‘സ്വാതന്ത്ര്യ സമര സേനാനിയായ സവർക്കറെ തീവ്രമായി അപമാനിക്കുന്ന പ്രതിപക്ഷ നേതാക്കൾ ഫിറോസ് ഗാന്ധിയെയും ഇന്ദിര ഗാന്ധിയെയും പോലുള്ളവരുടെ നിരീക്ഷണങ്ങളിൽ നിന്ന് പഠിക്കണം'- അനില്‍ ആന്‍റണി.
ദില്ലി: വി ഡി സവർക്കറെ സവർക്കറെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകനും കോണ്‍ഗ്രസിന്‍റെ ഐടി സെല്‍ മുന്‍ ചുമതലക്കാരനുമായ അനിൽ ആന്‍റണി. ഇന്ത്യൻ എക്സ്പ്രസ് പത്രത്തില്‍ വന്ന ഒരു ആർട്ടിക്കിൾ ട്വിറ്ററില്‍ പങ്കുവച്ചുകൊണ്ടാണ് അനില്‍ ആന്‍റണി സവർക്കറെ പിന്തുണച്ചത്. ഫിറോസ് ഗാന്ധിയുടെയും ഇന്ദിരഗാന്ധിയുടെയും നിരീക്ഷണങ്ങളിൽ നിന്ന് ഇപ്പോഴത്തെ പ്രതിപക്ഷ നേതാക്കൾ പഠിക്കണമെന്നും അനില്‍ പറയുന്നു.
‘സ്വാതന്ത്ര്യ സമര സേനാനിയായ സവർക്കറെ തീവ്രമായി അപമാനിക്കുന്ന പ്രതിപക്ഷ നേതാക്കൾ ഫിറോസ് ഗാന്ധിയെയും ഇന്ദിര ഗാന്ധിയെയും പോലുള്ളവരുടെ നിരീക്ഷണങ്ങളിൽ നിന്ന് പഠിക്കണം. അങ്ങനെയെങ്കിൽ ഇപ്പോഴത്തെ കയ്പേറിയ പല അഭിപ്രായങ്ങളും ഒഴിവാക്കാമായിരുന്നു. ദേശീയവും പൊതുതാൽപ്പര്യവുമുള്ള പ്രസക്തമായ വിഷയങ്ങളിൽ രാഷ്ട്രീയ വ്യവഹാരങ്ങൾ നടത്താമായിരുന്നു.’- അനിൽ ആന്‍റണി കുറിച്ചു. ആന്‍റണിയുടെ ട്വീറ്റ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.
കോൺഗ്രസിന്റെ ഐടി സെൽ ചുമതലയുണ്ടായിരുന്ന യുവ നേതാവാണ് അനിൽ കെ ആന്റണി. എന്നാൽ, ബിബിസിയുടെ ഡോക്യുമെന്ററി വിവാദത്തിൽ പ്രധാനമന്ത്രിയെ പരസ്യമായി പിന്തുണച്ചതോടെ സ്ഥാനം രാജിവെക്കേണ്ടി വന്നു. ഐടി സെല്‍ ചുമതലയില്‍ നിന്നും ഒഴിഞ്ഞതിന് പിന്നാലെ അനില്‍ കോൺഗ്രസിന് എതിരെ പരസ്യ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. രാഹുൽ ഗാന്ധിക്കെതിരെ പരസ്യ നിലപാട് സ്വീകരിച്ച അനില്‍ ബിജെപി നേതാക്കളായ എസ് ജയശങ്കർ, സ്മൃതി ഇറാനി എന്നിവരെ അനുകൂലിച്ച് രംഗത്തെത്തുകയും ചെയ്തു.
കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്കെതിരായ യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റ് ബി വി ശ്രീനിവാസിന്‍റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി അനില്‍ ആന്‍റണി രംഗത്തെത്തിയിരുന്നു. സംസ്കാരമില്ലാത്ത വായില്‍ നിന്നാണ് രാഷ്ട്രീയ വാഗ്വാദത്തിന് വേണ്ടിയാണെങ്കില്‍ പോലും ഇത്തരം പരാമര്‍ശങ്ങള്‍ വരികയെന്നും വിശദമാക്കിക്കൊണ്ടാണ് ബി വി ശ്രീനിവാസിന്‍റെ വിവാദ പരാമര്‍ശ വീഡിയോ അനില്‍ പങ്കുവച്ചത്. അടുത്തിടെ ശ്രീരാമ നവമി ആശംസകൾ നേർന്നും അനിൽ കെ ആന്റണി ട്വിറ്ററില്‍ രംഗത്തെത്തി. ശ്രീരാമന്റെ ചിത്രത്തോടൊപ്പം എല്ലാവർക്കും ആശംസകൾ എന്ന കുറിപ്പോടെയാണ് അനിൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
Read More : 'അഴിമതിക്ക് നേതൃത്വം നല്കിയ മുഖ്യമന്ത്രിയെ സംരക്ഷിച്ച് അസംബന്ധ വിധി'; ലോകായുക്ത രാജിവയ്ക്കണമെന്ന് കെ.സുധാകരൻ
