെ അണികളിൽ വിദ്വേഷം വളർത്തിയെടുക്കാനുമാകും ഉദ്ദേശ്യം. പേടിപ്പിച്ച് ഇരുത്താനാകും ലക്ഷ്യം. അതുകൊണ്ടൊന്നും ഭയപ്പെടുന്ന ആളല്ല താൻ. ജയിലിൽ പോയാൽ കാര്യങ്ങൾ പാർട്ടി നോക്കികോളുമെന്ന് പറഞ്ഞു. അതുകൊണ്ട് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് സംശയിക്കുന്നതിൽ തെറ്റില്ലെന്നും ടി കെ ഗോവിന്ദൻ പറഞ്ഞു.
വി കുഞ്ഞികൃഷ്ണനൊപ്പം വാർത്താസമ്മേളനം നടത്തിയത് പ്രകോപനമായിട്ടുണ്ടാകാമെന്നും ടി കെ ഗോവിന്ദൻ ചൂണ്ടിക്കാട്ടി. കൂടുതൽ സുരക്ഷ ആവശ്യപ്പെടില്ല. പിന്നീട് ആക്ഷേപം ഉന്നയിക്കാതിരിക്കാൻ വേണ്ടിയാണ് പൊലീസിനെ വിവരം അറിയിച്ചത്. 60 വർഷക്കാലം സിപിഎമ്മിൽ പ്രവർത്തിച്ചപ്പോൾ എതിരാളികളുടെ ഭാഗത്തുനിന്ന് ഭീഷണി നേരിട്ടിട്ടുണ്ടെന്നും ടി കെ ഗോവിന്ദൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ടി കെ ഗോവിന്ദൻ എംഎൽഎ പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെ ആണ് ഫോണിലേക്ക് ഭീഷണി കോൾ വന്നത്. സംഭവത്തിൽ ടി കെ ഗോവിന്ദൻ്റെ പേഴ്സണൽ സെക്രട്ടറി മയ്യിൽ പൊലീസിന് പരാതി നൽകിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam