നിലവില്‍ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശാഭിമാനിയുടെ ചീഫ് എഡിറ്ററുമാണ് പുത്തലത്ത് ദിനേശന്‍.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പുത്തലത്ത് ദിനേശന് പെന്‍ഷന്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. പന്ത്രണ്ടായിരത്തിലധികം രൂപയാകും പുത്തലത്ത് ദിനേഷന് പ്രതിമാസ പെന്‍ഷനായി ലഭിക്കുക. ആനുകൂല്യങ്ങള്‍ ഉള്‍പ്പടെ പത്തുലക്ഷത്തിലധികം രൂപയും അനുവദിച്ചിട്ടുണ്ട്. ആറ് വര്‍ഷത്തോളമാണ് ദിനേശന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്. പേഴ്സണല്‍ സ്റ്റാഫിനുള്ള ആനുകൂല്യം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ദിനേശന്‍ നല്‍കിയ അപേക്ഷയിലാണ് പൊതുഭരണ വകുപ്പിന്‍റെ ഉത്തരവ്.
2016 ജൂണ്‍ ഒന്നുമുതല്‍ 2022 ഏപ്രില്‍ 19 വരെയാണ് പൊളിറ്റിക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്. ഒന്നേകാല്‍ ലക്ഷത്തിലധികം രൂപയായിരുന്നു ശമ്പളം. നിലവില്‍ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശാഭിമാനിയുടെ ചീഫ് എഡിറ്ററുമാണ് പുത്തലത്ത് ദിനേശന്.

അതേസമയം സർക്കാരിന്റെ വാർഷികാഘോഷം പ്രതിപക്ഷം ബഹിഷ്കരിച്ചതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ രംഗത്തെത്തിയിരുന്നു. നാട്ടിൽ നല്ല കാര്യങ്ങൾ നടക്കുന്നത് പ്രതിപക്ഷത്തിന് അംഗീകരിക്കാനാകുന്നില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സർക്കാരിന്റെ രണ്ടാം വാർഷികവുമായി ബന്ധപ്പെട്ട എന്റെ കേരളം മെഗാ പ്രദർശന വിപണന മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിനെതിരെ വിമർശനം അഴിച്ചുവിട്ടത്. പോരായ്മകൾ ഉണ്ടെങ്കിൽ പ്രതിപക്ഷത്തിന് വിമർശിക്കാം. എന്നാൽ അത്തരത്തിലുള്ള വിമർശനമൊന്നും ബഹിഷ്കരിക്കുന്നവർ പറയുന്നില്ല. സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ പ്രതിപക്ഷത്തിന് അസ്വസ്ഥതയാണ്. യു ഡി എഫ് സർക്കാരിന്റെ കാലത്ത് അഴിമതിയും കെടുകാര്യസ്ഥതയുമായിരുന്നു ഉണ്ടായിരുന്നത്. അത് ഈ സർക്കാർ ആവർത്തിക്കാത്തത്തിലാണ് പ്രതിപക്ഷത്തിന് അസ്വസ്ഥതതയെന്നും പിണറായി അഭിപ്രായപ്പെട്ടു. വൈക്കം ശതാബ്ദി ആഘോഷവും പ്രതിപക്ഷം ബഹിഷ്കരിച്ചു. പ്രതിപക്ഷം ബഹിഷ്കരണം തൊഴിലാക്കിയിരിക്കുകയാണ്. എന്തിനെയും അന്ധമായി വിമർശിക്കുന്ന രീതി ജനാധിപത്യത്തിന് ചേർന്നതാണോയെന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 18,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് രണ്ടാം പിണറായി സർക്കാർ തുടക്കമിട്ടതായും മുഖ്യമന്ത്രി അവകാശപ്പെട്ടു.
