പുതുമയുമായി കളര്‍ഫുള്‍ ചിക്കന്‍ കൊത്തു ചപ്പാത്തി

By Web DeskFirst Published Oct 25, 2016, 5:19 PM IST
Highlights

'കളര്‍ഫുള്‍ ചിക്കന്‍ കൊത്തു ചപ്പാത്തി '

ആവശ്യമായ ചേരുവകള്‍:

1) ചപ്പാത്തി ചുട്ടെടുത്തത് - അഞ്ച് എണ്ണം
2) ഫ്രൈ ചെയ്ത ചിക്കന്‍ കഷണങ്ങള്‍ (സാധാരണ ഫ്രൈ ചെയ്യാന്‍ ഉപയോഗിക്കുന്ന മസാല കൂട്ടുകള്‍ മതിയാകും. ഡീപ് ഫ്രൈ വേണ്ട, ഷാലോ ഫ്രൈ മതിയാകും.) - അഞ്ച് എണ്ണം.
3) ഇഞ്ചി പേസ്റ്റ് - ഒരു ടീസ്‌പൂണ്‍
4) വെളുത്തുള്ളി പേസ്റ്റ് - ഒരു ടീസ്‌പൂണ്‍
5) സവാള നീളത്തില്‍ അരിഞ്ഞത് - ഒരെണ്ണം വലുത്
6) കാപ്‌സിക്കം റെഡ്, ഗ്രീന്‍, യെല്ലോ നീളത്തില്‍ അരിഞ്ഞത് - ഓരോന്നും കാല്‍ കപ്പ് വീതം
7) ടൊമാറ്റോ സോസ് - മൂന്ന് ടേബിള്‍ സ്‌പൂണ്‍
8) ചില്ലി സോസ് - ഒരു ടേബിള്‍ സ്‌പൂണ്‍
9) മുളകുപൊടി - ഒരു സ്‌പൂണ്‍
10) ഗരം മസാല പൊടി - അര ടീ സ്‌പൂണ്‍
11) ഉപ്പ് - ആവശ്യത്തിന്
12) എണ്ണ - രണ്ട് ടേബിള്‍ സ്‌പൂണ്‍

തയ്യാറാക്കുന്ന വിധം:

ചിക്കന്‍ ഫ്രൈ ചെയ്തത് ചെറിയ കഷണങ്ങളായി നീളത്തില്‍ കൈ കൊണ്ട് പിച്ചിയെടുത്ത് വെയ്ക്കുക. ചപ്പാത്തി അഞ്ച് എണ്ണം ഒന്നിച്ച് വെച്ച് ചുരുട്ടി കട്ട് ചെയ്യുക. ഓരോ പീസും റിബണ്‍ ഷെയിപ്പില്‍ ആയിരിക്കും. അതിനെ വീണ്ടും കട്ട് ചെയ്ത് നീളം കുറയ്ക്കാം.

കാപ്‌സിക്കം, സവാള എല്ലാം നീളത്തില്‍ അരിഞ്ഞ് റെഡിയാക്കി വെയ്ക്കാം..

ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇടുക. പച്ചമണം മാറുമ്പോള്‍ സവാള ഇടുക. ചെറുതായി ഒന്നു വാടുമ്പോള്‍ (ബ്രൗണ്‍ കളര്‍ ആകണ്ട) ക്യാപ്‌സിക്കം എല്ലാം ചേര്‍ക്കുക. ക്യാപ്‌സിക്കവും അധികം കുക്ക് ആവണ്ട. ഒന്ന് ഇളക്കി യോജിപ്പിക്കുക. വാടി വരുമ്പോള്‍ ഉപ്പ്, മുളകുപൊടി, ഗരം മസാല പൊടി ചേര്‍ത്ത് യോജിപ്പിച്ച് ചില്ലിസോസ് ചേര്‍ക്കണം. നല്ല ഡ്രൈ ആണെന്ന് തോന്നിയാല്‍ രണ്ട് ടേബിള്‍ സ്‌പൂണ്‍ വെള്ളം ചേര്‍ക്കാം. ചെറിയ തീയില്‍ കുക്ക് ചെയ്താല്‍ മതിയാകും. അടുത്തത് ചിക്കന്‍ കഷണങ്ങള്‍ ചേര്‍ത്ത് കൊടുക്കുക.. എല്ലാം ഒന്ന് യോജിപ്പിച്ചതിനു ശേഷം മുറിച്ചു വെച്ചിരിക്കുന്ന ചപ്പാത്തി ചേര്‍ത്ത് ന്യൂഡില്‍സ് മിക്‌സ് ചെയ്യുന്നതു പോലെ രണ്ട് സ്പൂണുകള്‍ ഉപയോഗിച്ച് മിക്‌സ് ചെയ്ത് യോജിപ്പിക്കുക. അവസാനം ചേര്‍ക്കേണ്ടത് ടൊമാറ്റോ സോസ് ആണ്. സോസ് ചേര്‍ത്ത് ഒന്നുകൂടി മിക്‌സ് ചെയ്യാം. ആവശ്യമെങ്കില്‍ മല്ലിയില ചേര്‍ത്ത് അലങ്കരിക്കാം. ചൂടോടെ കഴിക്കാന്‍ വളരെയധികം ടേസ്റ്റുള്ള ഒരു ഡിഷ് ആണ്.

കുട്ടികള്‍ക്കായി ഉണ്ടാക്കുമ്പോള്‍ ക്യാരറ്റ് നീളത്തില്‍ അരിഞ്ഞത്, ക്യാബേജ് നീളത്തില്‍ അരിഞ്ഞതും ചേര്‍ക്കുക.(അപ്പോള്‍ പുതിയൊരു ഡിഷ് കൂടി ആയി. ചപ്പാത്തി ന്യൂഡില്‍സ്)

ഡിന്നര്‍ എന്നും ചപ്പാത്തി കഴിച്ച് മടുത്തവര്‍ക്ക് ഒന്ന് പരീക്ഷിക്കാവുന്ന ഐറ്റമാണിത്. അതുപോലെ ചപ്പാത്തി, ചിക്കന്‍ കറി അധികം വന്നാല്‍ ചിക്കന്‍ കഷണങ്ങള്‍ പിച്ചിയെടുത്ത് നമുക്കിതു പോലെ തയ്യാറാക്കാവുന്നതേയുള്ളു.. എല്ലാവരുമൊന്നു ട്രൈ ചെയ്ത് നോക്കൂ.

തയ്യാറാക്കിയത്- അനില ബിനോജ്

click me!