
തിരുവനന്തപുരം: ഇന്ന് 11 ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെലോ അലർട്ടിൽ മാറ്റം. നാളെ എട്ട് ജില്ലകളിൽ മാത്രമാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നും നാളെയും വ്യാപകമായി മഴയ്ക്ക് സാധ്യത ഉണ്ടെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനമെങ്കിലും, മൂന്ന് ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന യെലോ അലർട്ട് പിൻവലിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം ഒഴികെയുള്ള ജില്ലകളിലായിരുന്നു നേരത്തെ യെല്ലോ അലർട്ട്. പത്തനംതിട്ട മുതൽ മലപ്പുറം വരെയാണ് ഇന്നും നാളെയും നിലവിൽ മഴ മുന്നറിയിപ്പുള്ളത്.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചന പ്രകാരം ഇന്നും നാളെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. 18ന് എല്ലാം ജില്ലകളിലും നിലവിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Read more: 'ആരെങ്കിലും തനിക്കെതിരെ കേസ് കൊടുക്കട്ടെ, പണി ഇല്ലാത്തവര്‍ക്ക് കേസ് കൊടുക്കാം' : ഇ പി ജയരാജന്‍
19ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്. 20ന് കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെലോ അലർട്ട്. ഇവിടങ്ങളിലെല്ലാം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാമെന്നാണ് മുന്നറിയിപ്പ്.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ 16-06-2022,17-06-2022, 19-06-2022 തീയതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രസ്തുത ദിവസങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.