കൊടി സുനിയുടെയും സംഘത്തിന്‍റെയും പരസ്യമദ്യപാനം; വിചിത്ര വിശദീകരണവുമായി തലശ്ശേരി പൊലീസ്, 'പരാതിയില്ലാത്തതിനാൽ കേസെടുക്കാനാകില്ല'

Published : Aug 05, 2025, 09:26 AM IST
kodi suni alcohol

Synopsis

കഴിച്ചത് മദ്യം ആണെന്ന് തെളിയിക്കാൻ പറ്റാതെ കേസ് നിൽക്കില്ലെന്നുമാണ് പൊലീസിന്‍റെ വാദം.

കണ്ണൂര്‍: ടിപി കേസ് പ്രതി കൊടി സുനിയുടെയും സംഘത്തിന്‍റെ പരസ്യ മദ്യപാനത്തിൽ കേസെടുക്കാത്തതിൽ വിചിത്ര വിശദീകരണവുമായി തലശ്ശേരി പൊലീസ്. കൊടി സുനിയും സംഘവും പൊതുസ്ഥലത്ത് മദ്യപിച്ച സംഭവത്തിൽ കേസെടുക്കാനാകില്ലെന്ന നിലപാട് ആണ് തലശ്ശേരി പൊലീസ് ആവര്‍ത്തിക്കുന്നത്. സ്വമേധയാ പൊലീസിന് കേസെടുക്കാൻ തെളിവില്ലെന്നും ആര്‍ക്കും പരാതിയില്ലെന്നുമാണ് പൊലീസ് പറയുന്നത്. കഴിച്ചത് മദ്യം ആണെന്ന് തെളിയിക്കാൻ പറ്റാതെ കേസ് നിൽക്കില്ലെന്നുമാണ് പൊലീസിന്‍റെ വാദം.

അതേസമയം, ഇന്ന് കണ്ണൂരിലെത്തുന്ന ഡിജിപി റവാഡ ചന്ദ്രശേഖർ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുമായി യോഗംചേരും. കൊടി സുനിയുടെ മദ്യപാനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിജസ്ഥിതി തേടും. പൊലീസ് കാവലിൽ മദ്യപിച്ചത് സേനയ്ക്ക് വലിയ നാണക്കേട് ഉണ്ടാക്കിയിരുന്നു.

കേസെടുക്കാത്ത പൊലീസ് നടപടിയെ ന്യായീകരിച്ച് നേരത്തെ സിപിഎം നേതൃത്വം രംഗത്തെത്തിയിരുന്നു. വീഴ്ച്ചയിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തുവെന്ന് സ്പീക്കർ എ എൻ ഷംസീറും പി ജയരാജനും പ്രതികരിച്ചു. അതേസമയം, പരോൾ ഉൾപ്പടെ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാനാണ് ടി പി വധക്കേസ് പ്രതികൾക്കെതിരെ കേസെടുക്കാത്തതെന്ന് എംഎൽഎ കെ കെ രമ ആരോപിച്ചു.

തടവുപുള്ളികള്‍ അച്ചടക്കം പാലിക്കാൻ ബാധ്യസ്ഥരാണെന്നും കൊടിയാണെങ്കിലും വടിയാണെങ്കിലും നടപടിയുണ്ടാകുമെന്നായിരുന്നു കണ്ണൂർ സെൻട്രൽ ജയിൽ ഉപദേശക സമിതിയംഗമായ പി ജയരാജന്‍റെ പ്രതികരണം. എന്നാല്‍, വടിയെടുത്തത് പൊലീസിനെതിരെ മാത്രമാണ്. കൊടി സുനിക്കെതിരെ കേസെടുക്കുന്നതിൽ പി ജയരാജന് മൗനമാണ്. 

പൊലീസ് സേനക്കാകെ നാണക്കേടായ സംഭവം പുറത്ത് വന്നിട്ടും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് തലശ്ശേരി എഎസ്പിയും സംഘവും സ്വീകരിച്ചത്. തലശേരിയിൽ വെച്ചുണ്ടായ സംഭവത്തിൽ അത് സർക്കാ‍ർ നടപടി എടുത്തല്ലോ എന്നായിരുന്നു സ്ഥലം എംഎൽഎ കൂടിയായ സ്പീക്കർ എ എൻ ഷംസീറിന്റെ പ്രതികരണം.

കഴിഞ്ഞ ജൂണ്‍ പതിനേഴാം തീയതി സംഭവം ഉണ്ടായിട്ടും ടി പി ചന്ദ്രശേഖരൻ വധക്കേസിലെ കുറ്റവാളികളായ കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരടങ്ങുന്ന സംഘത്തിന് സംരക്ഷണമൊരുക്കുന്നതിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ഈ വിവാദങ്ങൾക്കിടയിലും ടി പി വധക്കേസിലെ മുഖ്യപ്രതികളിരൊളായ ടി കെ രജീഷിന് പരോൾ അനുവദിച്ചു. പി ജയരാജനടക്കം സിപിഎം നേതാക്കൾ ഉപദേശക സമിതിയായ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ടി കെ രജീഷിനും പരോൾ.

തലശ്ശേരിയിൽ വെച്ചാണ് കൊടി സുനി, മുഹമ്മദ്‌ ഷാഫി, ഷിജിത്ത് എന്നിവർ മദ്യപിച്ചത്. ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ ഇവർക്ക് മദ്യം എത്തിച്ചു നൽകിയവർക്കെതിരെയും അന്വേഷണമില്ല. സംഭവം മൂന്നു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ നൽകി ഒതുക്കാനാണ് പൊലീസിന്‍റെ ശ്രമം. പൊലീസിന്‍റെ ഒത്താശ പരോൾ നിഷേധിക്കാതിരിക്കാനാണ് എന്നാണ് ഉയരുന്ന ആരോപണം.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും