'പുത്തലത്തിന് പെൻഷൻ, തരൂരിന്‍റെ പേരിൽ തമ്മിലടി, അനിൽ ആന്‍റണിയുടെ ബിജെപി സ്നേഹം, വൈക്കത്തെ പോര്'- 10 വാർത്ത

Published : Apr 02, 2023, 05:56 PM IST
'പുത്തലത്തിന് പെൻഷൻ, തരൂരിന്‍റെ പേരിൽ തമ്മിലടി, അനിൽ ആന്‍റണിയുടെ ബിജെപി സ്നേഹം, വൈക്കത്തെ പോര്'- 10 വാർത്ത

Synopsis

വൈക്കം ശതാബ്ദി ആഘോഷങ്ങൾക്ക് പിന്നാലെ ഇടതുമുന്നണിയിൽ പൊട്ടിത്തെറി, തരൂരിനെതിരെ മോശമായി സംസാരിച്ചതിന്‍റെ പേരില്‍ ചേരി തിരിഞ്ഞ് വാക്കേറ്റം, വി ഡി സവർക്കറെ  പിന്തുണച്ച് അനില്‍ ആന്‍റണി- അറിയാം ഇന്നത്തെ പ്രധാന 10 വാർത്തകള്‍.

1. തരൂർ അനുകൂലികളും എതിർ സംഘവും തമ്മിലടിച്ചു, തിരുവനന്തപുരം ഡിസിസി ഓഫീസിൽ വാക്കേറ്റവും കയ്യാങ്കളിയും

കോൺഗ്രസ് ഡിസിസി ഓഫീസിൽ വാക്കേറ്റവും കയ്യാങ്കളിയും. ഡിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ സതീഷും ശശി തരൂരിന്റെ സ്റ്റാഫ് പ്രവീൺ കുമാറും തമ്മിലാണ് വാക്കേറ്റമുണ്ടായത്. തരൂരിനെതിരെ സതീഷ് മോശമായി സംസാരിച്ചുവെന്ന് തരൂർ അനുകൂലികളും തരൂർ അനുകൂലികൾ തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്ന് സതീഷും ആരോപിച്ചു. 

2. ആറ് വർഷം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി, പുത്തലത്തിന് പെൻഷന് ഉത്തരവ്; 10 ലക്ഷത്തിന്‍റെ ആനുകൂല്യവും

മുഖ്യമന്ത്രി പിണറായി വിജയന്‍റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പുത്തലത്ത് ദിനേശന് പെന്‍ഷന്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. പന്ത്രണ്ടായിരത്തിലധികം രൂപയാകും പുത്തലത്ത് ദിനേഷന് പ്രതിമാസ പെന്‍ഷനായി ലഭിക്കുക. ആനുകൂല്യങ്ങള്‍ ഉള്‍പ്പടെ പത്തുലക്ഷത്തിലധികം രൂപയും അനുവദിച്ചിട്ടുണ്ട്. ആറ് വര്‍ഷത്തോളമാണ് ദിനേശന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്. പേഴ്സണല്‍ സ്റ്റാഫിനുള്ള ആനുകൂല്യം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ദിനേശന്‍ നല്‍കിയ അപേക്ഷയിലാണ് പൊതുഭരണ വകുപ്പിന്‍റെ ഉത്തരവ്.

3. തൃശൂരിലെ ഗൃഹനാഥന്റെ മരണത്തിൽ ദുരൂഹത, 4 പേർ ചികിത്സയിൽ;വീട്ടിലുണ്ടായിട്ടും ഭക്ഷണം കഴിച്ചില്ലെന്ന് മകന്റെ മൊഴി

അവണൂരില്‍ ഗൃഹനാഥന്‍ മരിച്ചത് ഭക്ഷണത്തില്‍ നിന്നും വിഷബാധയേറ്റെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. അമ്മാത്ത് വീട്ടില്‍ ശശീന്ദ്രനാണ് മരിച്ചത്. ചന്ദ്രന്‍റെ അമ്മയെയും ഭാര്യയെയും രണ്ട് തെങ്ങുകയറ്റ തൊഴിലാളികളെയും ഛര്‍ദ്ദിയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയോടെ തൃശൂര്‍ മെഡിക്കല്‍ കോളെജിലെ എടിഎമ്മില്‍ നിന്നു പണമെടുക്കാനെത്തിയ ശശീന്ദ്രന്‍ കുഴഞ്ഞു വീഴുകയായിരുന്നു. എടിഎമ്മിന് സമീപത്തെ കോഫീ  ഹൗസില്‍ നിന്നു ഭക്ഷണം കഴിച്ചശേഷം പുറത്തിറങ്ങിയ ഡോക്ടര്‍മാരുടെ സംഘത്തിന് മുന്നിലാണ് ശശീന്ദ്രന്‍ കുഴഞ്ഞു വീണത്.

