മേപ്പാടിയിലെത്തിയ കരിവീരന്മാരെ ഒടുവില്‍ കാടുകയറ്റി; ഏത് സമയവും തിരികെയെത്താമെന്ന് നാട്ടുകാര്‍

Published : Jun 20, 2025, 06:27 PM IST
Elephant

Synopsis

ജനവാസ മേഖലകളായതിനാല്‍ തുരത്തല്‍ ദൗത്യം ദുഷ്‌കരമായിരിക്കുമെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു വനംവകുപ്പ്.

വയനാട്: മേപ്പാടി മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ ഇന്നലെ പട്ടാപ്പകല്‍ കാട്ടാനക്കൂട്ടമെത്തി ആശങ്ക സൃഷ്ടിച്ചു. എന്നാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ജാഗ്രതയോടെയുള്ള ഇടപെടലിനെ തുടര്‍ന്ന് ആനക്കൂട്ടത്തെ അനിഷ്ടസംഭവങ്ങളൊന്നുമുണ്ടാക്കാതെ തന്നെ കാട്ടിലേക്ക് കയറ്റിവിടാന്‍ സാധിച്ചു. രാത്രി എട്ടരയോടെയാണ് എല്ലാ ആനകളെയും കാട് കയറ്റാനായത്. മേപ്പാടി ടൗണ്‍, മാപ്പിളത്തോട്ടം മേഖലകളെ ഒരു പകല്‍ മുഴുവനും ഭീതിയിലാഴ്ത്തിയതിന് ശേഷമാണ് ആന കാട് കയറിയത്. മേപ്പാടി ടൗണിന് അര കിലോമീറ്റര്‍ അകലെ വരെ ആനകളെത്തിയിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

ബുധനാഴ്ച രാത്രിയിലാണ് കുട്ടിയാന അടക്കം ഏഴ് ആനകള്‍ ജനവാസമേഖലകളിലെത്തിയത്. ആനകളെത്തിയത് നാട്ടുകാരില്‍ ചിലര്‍ അറിഞ്ഞെങ്കിലും വനംവകുപ്പ് എത്തിയിട്ടും ആ ദിവസം കാര്യമായി ഒന്നും ചെയ്യാനായിരുന്നില്ല. ചൊവ്വാഴ്ച വൈകുന്നേരം കടൂരിലെ ജനവാസ മേഖലയിലേക്ക് കാട്ടാനക്കൂട്ടം നീങ്ങി. പിന്നീട് മാപ്പിളത്തോട്ടം മേഖലയിലേക്കാണ് ആനക്കൂട്ടം നീങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു. മാപ്പിളത്തോട്ടത്തെത്തിയ ആനക്കൂട്ടം സ്‌കൂളും നിരവധി വീടുകളുമുള്ള ജനവാസ മേഖലയില്‍ നിലയുറപ്പിച്ചതോടെ എല്ലാവരും ആശങ്കയിലായി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ വനംവകുപ്പ് സംഘം കാട്ടാനക്കൂട്ടത്തെ നിരീക്ഷിച്ചു കൊണ്ടിരുന്നു. പതുക്കെ സഞ്ചരിച്ച ഇവ മാപ്പിളത്തോട്ടത്തുള്ള അമ്പത് ഏക്കറോളം വരുന്ന കാപ്പിത്തോട്ടത്തിലേക്ക് കയറി. ഈ സമയവും ആനക്കൂട്ടത്തെ തുരത്താന്‍ കഴിഞ്ഞിരുന്നില്ല. ജനവാസ മേഖലകളായതിനാല്‍ തുരത്തല്‍ ദൗത്യം ദുഷ്‌കരമായിരിക്കുമെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു വനംവകുപ്പ്. പകല്‍ മുഴുവനായും ആനക്കൂട്ടം കാപ്പിത്തോട്ടത്തിന് പുറത്തിറങ്ങാതിരിക്കാനായി വനംവകുപ്പ് വാച്ചര്‍മാര്‍ കാവല്‍ നിന്നു. വൈകുന്നേരം ആറുമണിയോടെ തുരത്തല്‍ ദൗത്യം തുടങ്ങി. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിയ ശേഷം പടക്കം പൊട്ടിച്ചും ഒരുമിച്ച് ബഹളമുണ്ടാക്കിയും ആനകളെ കാടിനോട് അടുപ്പിച്ച് കൊണ്ടിരുന്നു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് മേപ്പാടി പൊലീസും സ്ഥലത്ത് എത്തിയിരുന്നു. ഇതിനിടെ മാപ്പിളത്തോട്ടത്തില്‍ നിന്നും കാട്ടാനക്കൂട്ടം എത്താന്‍ സാധ്യതയുണ്ടായിരുന്ന മേപ്പാടി-ചൂരല്‍മല റോഡിലെ ഗതാഗതം പൊലീസ് നിയന്ത്രിച്ചു.

നിശ്ചയിച്ചത് പോലെ തന്നെ രാത്രി ഏഴരയോടെ ആനക്കൂട്ടം മേപ്പാടി-ചൂരല്‍മല റോഡ് മുറിച്ചു കടന്ന് ഒന്നാംമൈല്‍ കോനാര്‍ക്കാട് വഴി നെല്ലിമുണ്ടയിലേക്ക് എത്തി. പിന്നാലെയെത്തിയ വനംവകുപ്പ് സംഘം ആനക്കൂട്ടത്തെ കടൂര്‍ അമ്പലക്കുന്ന് വഴി എളമ്പിലേരി വനമേഖലയിലേക്കു കയറ്റിവിട്ടു. മണിക്കൂറുകള്‍ നീണ്ടുനിന്ന ആശങ്കകള്‍ക്ക് പരിഹാരമായെങ്കിലും ആനകള്‍ തിരികെയെത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മെയ്മാസത്തിലും മേപ്പാടി ടൗണിനോട് ചേര്‍ന്ന മേഖലകളില്‍ ആനക്കൂട്ടം എത്തിയിരുന്നു.

 

 

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്