
തിരുവനന്തപുരം: തന്‍റെ പേര് ഉയര്‍ത്തിക്കാട്ടിയുള്ള മുഖ്യമന്ത്രി ചര്‍ച്ചയെ കെസി വേണുഗോപാൽ തള്ളിപ്പറയാത്തതിൽ വിഡി പക്ഷത്തിനും എ, ഐ ഗ്രൂപ്പുകള്‍ക്കും അതൃപ്തി. അതേസമയം, മുഖ്യമന്ത്രി ചര്‍ച്ച തുടങ്ങി വച്ചതിലും എംപിമാര്‍ക്ക് നിയമസഭാ സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിലും വിഡി സതീശനെ ഉന്നമിട്ട് എംകെ രാഘവൻ രംഗത്തെത്തി. ഇതിനിടെ ദില്ലിയിലെത്തിയ രമേശ് ചെന്നിത്തല തന്‍റെ സന്ദര്‍ശനം മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് അല്ലെന്ന് വ്യക്തമാക്കി.
നാളെയുടെ ഭരണത്തിന് ദിശാബോധം നൽകാൻ കഴിയുന്ന നേതാവായി കെസി വേണുഗോപാൽ ഉയരട്ടെയെന്നായിരുന്നു കെ സുധാകരൻ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ചാനൽ ചര്‍ച്ചയിലെ വിമര്‍ശനം അവസരമാക്കി സ്വിച്ചിട്ടതു പോലെ സാമൂഹിക മാധ്യമത്തിൽ കെസി പക്ഷത്തിന്‍റെ ക്യാമ്പെയിൻ തുടങ്ങി. പെട്ടി പൊട്ടിക്കും മുമ്പോ അനവസരത്തിൽ പൊട്ടിയ അടിയിൽ നേതൃത്വം അമ്പരന്നു നിൽക്കുമ്പോള്‍ കെസി മാധ്യമങ്ങളെ കണ്ടു. പക്ഷേ തനിക്കു വേണ്ടിയുള്ള ക്യാമ്പെയിനെ കെസി തള്ളിപ്പറഞ്ഞില്ലെന്ന വിമര്‍ശനമാണ് എതിര്‍ ചേരിക്ക്. അത് എന്തു കൊണ്ടെന്ന ചോദ്യമാണ് സതീശൻ പക്ഷവും എ, ഐ ഗ്രൂപ്പുകളും ഉന്നയിക്കുന്നത്. എന്നാൽ പരസ്യമായ വിവാദത്തിലേയ്ക്ക് ആരും പോകാതിരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞിട്ടുണ്ടല്ലോയെന്നാണ് കെസി പക്ഷത്തിന്‍റെ മറുപടി. എന്നാൽ ഇറങ്ങിക്കളിച്ച കെസി പക്ഷം കസേരക്കളിയിൽ കളത്തിൽ തുടരാൻ തീരുമാനിച്ചുറച്ചാണ്. പ്രശ്നമുണ്ടാക്കി തുടങ്ങിയത് വിഡി പക്ഷമെന്ന എംകെ രാഘവൻ എംപി വിമര്‍ശിച്ചു. സതീശന്‍റെ ഉറ്റ അനുയായിയും ഡിസിസി പ്രസിഡന്‍റുമായ മുഹമ്മദ് ഷിയാസിന്‍റെ പ്രസ്താവനയിലാണ് എല്ലാ പ്രശ്നവും തുടങ്ങിയതെന്നാണ് വിമര്‍ശനം. എംപിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനത്തിന് കാരണം ചിലരുടെ പിടവാശിയാണെന്ന് തുറന്നടിച്ചും മത്സരമോഹമുണ്ടായിരുന്ന രാഘവൻ, സതീശൻ ഉള്‍പ്പെട്ട സംസ്ഥാന നേതൃത്വത്തിനെതിരെ തിരിയുകയാണ്.
മുഖ്യമന്ത്രി ചര്‍ച്ചകള്‍ അനവസരത്തിലുള്ളതെന്ന് രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു. തന്‍റെ ദില്ലി സന്ദര്‍ശനം മഹാരാഷ്ട്ര എംഎൽസി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണെന്നും അദ്ദേഹം വിശദീകരിച്ചു. മുഖ്യമന്ത്രി ചര്‍ച്ചയെ കെപിസിസി പ്രസിഡന്‍റ് വിലക്കിയെങ്കിലും സാമൂഹിക മാധ്യമങ്ങളിൽ പക്ഷം പിടിച്ചുള്ള എഴുത്ത് നേതാക്കളും പ്രവര്‍ത്തകരും തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam