
ദില്ലി: സംസ്ഥാന സർക്കാരിൻ്റെ അഭിമാന പദ്ധതിയായ വയനാട് തുരങ്കപ്പാതയ്ക്ക് കേന്ദ്ര അനുമതി. കോഴിക്കോട് വയനാട് നാല് വരി തുരങ്കപ്പാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നൽകിയത്. 60 ഉപാധികളോടെയാണ് അനുമതി നൽകിയിരിക്കുന്നതെന്നാണ് വിവരം. നിർമ്മാണ പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാരിന് മുന്നോട്ട് പോകാനാവും. രാജ്യത്തെ ഏറ്റവും നീളമേറിയ മൂന്നാമത്തെ വലിയ ഭൂഗർഭ പാതയ്ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്.
സംസ്ഥാന സർക്കാരിൻ്റെ സ്വപ്ന പദ്ധതിയാണ് വലിയ കടമ്പ പിന്നിടുന്നത്. നേരത്തെ പാരിസ്ഥിതിക പ്രശ്നം ഉന്നയിച്ച് പല തവണ കേന്ദ്രം പദ്ധതിയോട് മുഖം തിരിച്ചിരുന്നു. പലപ്പോഴായി സംസ്ഥാന സർക്കാരിൽ നിന്ന് കൂടുതൽ വിശദാംശങ്ങൾ തേടിയിരുന്നു. അതേസമയം വയനാട് ഏറ്റവും പരിസ്ഥിതി ലോല മേഖലയായതിനാൽ തന്നെ പദ്ധതിക്കെതിരെ സംസ്ഥാനത്ത് കടുത്ത പ്രതിഷേധമുയരാനുള്ള സാധ്യതയുണ്ട്.
1800 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് കണക്കാക്കിയിരുന്നത്. മാറിയ സാഹചര്യത്തിൽ പദ്ധതിയുടെ ചെലവും ഉയരും. അതേസമയം അടിസ്ഥാന സൗകര്യ വികസനത്തിൽ വയനാടിനെ സംബന്ധിച്ച് വലിയ കുതിച്ചുചാട്ടം ലക്ഷ്യമിടുന്നതാണ് പദ്ധതി. അതേസമയം കേന്ദ്ര പാരിസ്ഥിതിക മന്ത്രാലയം നിഷ്കർഷിച്ചിരിക്കുന്ന ഉപാധികൾ സംബന്ധിച്ച് വ്യക്തതയില്ല. കേന്ദ്ര പാരിസ്ഥിതിക മന്ത്രാലയത്തിൻ്റെ മെയ് 14-15 തീയ്യതികളിൽ നടന്ന 401ാമത് യോഗത്തിലാണ് പദ്ധതി വിശദമായി ചർച്ച ചെയ്ത് അനുമതി നൽകാനുള്ള അന്തിമ തീരുമാനമെടുത്തത്.
കൊങ്കൺ റെയിൽവേ കോർപ്പറേഷനാണ് പദ്ധതിയുടെ ഡിപിആർ തയ്യാറാക്കിയത്. 2134 കോടി രൂപ കിഫ്ബി പദ്ധതിക്കായി മാറ്റിവച്ചിട്ടുണ്ട്. കോഴിക്കോട് വയനാട് ജില്ലകളിലായി പദ്ധതിക്ക് വേണ്ടി 80 ശതമാനത്തോളം ഭൂമിയേറ്റടുക്കലും പൂർത്തിയായിരുന്നു. പാരിസ്ഥിതിക അനുമതി ലഭിക്കും മുൻപ് തന്നെ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ മുന്നോട്ട് തന്നെ പോയതിൻ്റെ തെളിവാണ് ഇവയെല്ലാം. കേന്ദ്ര പാരിസ്ഥിതിക അനുമതി കൂടി ലഭിച്ചതോടെ ഇനി പ്രാദേശികമായി ഉയരാനുള്ള പ്രതിഷേധങ്ങൾ മറികടന്ന് പദ്ധതി സർക്കാർ നടപ്പാക്കുന്നത് എങ്ങനെയെന്നതാണ് ഉറ്റുനോക്കപ്പെടുക.