സ്കൂള്‍ മൈതാനത്ത് ടൂറിസ്റ്റ് ബസിന്‍റെ അഭ്യാസ പ്രകടനം; കേസെടുത്ത് മോട്ടോര്‍വാഹന വകുപ്പ്

By Web TeamFirst Published Nov 27, 2019, 5:02 PM IST
Highlights

ആഡംബര ബസ് വാടകക്ക് എടുത്തായിരുന്നു സ്കൂൾ വളപ്പിൽ വിദ്യാർത്ഥികളുടെ അപകടകരമായ അഭ്യാസ പ്രകടനം. ഇതിനു പുറമെ ലൈസൻസ് ഇല്ലാത്ത വിദ്യാർത്ഥികൾ ബൈക്കിലും കാറിലുമായും അഭ്യാസ പ്രകടനം നടത്തി. 

കൊല്ലം: വാടകയ്ക്ക് എടുത്ത ടൂറിസ്റ്റ് ബസ് സ്കൂൾ വളപ്പിൽ അപകടകരമായി ഓടിച്ച് അഭ്യാസ പ്രകടനം നടത്തിയ സംഭവത്തില്‍ കേസ് എടുത്തതായി  മോട്ടോര്‍ വാഹന വകുപ്പ്. ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ച കൊല്ലം കൊട്ടാരക്കര വെണ്ടാർ വിദ്യാധിരാജ സ്കൂളിലാണ് സംഭവം നടന്നത്. 

ആഡംബര ബസ് വാടകക്ക് എടുത്തായിരുന്നു സ്കൂൾ വളപ്പിൽ വിദ്യാർത്ഥികളുടെ അപകടകരമായ അഭ്യാസ പ്രകടനം. ഇതിനു പുറമെ ലൈസൻസ് ഇല്ലാത്ത വിദ്യാർത്ഥികൾ ബൈക്കിലും കാറിലുമായും അഭ്യാസ പ്രകടനം നടത്തി. 

പ്ലസ്ടു വിദ്യാർത്ഥികളുടെ വിനോദ യാത്രയുമായി ബന്ധപ്പെട്ട് സ്കൂളിൽ എത്തിച്ച ടൂറിസ്റ്റ് ബസാണ് അമിത വേഗത്തിൽ സ്കൂൾ മൈതാനത്തുകൂടി ഓടിച്ചത്. നാട്ടുകാരും രക്ഷിതാക്കളും അധ്യാപകരും കണ്ടുനിൽക്കെയായിരുന്നു സംഭവം. ഇതിനു പുറകെ അമിത വേഗത്തിൽ കാറിലും ബൈക്കിലും അഭ്യാസ പ്രകടനവും നടത്തി. 

അപകടകരമായ രീതിയില്‍ സ്കൂള്‍ മൈതാനത്ത് നടത്തിയ അഭ്യാസ പ്രകടനത്തെ അദ്ധ്യാപകർ അടക്കം ആരും എതിർത്തില്ല. ഇതിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. അപകടകരമായ രീതിയിൽ വാഹനം ഓടിച്ചവർക്ക് എതിരെ കേസ് എടുക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ബസ് കസ്റ്റഡിയിൽ എടുക്കും. വാഹന ഉടമയ്ക്കും ഡ്രൈവർക്കും എതിരെ നിയമ നടപടി സ്വീകരിക്കും. ആരാണ് വാഹനങ്ങൾ ഓടിച്ചതെന്ന് കണ്ടെത്തും . ഇതിനായി സ്കൂൾ അധികൃതരെ സമീപിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. 

സ്കൂൾ ഗ്രൗണ്ടിൽ ടൂറിസ്റ്റ് ബസിന്‍റെ അഭ്യാസ പ്രകടനം: കൊല്ലത്തുനിന്ന് ഞെട്ടിക്കുന്ന വീഡിയോ

അതേ സമയം വിദ്യാർത്ഥികൾ ആരും വാഹനങ്ങൾ ഓടിച്ചിട്ടില്ലെന്നും പുറത്തു നിന്നെത്തിയവർ ആണ് വാഹനങ്ങൾ ഓടിച്ചതെന്നുമാണ് സ്കൂള്‍ അധികൃതരുടെ പ്രതികരണം. വിനോദ യാത്രയ്ക്ക് പോയ കുട്ടികൾ ഇന്ന് രാത്രിയെ തിരിച്ചെത്തിയ ശേഷമാകും മോട്ടോർ വാഹന വകുപ്പ് നടപടികൾ സ്വീകരിക്കുക. 

"


 

click me!