
കുഞ്ഞുങ്ങൾക്ക് ആറ് മാസം വരെയും മുലപ്പാൽ മാത്രമാണ് നൽകേണ്ടത്. മുലപ്പാൽ പ്രതിരോധശേഷി കൂട്ടാനും മറ്റ് അസുഖങ്ങൾ വരാതിരിക്കാനും സഹായിക്കുന്നു. ആറ് മാസം കഴിഞ്ഞാൽ വീട്ടിലുണ്ടാക്കുന്ന കട്ടിയുള്ള ആഹാരങ്ങൾ കൊടുത്ത് തുടങ്ങാം. കൂവരക്, ഏത്തയ്ക്കാപ്പൊടി, ഗോതമ്പ് കുറുക്ക് പോലുള്ള ഭക്ഷണങ്ങൾ കുഞ്ഞുങ്ങൾക്ക് കൊടുക്കാം. ഒമ്പതു മാസം ആകുമ്പോൾ മുട്ടയുടെ മഞ്ഞ, മീൻ, ഇറച്ചി എന്നിവ ക്രമേണ നൽകി തുടങ്ങാം.
മുട്ടയുടെ മഞ്ഞ ദഹിക്കുന്നുണ്ടെങ്കിൽ പിന്നീട് വെള്ളയും നൽകാം. കുഞ്ഞിന് ഗുണനിലവാരമുള്ള പ്രോട്ടീൻ ലഭിച്ചാൽ മാത്രമേ ശരീരവളർച്ച വരികയുള്ളു. പഴവർഗങ്ങളും ഇലക്കറികളും ധാരാളം നൽകുക. കുഞ്ഞിന് തൂക്കം കൂടുന്നുണ്ടോയെന്ന് അമ്മമാർ പ്രത്യേകം ശ്രദ്ധിക്കണം. ഒരു വയസ്സാകുമ്പോൾ കുഞ്ഞിന് 10 കി. ഗ്രാം തൂക്കം ഉണ്ടാകണം. കുഞ്ഞുങ്ങൾക്ക് നൽകാവുന്ന ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
1. ഞാലിപൂവൻ പഴം
എളുപ്പം ദഹിക്കുകയും പോഷകസമൃദ്ധവുമാണ് ഞാലിപൂവൻ പഴം. കുഞ്ഞിന് ഇറക്കാനും ബുദ്ധിമുട്ട് ഉണ്ടാകില്ല. മൂക്കൊലിപ്പ് പോലുള്ള അസ്വസ്ഥതകളുള്ളപ്പോൾ പഴം കൊടുക്കാതിരിക്കുന്നതാണ് നല്ലത്.
2. പഴച്ചാറുകൾ
കഴിവതും സീസണലായിട്ടുളള പഴച്ചാറുകൾ നൽകുക. ഒാറഞ്ച് നീര് ഒരു പരിധി വരെ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഉത്തമമാണ്. ഇവ കൈ കൊണ്ട് പിഴിഞ്ഞ് അരിച്ചെടുത്ത് നൽകുന്നതായിരിക്കും കൂടുതൽ നല്ലത്. മുന്തിരി പോലുള്ള ഫലവർഗങ്ങൾ ചെറു ചൂടുവെള്ളത്തിൽ ഉപ്പിട്ട് കഴുകി മാത്രമേ ഉപയോഗിക്കാവൂ. ആപ്പിളിന്റെ തൊലി കളഞ്ഞ് മാർദവമായ ഭാഗം സ്പൂൺ വച്ച് ഇളക്കി കൊടുക്കാവുന്നതാണ്.
3. കുറുക്കുകൾ
നേന്ത്രക്കായ ഉണങ്ങിപ്പൊടിച്ചതിൽ പനം കൽക്കണ്ട് ചേർത്ത് കുറുക്കി കൊടുക്കുന്നത് ഏറെ നല്ലതാണ് . പഞ്ചസാര കഴിവതും ഒഴിവാക്കുക. കുഞ്ഞിന് മലബന്ധമുണ്ടെങ്കിൽ അൽപം നെയ്യ് ചേർത്ത് നൽകാവുന്നതാണ്. പുറത്ത് നിന്നുള്ള പാക്കറ്റ് വാങ്ങുന്നതിനെക്കാൾ നല്ലത് നേന്ത്രക്കായ വീട്ടിൽ തന്നെ ഉണക്കിയെടുത്ത് പൊടിച്ച് ഉപയോഗിക്കുന്നതാണ്. കൂവരക് കുറുക്ക് കൊടുക്കുന്നതും വളരെ നല്ലതാണ്. കൂവരക് ശർക്കരയോ പനം കൽക്കണ്ടോ ചേർത്ത് കൊടുക്കാം.
4. പച്ചക്കറികൾ
ഉരുളക്കിഴങ്ങ്, കാരറ്റ്, ബീറ്റ്റൂട്ട് എന്നിവ പുഴുങ്ങി ഉടച്ചു നൽകുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. പച്ചക്കറികൾ സൂപ്പായി വേണമെങ്കിലും നൽകാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam