
കോഴിക്കോട്: മൂന്നാം ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ, എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന് ഇടതുമുന്നണി നേതാവ് ടിപി രാമകൃഷ്ണൻ. രാഹുലിന് പിന്തുണയും സംരക്ഷണവും നൽകുന്നത് കോൺഗ്രസ് ആണ്. രാജിവെക്കാൻ കോൺഗ്രസ് ആവശ്യപ്പെടണമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിനെത്തിയപ്പോഴായിരുന്നു ടിപി രാമകൃഷ്ണൻ്റെ പ്രതികരണം.
മുകേഷിൻ്റെ സമാനമായ പരാതി ആണോ എന്നും അതിലേറെ ഗുരുതരമാണ് രാഹുലിനെതിരായ ആരോപണമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. ആ പരാതിക്ക് പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയാമല്ലോ. സ്ത്രീത്വത്തെ മാനിക്കുന്നുവെങ്കിൽ കോൺഗ്രസ് പരാതിക്കാരിയെ കേൾക്കണമായിരുന്നുവെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. എകെ ബാലൻ പറഞ്ഞത് പാർട്ടി നിലപാടല്ല. മാറാട് കലാപത്തെ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെടുത്തി ചർച്ചചെയ്യേണ്ട കാര്യമില്ല. ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കാൻ സിപിഎം ഉദ്ദേശിക്കുന്നില്ല. എകെ ബാലൻ പറഞ്ഞത് അദ്ദേഹത്തിന്റെ നിരീക്ഷണം മാത്രമാണെന്നും ജമാഅത്തെ ഇസ്ലാമി പരാമർശത്തിൽ ടിപി രാമകൃഷ്ണൻ പറഞ്ഞു.
മൂന്നാമത്തെ ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ അർദ്ധരാത്രി 12.30നാണ് രാഹുലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ ആർ ക്യാംപിലെത്തിക്കുകയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബലാത്സംഗവും ഗര്‍ഭച്ഛിദ്രവും സാമ്പത്തിക ചൂഷണവുമുള്‍പ്പെടെ ഗുരുതര പരാതികളാണ് രാഹുലിനെതിരെ പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. പത്തനംതിട്ട ക്യാംപിൽ രാഹുലിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. തിരുവല്ല മജിസ്ട്രേറ്റ് മുന്നിൽ ഹാജരാക്കുമെന്നാണ് ലഭിക്കുന്ന വിവരം. സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന്‍റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് കേസ് മുന്നോട്ട് പോയത്. ലോക്കൽ പൊലീസിലേക്ക് ഒരു വിവരവും എത്തിയിരുന്നില്ല. സുരക്ഷ ക്രമീകരണങ്ങളും ക്യാംപ് പരിസരത്ത് സജ്ജമാക്കിയിട്ടുണ്ട്. തെളിവുകളെല്ലാം ശേഖരിച്ചാണ് പൊലീസ് മുന്നോട്ട് പോയത്. അറസ്റ്റ് രേഖപ്പെടുത്തിയ വിവരം എംഎൽഎയുടെ അഭിഭാഷകരെ അറിയിച്ചെന്നാണ് വിവരം. ഇന്നലെ പാലക്കാട്ടെ കെപിഎം ഹോട്ടൽ മുറിയിൽ നിന്നാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ഹോട്ടൽ മുറി പോലീസ് നിരീക്ഷണത്തിലാണുള്ളത്. രാഹുലിനെതിരെ പഴുതടച്ച നീക്കമാണ് ഉദ്യോഗസ്ഥര്‍ നടത്തിയത്. എസ് പി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് പുതിയ കേസും മുന്നോട്ട് പോകുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam