ചേര്‍പ്പിലെ കലുങ്ക് സംവാദത്തിനിടെ വയോധകന്‍റെ അപേക്ഷ നിരസിച്ച സംഭവത്തിലാണ് വിശദീകരണവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി രംഗത്തെത്തിയത്. ഭവന നിര്‍മാണം സംസ്ഥാന വിഷയമാണെന്നും വിവാദത്തിലൂടെ മറ്റൊരു പാര്‍ട്ടി വീട് നൽകുന്നത് സന്തോഷമമെന്നും കേന്ദ്രമന്ത്രി
തൃശൂര്‍: തൃശൂര്‍ ചേര്‍പ്പിലെ കലുങ്ക് സംവാദത്തിനിടെ വയോധകന്‍റെ അപേക്ഷ നിരസിച്ച സംഭവത്തിൽ വിശദീകരണവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പാലിക്കാനാകാത്ത വാഗ്ദാനങ്ങള്‍ താൻ നൽകാറില്ലെന്നും ജനങ്ങള്‍ക്ക് വ്യാജ പ്രതീക്ഷകള്‍ നൽകുന്നത് തന്‍റെ ശൈലി അല്ലെന്നും സുരേഷ് ഗോപി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ഭവന നിര്‍മാണം സംസ്ഥാന വിഷയമാണെന്നും അത്തരം അഭ്യര്‍ത്ഥനകള്‍ ഒരാള്‍ക്ക് മാത്രം അനുവദിക്കാനോ തീരുമാനിക്കാനോ കഴിയില്ലെന്നും അതിന് സംസ്ഥാന സര്‍ക്കാര്‍ തന്നെ വിചാരിക്കണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തന്‍റെ ശ്രമങ്ങള്‍ എല്ലായിപ്പോഴും സിസ്റ്റത്തിനുള്ളിൽ പ്രവര്‍ത്തിച്ച് ജനങ്ങള്‍ക്ക് യഥാര്‍ത്ഥ നേട്ടങ്ങള്‍ എത്തിക്കാനാണ് ശ്രമം. അപേക്ഷ നിരസിച്ചുവെന്ന സംഭവത്തിലൂടെ മറ്റൊരു പാര്‍ട്ടി ആ കുടുംബത്തെ സമീപിച്ച് വീട് വാഗ്ദാനം ചെയ്തത് സന്തോഷമുള്ള കാര്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപി അപേക്ഷ നിരസിച്ച കൊച്ചു വേലായുധന് വീട് നൽകുമെന്ന് സിപിഎം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം സുരേഷ് ഗോപി ചേർപ്പ് പുള്ളിൽ നടത്തിയ കലുങ്ക് സംവാദത്തിനിടെ പ്രദേശവാസിയായ കൊച്ചു വേലായുധൻ എന്ന വയോധികനാണ് അപേക്ഷയുമായി എത്തിയത്. കൊച്ചു വേലായുധന്‍റെ അപേക്ഷ സുരേഷ് ഗോപി നിരസിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവം സുരേഷ്‍ഗോപിക്കെതിരെ സിപിഎം രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരുന്നു. നിവേദനമടങ്ങിയ കവർ തുറന്നു പോലും നോക്കാതെ അവഹേളിച്ച കൊച്ചു വേലായുധന് വീട് നിർമ്മിച്ച് നൽകുമെന്നാണ് സിപിഎം പ്രഖ്യാപിച്ചത്.
സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം:
അടുത്തിടെ ഭവനസഹായവുമായി ബന്ധപ്പെട്ട് എന്‍റെ അടുത്ത് വന്ന ഒരു അപേക്ഷ നിരസിക്കപ്പെട്ട വിഷയത്തിൽ നിരവധി വാർത്തകളും വ്യാഖ്യാനങ്ങളും പുറത്തുവന്നിട്ടുണ്ട്. അതിനെ ചിലർ സ്വന്തം രാഷ്ട്രീയ അജണ്ടകൾക്കായി ഉപയോഗിക്കുന്നുവെന്ന് കാണുന്നു. ഒരു പൊതുപ്രവർത്തകനായി, എനിക്ക് എന്ത് ചെയ്യാൻ കഴിയും, എന്ത് ചെയ്യാൻ കഴിയില്ല എന്നതിനെക്കുറിച്ച് എപ്പോഴും വ്യക്തമായ ധാരണയുണ്ട്. പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ ഞാൻ നൽകാറില്ല. ജനങ്ങൾക്ക് വ്യാജ പ്രതീക്ഷകൾ നൽകുന്നത് എന്‍റെ ശൈലി അല്ല. ഭവനനിർമ്മാണം ഒരു സംസ്ഥാന വിഷയമാണ്. അതിനാൽ അത്തരം അഭ്യർത്ഥനകൾ ഒരാള്‍ക്ക് മാത്രം അനുവദിക്കാനോ തീരുമാനിക്കാനോ കഴിയില്ല. അതിന് സംസ്ഥാന സർക്കാർ തന്നെ വിചാരിക്കണം. എന്റെ ശ്രമങ്ങൾ എല്ലായ്പ്പോഴും സിസ്റ്റത്തിനുള്ളിൽ പ്രവർത്തിച്ച്, ജനങ്ങൾക്ക് യഥാർത്ഥ നേട്ടങ്ങൾ എത്തിക്കാനാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. അതേ സമയം, ഈ സംഭവത്തിലൂടെ മറ്റൊരു പാർട്ടി ആ കുടുംബത്തെ സമീപിച്ച് സുരക്ഷിതമായ ഭവനം ഉറപ്പാക്കാൻ മുന്നോട്ട് വന്നത് എന്ന കാര്യം കാണുന്നത് എനിക്ക് സന്തോഷമാണ്. രാഷ്ട്രീയ ഉന്നം ഉള്ളതാണെങ്കിലും ഞാന്‍ കാരണം അവര്‍ക്ക് ഒരു വീട് എന്നത് ലഭ്യമായല്ലോ. കഴിഞ്ഞ രണ്ടു കൊല്ലങ്ങളായി ഇത് കണ്ട് കൊണ്ടിരുന്നു ആളുകള്‍ ഞാന്‍ കാരണം എങ്കിലും ഇപ്പോൾ വീട് വെച്ച് നൽകാൻ ഇറങ്ങിയല്ലോ. ജനങ്ങളുടെ പോരാട്ടങ്ങളിൽ രാഷ്ട്രീയ കളികൾക്കല്ല, യഥാർത്ഥ പരിഹാരങ്ങൾക്കാണ് സ്ഥാനം എന്നാണ് എന്‍റെ വിശ്വാസം.



