
തടി കുറയ്ക്കാൻ കൂടുതൽ പേരും ചെയ്യുന്നത് ഒന്നെങ്കിൽ ഡയറ്റ് അതും അല്ലെങ്കിൽ വ്യായാമം. പക്ഷേ ഇതെല്ലാം ചെയ്തിട്ടും തടി കുറയുന്നില്ലെന്ന് ചിലർ പറയാറുണ്ട്. തടി കുറയ്ക്കാൻ പട്ടിണി കിടക്കുന്നവരെ പോലും കണ്ടിട്ടുണ്ട്. പട്ടിണി കിടന്ന് തടി കുറയ്ക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ചില അടിസ്ഥാന കാര്യങ്ങളുണ്ട്...
ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കരുത്...
തടി കുറയ്ക്കാൻ പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരെ കണ്ടിട്ടുണ്ട്. അത് നല്ല ശീലമല്ല. പ്രഭാത ഭക്ഷണം ക്യത്യസമയത്ത് തന്നെ കഴിക്കാൻ ശ്രമിക്കുക. ആവശ്യമുള്ളതും പോഷകഗുണമുള്ളതും മാത്രം കഴിക്കുന്നതാണ് നല്ലത്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിൽ കൊഴുപ്പ് കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്.
രാത്രി ഭക്ഷണം വെെകി കഴിക്കരുത്...
രാത്രി ഭക്ഷണം വെെകി കഴിക്കുന്നവരെ കണ്ടിട്ടുണ്ട്. അത് ശരീരത്തിന് കൂടുതൽ ദോഷം ചെയ്യും. രാത്രി ഭക്ഷണം വെെകി കഴിക്കുന്നത് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടുകയും മറ്റ് നിരവധി അസുഖങ്ങളും ഉണ്ടാകാം. രാത്രി ഭക്ഷണം വെെകുന്നത് ശരിയായ ദഹനം നടക്കുന്നതിന് തടസ്സമാകും. ഭക്ഷണം കഴിച്ച ഉടനെ കിടക്കുന്നതും നല്ലതല്ല. ഉറക്കം നഷ്ടപ്പെടുത്തുന്നതും അമിത വണ്ണത്തിന് കാരണമാകും. രാത്രി കിടക്കുന്നതിന് മുമ്പ് സ്നാക്ക്സ് ഏതെങ്കിലും കഴിക്കുന്നവരെയും കണ്ടിട്ടുണ്ട്. ഈ ശീലവും ശരീരത്തിന് കൂടുതൽ ദോഷം ചെയ്യും. രാത്രി സ്നാക്ക്സ് കഴിക്കുന്നത് അമിതവണ്ണം ഉണ്ടാക്കാമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്.
ക്യത്യമായി ഉറങ്ങുക...
ഉറക്കക്കുറവ് പൊണ്ണത്തടിയുണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഉറക്കം കുറയുന്നത് ശരീരത്തിലെ ഹോർമോണുകളുടെ പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കും. ഹോർമോണിന്റെ പ്രവർത്തനം താളം തെറ്റുന്നത് ശരീരം വണ്ണം വെക്കുന്നതിന് കാരണമാകും. നേരത്തെ ഉറങ്ങി നേരത്തെ എഴുന്നേൽക്കുന്നത് ശീലമാക്കുകയാണ് ഏറ്റവും ഉത്തമം. രാത്രി ജോലിയുള്ളവർ, ശരിയായ ഉറക്കം ലഭിക്കുന്ന തരത്തിൽ ദിവസത്തെ ക്രമീകരിക്കുകയാണ് വേണ്ടത്. ഉറക്കമില്ലായ്മ അമിത വണ്ണത്തിന് പുറമെ മറ്റു പല ശാരീരിക-മാനസിക രോഗങ്ങൾക്കും കാരണമാകും.
വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കാം...
തടി കുറയ്ക്കാൻ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. അത് പോലെ തന്നെ ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് പോലുള്ളവ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക. പഴങ്ങളും പച്ചക്കറികളും സലാഡുകളും ഭക്ഷണത്തിന്റെ ഭാഗമാക്കുക. ഡ്രെെ ഫ്രൂട്ട്സ് ശീലമാക്കുന്നതും ആരോഗ്യ സംരക്ഷണത്തിന് നല്ലതാണ്. വിറ്റാമിൻ സി അടങ്ങിയിട്ടുള്ള സിട്രസ് പഴങ്ങൾ കഴിക്കുന്നത് തടി കുറയ്ക്കാൻ സഹായകമാണ്.
അരി ഭക്ഷണം ആവശ്യത്തിന് മാത്രം...
അരി ഭക്ഷണം തടി കൂട്ടാൻ സഹായിക്കുന്നവയാണ്. അതിനാൽ ഇവ ഉപേക്ഷിക്കുന്നതോ, കുറച്ചു കൊണ്ടു വരുന്നതോ ആണ് നല്ലത്. ചോറിൽ തന്നെ, മട്ട അരി കൊണ്ടുള്ള ചോറ് കഴിക്കുന്നതാണ് നല്ലത്. പുറമെ, നാരുള്ളതും തവിട് കളയാത്തതുമായ ധാന്യങ്ങളും ആഹാരത്തിനായി തെരഞ്ഞെടുക്കാം. ശുദ്ധ ജലം ആവശ്യത്തിന് കുടിക്കുക. കോളകളുൾപ്പടെയുള്ള കൃത്രിമ പാനീയങ്ങൾ ഉപേക്ഷിക്കുക. ദിവസവും വെറും വയറ്റിൽ ഇളം ചൂടുള്ള നാരങ്ങാ വെള്ളം, ജീരക വെള്ളം, ഇഞ്ചി പിഴിഞ്ഞ വെള്ളം എന്നിവയിലേതെങ്കിലും ശീലമാക്കാവുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam