
പ്രമേഹരോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വർധിച്ച് വരികയാണ്. ജീവിതശൈലിയില്‍ വന്ന മാറ്റം തന്നെയാണ് പ്രമേഹം ഉണ്ടാകാനുള്ള പ്രധാനകാരണം. പാന്‍ക്രിയാസില്‍, ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന കോശങ്ങള്‍ക്ക് തകരാർ സംഭവിക്കുന്നതോടെ പ്രമേഹം പിടിപെടുന്നു. പാരമ്പര്യഘടകങ്ങള്‍, പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്നങ്ങള്‍, മാനസിക പിരിമുറുക്കം എന്നിവയാണ് പ്രമേഹം പിടിപെടാനുള്ള പ്രധാനകാരണങ്ങൾ.
പ്രമേഹരോഗികൾക്ക് എപ്പോഴുമുള്ള സംശയമാണ് മാമ്പഴവും ആപ്പിളുമൊക്കെ കഴിക്കാമോ എന്നത്. പഴങ്ങളൊന്നും തന്നെ പ്രമേഹരോഗികൾ കഴിക്കാൻ പാടില്ലെന്നാണ് പൊതുവേ പറയപ്പെടുന്നത്. എന്നാല്‍ ഓസ്‌ട്രേലിയയില്‍ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത് മാമ്പഴം കഴിക്കാമെന്നാണ്. നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലെ ഗ്ലൈസീമിക് ഇന്‍ഡക്‌സ് അടിസ്ഥാനമാക്കിയാണ് പ്രമേഹത്തിന്റെ സാധ്യത വിലയിരുത്തുന്നത്. അതായത്, നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിലെ പഞ്ചസാര ഒരു നിശ്ചിതസമയത്തിനുള്ളില്‍ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന തോതാണ് ഗ്ലൈസീമിക് ഇന്‍ഡക്‌സായി സൂചിപ്പിക്കുന്നത്. ഗ്ലൈസീമിക് ഇന്‍ഡക്‌സ് കൂടിയാല്‍ പ്രമേഹം കൂടും.
ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഒരു മനുഷ്യന് ആകെ വേണ്ട കലോറിയില്‍ 55 ശതമാനം കാര്‍ബോഹൈഡ്രേറ്റില്‍നിന്നും ബാക്കിയുള്ളവ പ്രോട്ടീന്‍, കൊഴുപ്പ് എന്നിവയില്‍നിന്ന് ലഭിക്കുന്നതാണ് നല്ലത് എന്ന് സൂചിപ്പിക്കുന്നു.
ഗ്ലൈസീമിക് ഇന്‍ഡക്‌സ് കുറയ്‌ക്കാന്‍ കൂടുതല്‍ പഴങ്ങളും പച്ചക്കറികളും കഴിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. ഇതുപ്രകാരം ദിവസവും 400 ഗ്രാം പഴങ്ങളും പച്ചക്കറിയും കഴിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. അന്നജം അടങ്ങിയ ധാന്യം കൂടുതലായി കഴിച്ചാല്‍ ഗ്ലൈസീമിക് ഇന്‍ഡക്‌സ് കൂടുകയും, പ്രമേഹം ഉയരുകയും ചെയ്യും. പഴങ്ങളില്‍ ഗ്ലൈസീമിക് ഇന്‍ഡക്‌സ് താരതമ്യേന കുറവാണ്.
ബേക്കറി പലഹാരങ്ങള്‍, ബിസ്‌ക്കറ്റ് എന്നിവയെ അപേക്ഷിച്ച് പഴങ്ങള്‍ കഴിക്കുന്നതാണ് ഉത്തമം. മാങ്ങ-58, മുന്തിരി-45, പഴം- അറുപതില്‍ താഴെ എന്നിങ്ങനെയാണ് ഗ്ലൈസീമിക് ഇന്‍ഡക്‌സ്. എന്നാല്‍ ബിസ്ക്കറ്റില്‍ 80ല്‍ കൂടുതലാണ് ഗ്ലൈസീമിക് ഇന്‍ഡക്‌സ്. കൂടാതെ പഴങ്ങളില്‍ അടങ്ങിയിട്ടുള്ള നാരുകള്‍, ദഹനത്തെ കൂടുതല്‍ എളുപ്പമാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യും. ഇതിനെല്ലാം പുറമെ മാമ്പഴത്തില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങള്‍ കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിനും സഹായകരമാണെന്ന് ഓസ്‌ട്രേലിയയില്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam