
ആലപ്പുഴ: ട്രെയിനിൽ എസ്ഐ വേഷത്തിൽ യാത്ര നടത്തിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി അഖിലേഷിനെ (30) ആണ് റെയിൽവെ പൊലീസ് പിടികൂടിയത്. തിരുവനന്തപുരം - ഗുരുവായൂർ ചെന്നൈ എഗ്മോർ ട്രെയിനിൽ ഇന്നലെ പുലർച്ചയാണ് സംഭവം.
ട്രെയിൻ കായംകുളം സ്റ്റേഷൻ വിട്ടപ്പോൾ ട്രെയിനിൽ പരിശോധന നടത്തിയ റെയിൽവേ പൊലീസ് സംഘം യൂണിഫോമിൽ കണ്ടയാളെ സല്യൂട്ട് ചെയ്തപ്പോൾ തിരിച്ചുണ്ടായ പ്രതികരണത്തിൽ തോന്നിയ സംശയമാണ് പിടികൂടാൻ കാരണം. ചോദ്യംചെയ്യപ്പോൾ തൃശൂരിലേക്ക് പോകുകയാണെന്നും ഇരിങ്ങാലക്കുട സ്റ്റേഷനിലെ എസ് ഐയാണെന്നും പറഞ്ഞു. തൊപ്പിയടക്കമുള്ള വേഷത്തിനൊപ്പം പൊലീസിന്റെ ഔദ്യോഗിക ചിഹ്നവുമുണ്ടായിരുന്നു. യൂണിഫോമിൽ പേരുമുണ്ടായിരുന്നു.
അന്വേഷണത്തിൽ ഇത് കളവാണെന്ന് തിരിച്ചറിഞ്ഞതോടെ ആലപ്പുഴ റെയിൽവേ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. തുടർന്ന് എസ്ഐ കെ ബിജോയ് കുമാറിന്റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തൃശൂരിൽ പിഎസ്‍സി പരീക്ഷയെഴുതാൻ പോയതാണെന്ന് സമ്മതിച്ചത്. ചെറുപ്പം മുതൽ പൊലീസിൽ ചേരാനുള്ള ആഗ്രഹമുണ്ടായിരുന്നു. ഇതിനായി ടെസ്റ്റ് എഴുതിയെങ്കിലും പാസായില്ല. അത് സഫലമാക്കാനാണ് പൊലീസ് വേഷം ധരിച്ച് ട്രെയിനിൽ യാത്ര ചെയ്തതെന്നാണ് പറഞ്ഞത്. അതേസമയം യൂണിഫോം ദുരുപയോഗം നടത്തിയോ എന്നതടക്കമുള്ള കാര്യത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് റെയിൽവേ പൊലീസ് പറഞ്ഞു. പൊലീസിന്റെ ഔദ്യോഗിക ചിഹ്നവും വേഷവും ധരിച്ച് മറ്റ് കാര്യങ്ങൾക്ക് ഉപയോഗിച്ചുവെന്ന കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam