
തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് ബൈപ്പാസ് ജംഗ്ഷനിൽ മൂന്നു പേർ അടങ്ങുന്ന സംഘത്തിന്‍റെ ആക്രമണം. സംഭവത്തിൽ കഴക്കൂട്ടം പോങ്ങറ സ്വദേശികളായ അമ്പാടി, ആദര്‍ശ്, നിധിൻരാജ് എന്നിവരെ പൊലീസ് പിടികൂടി. ഇന്ന് രാത്രി 9.30ഓടെയാണ് സംഭവം. കഴക്കൂട്ടം ജംഗ്ഷനിൽ ചായ കുടിക്കാൻ എത്തിയ യുവതിയുടെ ദേഹത്ത് ചായ ഒഴിക്കുകയായിരുന്നു.
ഇതിനുശേഷം അസഭ്യവര്‍ഷം മൂവരും തുടര്‍ന്നു. ഇതിനുപിന്നാലെ തൊട്ടടുത്തുനിന്ന് സ്ത്രീകളെയും ഉപദ്രവിച്ചു. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കും കേടുപാട് വരുത്തി. അക്രമം തുടര്‍ന്നതോടെ തടയാൻ എത്തിയവരെയും മൂവർ സംഘം തല്ലി.
നാട്ടുകാര്‍ അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി മൂന്നുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനിൽ എത്തിച്ചപ്പോൾ പൊലീസ് നേരെയും മൂന്നുപേരും തെറി അഭിഷേകം നടത്തി. മൂന്നംഗ സംഘം ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവരെ വൈദ്യപരിശോധനയ്ക്ക് അടക്കം വിധേയമാക്കും.