ഇന്ത്യ അമേരിക്ക വ്യാപാര ചർച്ചകൾ വീണ്ടും തുടങ്ങുന്നു. ചർച്ചകൾക്കായി അമേരിക്കൻ മധ്യസ്ഥ സംഘം ഇന്ന് രാത്രി ഇന്ത്യയിലെത്തും. അമേരിക്കയുമായുള്ള വ്യാപാര കരാറിനായി വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ അടക്കുള്ളവർ അമേരിക്കയിലെത്തി ചർച്ച നടത്തിയിരുന്നു
ദില്ലി: ഇന്ത്യ അമേരിക്ക വ്യാപാര ചർച്ചകൾ വീണ്ടും തുടങ്ങുന്നു. ചർച്ചകൾക്കായി അമേരിക്കൻ മധ്യസ്ഥ സംഘം ഇന്ന് രാത്രി ഇന്ത്യയിലെത്തും. വ്യാപാര ചർച്ചകൾ നാളെ മുതലാണ് തുടക്കമാകുക. അതിനിടെ അമേരിക്കയിൽ നിന്ന് ഇന്ത്യ ചോളം വാങ്ങിയില്ലെങ്കിൽ പ്രത്യാഘാതം ഉണ്ടാകുമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹൊവാർഡ് ലുട്നിക് ഭീഷണി മുഴക്കിയിട്ടുമുണ്ട്.
നിര്‍ത്തിവെച്ച ചർച്ചകൾക്ക് ജീവൻ വെയ്ക്കുന്നു
അമേരിക്കയുമായുള്ള വ്യാപാര കരാറിനായി വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ അടക്കുള്ളവർ അമേരിക്കയിലെത്തി ചർച്ച നടത്തിയിരുന്നു. പല വിഷയങ്ങളിലും ധാരണയായ ശേഷാണ് ഇന്ത്യ അമേരിക്ക ബന്ധം വഷളായത്. കാർഷിക ക്ഷീര ഉത്പന്നങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ച പറ്റില്ല എന്ന നിലപാടാണ് നരേന്ദ്ര മോദി അറിയിച്ചത്. ഇതും ഓപ്പറേഷൻ സിന്ദൂറിനു ശേഷമുള്ള സാഹചര്യവും അമേരിക്കയെ ചൊടിപ്പിച്ചു. ആദ്യം 25 ശതമാനം തീരുവ ഏർപ്പെടുത്തിയ ട്രംപ് പിന്നീട് റഷ്യൻ എണ്ണ ഇന്ത്യ വാങ്ങുന്നു എന്ന് ചൂണ്ടിക്കാട്ടി 25 ശതമാനം തീരുവ കൂടി പ്രഖ്യാപിച്ചും. കഴിഞ്ഞയാഴ്ച സാമൂഹ്യ മാധ്യമത്തിൽ നരേന്ദ്ര മോദിയെ അടുത്ത സുഹൃത്തെന്ന് വിശേഷിപ്പിച്ച ട്രംപ് നിലപാട് മയപ്പെടുത്തിയതോടെയാണ് ഇന്ത്യയും ചർച്ചയ്ക്ക് തയ്യാറായത്. താനും മോദിയും തമ്മിൽ ചർച്ച നടക്കും എന്ന ട്രംപിൻറെ പ്രസ്താവന മോദി സ്ഥിരീകരിച്ചിരുന്നു.
അസിസ്റ്റൻറ് യുഎസ് ട്രേഡ് നെഗോഷിയേറ്റർ ബെട്രൻഡ് ലിൻചിന്‍റെ നേതൃത്വത്തലുള്ള സംഘമാണ് ഇന്ത്യയിലെത്തുന്നത്. വാണിജ്യമന്ത്രി പിയൂഷ് ഗോയലിനേയും സംഘം കണ്ടേക്കും. അധിക തീരുവ പിൻവലക്കണം എന്ന നിർദ്ദേശം അമേരിക്കയുടെ മുമ്പാകെ വയ്ക്കും. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെ ഇതുമായി കൂട്ടിക്കുഴയ്ക്കരുതെന്ന നിലപാടിൽ ഇന്ത്യ ഉറച്ചു നില്ക്കും. നവംബറോടെ ആദ്യ ഘട്ട കരാറിനുള്ള സാധ്യതയുണ്ടെന്ന് ഉന്നത വൃത്തങ്ങൾ പറഞ്ഞു. ചർച്ചകളിൽ പുരോഗതി ഉണ്ടെങ്കിൽ നരേന്ദ്ര മോദി അമേരിക്കയിലേക്ക് പോകുന്നത് അടക്കമുള്ള വിഷയങ്ങളിൽ തീരുമാനമുണ്ടാകും.