4. എംഎൽഎയുടെ പേരൊഴിവാക്കിയതിൽ തർക്കം; വൈക്കം ശതാബ്ദി ആഘോഷങ്ങൾക്ക് പിന്നാലെ ഇടതുമുന്നണിയിൽ പൊട്ടിത്തെറി 

വൈക്കം ശതാബ്ദി ആഘോഷങ്ങൾക്ക് പിന്നാലെ ഇടതുമുന്നണിയിൽ പൊട്ടിത്തെറി. പി ആർഡി നൽകിയ പത്രപരസ്യത്തിൽ നിന്ന് സ്ഥലം എംഎൽഎ സി.കെ.ആശയുടെ പേര് ഒഴിവാക്കിയത് അംഗീകരിക്കാനാകില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി തുറന്നടിച്ചു. മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന പിആർഡി വകുപ്പിനെതിരെ സിപിഐ നടത്തിയ പരസ്യ പ്രതികരണത്തിൽ അതൃപ്തിയിലാണ് സിപിഎം ജില്ലാ നേതൃത്വം. എന്നാൽ ജില്ലാ നേതൃത്വത്തെ തള്ളി പാർട്ടിക്ക് പരിഭവമില്ലെന്നാണ് കാനത്തിന്റെ പ്രതികരണം. 

5. 'ഫിറോസ് ഗാന്ധി, ഇന്ദിര ഗാന്ധി എന്നിവരുടെ നിരീക്ഷണങ്ങളിൽ നിന്ന് പഠിക്കണം'; സവർക്കറെ പിന്തുണച്ച് അനിൽ ആന്‍റണി

വി ഡി സവർക്കറെ  പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകനും കോണ്‍ഗ്രസിന്‍റെ ഐടി സെല്‍ മുന്‍ ചുമതലക്കാരനുമായ  അനിൽ ആന്‍റണി. ഇന്ത്യൻ എക്സ്പ്രസ് പത്രത്തില്‍ വന്ന ഒരു ആർട്ടിക്കിൾ ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ടാണ് അനില്‍ ആന്‍റണി സവർക്കറെ പിന്തുണച്ചത്. ഫിറോസ് ഗാന്ധിയുടെയും ഇന്ദിരഗാന്ധിയുടെയും നിരീക്ഷണങ്ങളിൽ നിന്ന് ഇപ്പോഴത്തെ പ്രതിപക്ഷ നേതാക്കൾ പഠിക്കണമെന്നും അനില്‍ പറയുന്നു.

6. 'അഴിമതിക്ക് നേതൃത്വം നല്കിയ മുഖ്യമന്ത്രിയെ സംരക്ഷിച്ച് അസംബന്ധ വിധി'; ലോകായുക്ത രാജിവയ്ക്കണമെന്ന് കെ.സുധാകരൻ

അഴിമതിക്കെതിരേ പോരാടാനുള്ള കേരളത്തിന്‍റെ  വജ്ജ്രായുധമായ ലോകായുക്ത, നീതിനിര്‍വഹണത്തില്‍ സമ്പൂര്‍ണമായി പരാജയപ്പെട്ടെന്ന് പൊതുസമൂഹം വിലയിരുത്തിയ പശ്ചാത്തലത്തില്‍ ലോകായുക്ത അടിയന്തരമായി രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ആവശ്യപ്പെട്ടു അഴിമതിക്ക് നേതൃത്വം നല്കിയ മുഖ്യമന്ത്രിക്ക് സംരക്ഷണമൊരുക്കാന്‍  അസംബന്ധങ്ങള്‍ കുത്തിനിറച്ച ഇതുപോലൊരു വിചിത്രമായ വിധി കേരളത്തിന്‍റെ  നീതിന്യായ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്ന് സുധാകരൻ പറഞ്ഞു.

7. വേദനയായി വേളാങ്കണ്ണി തീർത്ഥയാത്രാ സംഘത്തിന്റെ ബസ് അപകടം, മരിച്ചത് തൃശൂർ സ്വദേശികളായ ഒരു സ്ത്രീയും കുഞ്ഞും

ഓശാന ഞായർ ദിനത്തിൽ വേദനയായി വേളാങ്കണ്ണി തീർത്ഥയാത്രാ സംഘത്തി്നറെ ബസ് അപകടം. ഒല്ലൂരിൽ നിന്നും വേളാങ്കണ്ണി തീർത്ഥയാത്രയ്ക്ക് പുറപ്പെട്ട സംഘം സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേരുടെ ജീവനുകളാണ് പൊലിഞ്ഞത്. നെല്ലിക്കുന്ന് സ്വരാജ് നഗർ പുളിക്കൻ വീട്ടിൽ ലില്ലി വർഗീസ് (60), വരന്തരപ്പിള്ളി പള്ളിക്കുന്ന് താക്കോൽക്കാരൻ വീട്ടിൽ ജെറാർഡ് ജിമ്മി (9) എന്നിവരാണ് മരിച്ചത്. പുലർച്ചെ നാലരയോടെ മന്നാർകുടിക്ക് സമീപം ഒറത്തനാട് ഭാഗത്ത് വളവ് തിരിയുമ്പോഴാണ് അപകടമുണ്ടായത്. 27 പേർക്ക് അപകടത്തില്‍ പരിക്കേറ്റു. 

