
ഭക്ഷണം കേടുവരാതെ സുരക്ഷിതമായി സൂക്ഷിക്കാൻ നമ്മൾ ഫ്രിഡ്ജ് ഉപയോഗിക്കാറുണ്ട്. ചൂട് കൂടുമ്പോൾ ഫ്രിഡ്ജിന്റെ ഉപയോഗവും കൂടുന്നു. എന്നാൽ എല്ലാത്തരം ഭക്ഷണ സാധനങ്ങളും ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് നല്ലതല്ല. ചില പഴങ്ങൾ നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ പെട്ടെന്ന് കേടാകുന്നു. പഴങ്ങളുടെ ഘടനയിലും നിറത്തിലും രുചിയിലും എല്ലാം മാറ്റങ്ങൾ സംഭവിക്കുന്നു. ഈ പഴങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കരുത്.
പഴം
പഴം ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല. കാരണം ഇതിൽ അമിതമായി തണുപ്പടിക്കുമ്പോൾ തൊലിയുടെ നിറം കറുക്കുകയും രുചിയിൽ മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. കൂടാതെ പഴത്തിലുണ്ടാകുന്ന ഈർപ്പം ഫ്രിഡ്ജിലെ തണുപ്പുമായി പ്രതിപ്രവർത്തനം ഉണ്ടായി പഴം കേടാവുകയും ചെയ്യും.
തക്കാളി
തക്കാളി ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. ഇത് റൂം ടെമ്പറേച്ചറിൽ സൂക്ഷിക്കുന്നതാണ് നല്ലത്. തണുപ്പ് ഏൽക്കുമ്പോൾ തക്കാളിയുടെ രുചി നഷ്ടപ്പെടുകയും ഘടന മാറുകയും ചെയ്യുന്നു. തക്കാളി എപ്പോഴും ഫ്രഷായി സൂക്ഷിക്കുന്നതാണ് നല്ലത്.
പീച്ച്
പീച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് അതിന്റെ രുചിയിൽ മാറ്റങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു. ഇതിൽ സ്വാഭാവിക മധുരവും വെള്ളവും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ തണുപ്പ് വർധിക്കുമ്പോൾ ഇത് ഐസായി മാറുകയും രുചി നഷ്ടപ്പെടുകയും ചെയ്യുന്നു.
വെള്ളരി
വെള്ളരി ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല. ഇതിൽ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ തണുക്കുമ്പോൾ ഇതിന്റെ ഗുണത്തിലും രുചിയിലും മാറ്റം ഉണ്ടാകുന്നു.
പപ്പായ
പപ്പായ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് അതിന്റെ രുചിയേയും ഘടനയെയും ബാധിക്കുന്നു. ദീർഘനേരം തണുപ്പിൽ സൂക്ഷിച്ചാൽ ഇത് പെട്ടെന്ന് കേടായിപ്പോകുന്നു. പിന്നീട് ഇത് കഴിക്കാൻ സാധിക്കാതെ ആകും.