മലിനവായു ശ്വസിച്ചു ഇഞ്ചിഞ്ചായി മരിക്കുന്ന ജനത

Web Desk |  
Published : Oct 23, 2016, 06:08 PM ISTUpdated : Oct 05, 2018, 03:54 AM IST
മലിനവായു ശ്വസിച്ചു ഇഞ്ചിഞ്ചായി മരിക്കുന്ന ജനത

Synopsis

ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട ഇരുപതു നഗരങ്ങളില്‍ പതിമൂന്നും ഇന്ത്യയിലാണ്. ഇന്ത്യയുടെ ദേശീയ ആരോഗ്യ രൂപരേഖ-2015 അനുസരിച്ച് കഴിഞ്ഞ വര്‍ഷം ഏകദേശം 3.5 ദശലക്ഷം തീവ്രശ്വാസകോശ സംബന്ധ രോഗബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതായത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒരു ലക്ഷത്തിനാല്‍പ്പതിനായിരം കൂടുതല്‍. 2010 മുതല്‍ കണക്കെടുത്താലാകട്ടെ 30 ശതമാനം വര്‍ദ്ധനവ് ശ്വാസകോശരോഗങ്ങളുടെ കാര്യത്തില്‍ ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു. ജനസംഖ്യാ വര്‍ദ്ധനവ് കണക്കിലെടുത്താല്‍ പോലും കഴിഞ്ഞ 15 വര്‍ഷത്തോളമായി തീവ്രശ്വാസകോശ രോഗങ്ങളുടെ(Acute Respiratory Infections- A.R.I) കാര്യത്തില്‍ സ്ഥിരമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതായി കാണാം.

2001-ലെ സ്ഥിതിവിവര കണക്ക് പ്രകാരം ഒരു ലക്ഷം ജനങ്ങളില്‍ 2000ല്‍ താഴെ ശ്വസനേന്ദ്രീയ രോഗബാധിതര്‍ ഉണ്ടായിരുന്നുള്ളു. 2012ല്‍ ഇത് ഒരു ലക്ഷം ജനങ്ങള്‍ക്കിടയില്‍ 2600 തീവ്രശ്വാസകോശസംബന്ധ രോഗികള്‍ എന്ന നിലയിലേക്ക് ഉയര്‍ന്നു.


ചികില്‍സാരംഗത്തുള്ള പരിരക്ഷകളിലും പോഷകാഹാര വ്യവസ്ഥിതികളിലും സുസ്ഥിരമായ പുരോഗതി ഉണ്ടായിക്കൊണ്ടിരിയ്‌ക്കുകയും അതുപോലെ തന്നെ നാട്ടിന്‍പുറങ്ങളില്‍ വിറക് ഇന്ധനമായി ഉപയോഗിക്കുന്ന രീതി ഇല്ലാതാവുകയും ചെയ്‌തിട്ടുപോലും ഈ വര്‍ദ്ധനവ് സംഭവിച്ചുകൊണ്ടിരിയ്‌ക്കുന്നുവെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട വസ്‌തുതയാണ്. ഇതോടൊപ്പം, ശ്വസനേന്ദ്രിയ രോഗബാധയുടെ നിലവാരം ഉയര്‍ന്നുപോകുന്നതിനു കാരണമായി വളരെക്കാലം ആരോപിക്കപ്പെട്ടിരുന്ന പല ഘടകങ്ങള്‍ക്കും ഉപശാന്തി വരുകയും ചെയ്‌തിട്ടുണ്ട്. വാസ്‌തവത്തില്‍ അന്തരീക്ഷത്തിന്റെ ഗുണനിലവാരത്തില്‍ ഉണ്ടായ തകര്‍ച്ചയാണ് കഠിന ശ്വസനേന്ദ്രിയ രോഗങ്ങളുടെ കാര്യത്തില്‍ ഉണ്ടായ വലിയ വര്‍ദ്ധനവിന് പ്രധാന കാരണമായി തീര്‍ന്നത്.

വാഹനങ്ങളുടെയും വ്യവസായ സ്ഥാപനങ്ങളുടെയും വര്‍ദ്ധനവു മൂലമുണ്ടാവുന്ന ഉയര്‍ന്ന അന്തരീക്ഷ മലിനീകരണം നമ്മുടെ രാജ്യത്ത് ശ്വാസകോശരോഗങ്ങളുടെ വന്‍തോതിലുള്ള കടന്നുവരവിന് വഴി തുറന്നുകൊടുത്തത്.

ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസസ്സിന്റെ പുതിയ കണ്ടെത്തലുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പറയുന്നത്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കെട്ടിടങ്ങള്‍ക്കകത്തുണ്ടാകുന്ന പൊടിപടലങ്ങള്‍ മൂലമുള്ള മലിനീകരണം, പുകവലി, പോഷണക്കുറവ് എന്നിവ കഴിഞ്ഞാല്‍ അഞ്ചാമത്തെ ഏറ്റവും വലിയ കൊലയാളി അന്തരീക്ഷ മലിനീകരണമാണെന്നാണ്. രാജ്യത്ത് ഓരോ വര്‍ഷവുമുണ്ടാകുന്ന മരണങ്ങളില്‍ പതിനൊന്ന് ശതമാനവും അന്തരീക്ഷ മലിനീകരണം കൊണ്ട് സംഭവിക്കുന്നതാണെന്ന് ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിയ്‌ക്കുന്നത്. ഇതിനര്‍ത്ഥം ഏകദശം 10 ലക്ഷം ജനങ്ങള്‍ക്ക് മരണം സംഭവിക്കുന്നത് ശ്വസന സംബന്ധ രോഗങ്ങള്‍ കൊണ്ടാണെന്നാണ്.


1, സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, യു എസ് ആസ്ഥാനമാക്കിയുള്ള ഹെല്‍ത്ത് ഇഫക്‌ട് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ ചേര്‍ന്നുള്ള സംഘടിപ്പിച്ച ഒരു ഡയലോഗ് വര്‍ക്ക് ഷോപ്പില്‍വെച്ച് ഇതിനെപ്പറ്റി പഠനം നടത്തിയ ശാസ്‌ത്രജ്ഞരാണ് ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസസ്സിന്റെ ഗവേഷണ ഫലങ്ങളെക്കുറിച്ചുള്ള ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്.

2, പാര്‍ട്ടിക്കുലേറ്റ് എയര്‍ പൊല്യൂഷന്‍ കൊണ്ടുമാത്രം ഉണ്ടാകുന്ന അകാലമരണങ്ങളുടെ വാര്‍ഷികക്കണക്ക് നോക്കിയാല്‍ 2000-മാണ്ട് മുതല്‍ അത് ആറിരട്ടിയായി വര്‍ദ്ധിച്ചിരിയ്‌ക്കുന്നതായി കാണാം.

3, ആഗോള മരണനിരക്കിന്റെ അഞ്ചില്‍ ഒരു ഭാഗം ഇന്ത്യയില്‍ സംഭവിയ്‌ക്കുന്നു എന്നത് ഇന്ത്യയില്‍ ബാഹ്യ അന്തരീക്ഷ മലിനീകരണത്തിന്റെ പ്രത്യാഘാതങ്ങള്‍ എത്ര വലുതാണ് എന്ന് വെളിവാക്കുന്നു.

4, ആഗോളതലത്തില്‍ അന്തരീക്ഷ മലിനീകരണം കൊണ്ടുണ്ടാക്കുന്ന മരണങ്ങള്‍ രണ്ടായിരാമാണ്ടോടെ 300 ശതമാനം കണ്ടു വര്‍ദ്ധിച്ചിരിയ്‌ക്കുന്നു. ഇത്തരം മരണങ്ങളില്‍ ഏതാണ്ട് 65 ശതമാനം സംഭവിയ്‌ക്കുന്നത് ഇന്ത്യയിലാണ്.

5, സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ് ദേശീയാന്തരീക്ഷ ഗുണനിലവാര പഠനങ്ങളനുസരിച്ച് നഗരവാസികളായ ജനങ്ങളില്‍ പ്രകൃതി അനുവദിനീയമായ പരിധിയെ അതിലംഘിച്ചുനില്‍ക്കുന്ന പാര്‍ട്ടിക്കുലേറ്റ് മാറ്റേഴ്‌സ് അടങ്ങിയ അന്തരീക്ഷ വായുവാണ് ശ്വസിച്ചുകൊണ്ടിരിയ്‌ക്കുന്നത്. നഗരവാസികളായ ഇന്ത്യക്കാരില്‍ മൂന്നില്‍ ഒരു ഭാഗം പേരും ജീവിയ്‌ക്കുന്നത് ആപത്ക്കരമായി വിധത്തില്‍ മാലിന്യം നിറഞ്ഞ ചുറ്റുപാടിലാണ്.

ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസസ്സിന്റെ കണ്ടെത്തലുകളെത്തുടര്‍ന്ന് 2010ലെ അന്തരീക്ഷ ഗുണനിലവാരത്തെക്കുറിച്ച് കേന്ദ്രമലിനീകരണ നിയന്ത്രണ സമിതിയില്‍നിന്നും ലഭിച്ച ഏറ്റവും പുതിയ വസ്‌തുതകളെ സി എസ് ഇ(സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോണ്‍മെന്റ്) വിശകലനം ചെയ്യുകയുണ്ടായി. നൈട്രജന്‍ ഓക്‌സൈഡുകള്‍, ഓസോണ്‍ എന്നിവ പോലെയുള്ള പുതിയ മാലിന്യങ്ങള്‍ പൊതുജനാരോഗ്യ പ്രശ്‌നങ്ങളെ കൂടുതല്‍ വഷളാക്കിക്കൊണ്ടിരിക്കുന്നു. ഈ അവസ്ഥയില്‍ പകുതിയോളം നഗരങ്ങളും പാര്‍ട്ടിക്കുലേറ്റ് മാലിന്യം കൊണ്ടു നട്ടംതിരിയുകയാണെന്നാണ് അവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞത്.

ജനസംഖ്യയുടെ മൂന്നിലൊന്ന് ഭാഗവും ആപത്‌ക്കരമായ മാലിന്യങ്ങള്‍ക്കു മുമ്പില്‍ യാതൊരു രക്ഷാകവചവുമില്ലാതെയാണ് ജീവിയ്‌ക്കുന്നത്. നഗരത്തിലെ ജനസംഖ്യയുടെ പകുതിയോളംവും ശ്വസിക്കുന്ന അനുവദനീയമായ അളവുകള്‍ക്കപ്പുറമുള്ള പാര്‍ട്ടിക്കുലേറ്റ് മാലിന്യങ്ങളോടുകൂടിയ വായുവാണ്.


ഏകദേശം 78 ശതമാനം നഗരങ്ങള്‍ പാര്‍ട്ടിക്കുലേറ്റ് നിലവാരത്തെയും ഏകദേശം 10 ശതമാനം നരങ്ങള്‍ നൈട്രജന്‍ ഡയോക്‌സൈഡ് നിലവാരത്തെയും മറികടന്നിരിയ്‌ക്കുകയാണ്. കഴിഞ്ഞ 30 വര്‍ഷത്തിലധികമായി ഗവേഷകര്‍ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളുടെ ഒരു വലിയ പട്ടിക തന്നെ വെളിപ്പെടുത്തുകയുണ്ടായി.

ശ്വസനസംബന്ധരോഗങ്ങള്‍(ആസ്‌ത്മ, സിഒപിഡി, ശ്വാസകോശ ക്യാന്‍സര്‍, ശ്വാസകോശങ്ങളുടെ പ്രവര്‍ത്തന വ്യതിയാനങ്ങള്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍, ഗര്‍ഭാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതുമൂലമുണ്ടാകുന്ന വൈകല്യങ്ങളോടുകൂടിയ ശിശുക്കളുടെ പിറവി അല്ലെങ്കില്‍ കാലമെത്തുംമുമ്പേ ഗര്‍ഭം അലസിപ്പോകല്‍, മാത്രമല്ല മരണംപോലും സംഭവിക്കല്‍) എന്നിവ ഇവയില്‍ ചിലതാണ്. 2013ല്‍ ലോകാരോഗ്യ സംഘടന വന്നെത്തിച്ചേര്‍ന്നത് താഴെ പറയുന്ന നിഗമനത്തിലാണ്. അന്തരീക്ഷ മലിനീകരണം മനുഷ്യരില്‍ ക്യാന്‍സറിന് കാരണമാകുന്നു. അന്തരീക്ഷ മലിനീകരണം നിയന്ത്രണവിധേയമാക്കിയില്ലെങ്കില്‍ ശ്വാസകോശ സംബന്ധരോഗങ്ങളുടെ അതിദ്രുതമായ വളര്‍ച്ചയെ നമുക്ക് തടയാനാകില്ല.

അടുത്ത ലക്കം- അന്തരീക്ഷ മലിനീകരണവും ശ്വസനേന്ദ്രിയരോഗങ്ങളും

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

തണുപ്പുകാലത്ത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തടയാൻ ആറ് വഴികൾ
കക്ഷത്തിലെ കറുപ്പ് നിറം മാറ്റാം; ഈ പ്രകൃതിദത്ത വഴികൾ പരീക്ഷിച്ചു നോക്കൂ