8. 'രാഹുലിനെതിരായ കേസുകൾക്ക് പിന്നിൽ പ്രധാനമന്ത്രിയും ആർഎസ്എസും': വേണുഗോപാൽ

രാഹുൽ ഗാന്ധിക്കെതിരായ എല്ലാ കേസുകൾക്കും പിന്നിൽ പ്രധാനമന്ത്രിയും ആർ എസ് എസുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. കോലാര്‍ പ്രസംഗത്തിലെ അപകീർത്തി പരാമർശ കേസിൽ അപ്പീൽ നൽകുന്നതിനായി നാളെ ഉച്ചക്ക് ശേഷം രാഹുൽ ഗാന്ധി കോടതിയിൽ ഹാജരാകുമെന്നും വേണുഗോപാൽ സ്ഥിരീകരിച്ചു. പന്ത്രണ്ടരക്കുള്ള വിമാനത്തിൽ ദില്ലിയിൽ നിന്നും രാഹുൽ സൂറത്തിലേക്ക് പോകും. കോടതി നടപടിയെ മുൻവിധിയോടെ കാണുന്നില്ലെന്നും വേണുഗോപാൽ വിശദീകരിച്ചു. രാഹുൽ അപ്പീൽ നൽകാത്തതിൽ ബിജെപിക്ക് എന്തിനാണ് വേവലാതിയെന്ന ചോദ്യവും ബിജെപി നേതാക്കൾക്ക് നേരെ വേണുഗോപാൽ തൊടുത്തു. 

9. രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം ,യുഡിഎഫ് രാജ്ഭവന്‍ സത്യഗ്രഹം ഏപ്രില്‍ 5ന്

രാഹുല്‍ ഗാന്ധിയുടെ  ലോകസഭാംഗത്വത്തിന്  അയോഗ്യത കല്‍പ്പിച്ച ജനാധിപത്യ ധ്വംസനത്തിനും  പൊതുസമ്പത്ത് അദാനിക്ക് കൊള്ളയടിക്കാന്‍ വിട്ടുകൊടുക്കുന്ന ബിജെപി സര്‍ക്കാരിന്‍റെ  അഴിമതിയിലും പ്രതിഷേധിച്ചും ഫാസിസ്റ്റ് വിരുദ്ധപോരാട്ടം നടത്തുന്ന രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും  യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ എംഎല്‍എമാരും നേതാക്കളും ഏപ്രില്‍ 5 ന് രാജ്ഭവന് മുന്നില്‍  പ്രതിഷേധ സത്യഗ്രഹം നടത്തുമെന്നും എംഎം ഹസ്സന്‍ അറിയിച്ചു.

10. അഴിമതിക്കേസ്: കര്‍ണാടകയില്‍ ബിജെപി എംഎൽഎയും മകനും ഒരേ ജയിലിൽ!

അഴിമതിക്കേസിൽ‌ കർണാടക ബിജെപി എംഎൽഎയും മകനും ഒരേ ജയിലിൽ. ലോകായുക്ത ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത ബിജെപി എംഎൽഎ മദൽ വിരൂപാക്ഷപ്പയെ കോടതി ഒമ്പത് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇദ്ദേഹത്തെ ബെംഗളൂരു സെൻട്രൽ ജയിലിലേക്കാണ് അയച്ചത്. ഇതേ കേസിൽ, വിരുപാക്ഷയുടെ മകൻ പ്രശാന്തും ബെം​ഗളൂരു ജയിലിലാണ്. കർണാടക സ്റ്റേറ്റ് ഓഡിറ്റ് ആൻഡ് അക്കൗണ്ട്‌സ് സർവീസസ് ഓഫീസറായ പ്രശാന്തിന്റെ ജാമ്യാപേക്ഷയിൽ കോടതി ഏപ്രിൽ 10ന് തീരുമാനമെടുക്കും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോഴിക്കോട്ടെ സിപിഎമ്മിന്റെ കുത്തക മണ്ഡലം കണ്ണുവച്ച് കേരള കോൺഗ്രസ് എം; പാലായിൽ ജോസ് കെ മാണി തന്നെ സ്ഥാനാർത്ഥിയാകാനും സാധ്യത
തൊടിയപ്പുലത്തെ14 കാരിയുടെ കൊലപാതകം; തന്നെ ഒഴിവാക്കാൻ ശ്രമിച്ചതിലുള്ള വിരോധത്തിലെന്ന് പ്രതി, പോസ്റ്റ്മോർട്ടം ഇന്ന്